റാണിപുരം വിളിക്കുന്നു; കുറഞ്ഞ ചെലവിലൊരു മൺസൂൺ ട്രെക്കിങ്

ranipuram kasaragod tripupdates

കാസർകോട് ജില്ലയിലെ റാണിപുരം കുന്നുകൾ മൺസൂൺ മഴയിൽ പച്ചപ്പണിഞ്ഞ് അതിമനോഹരിയായി മാറിയിരിക്കുന്നു. കോടമഞ്ഞും നൂൽമഴയും ആസ്വദിക്കാൻ റാണിപുരം കുന്നുകയറുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു വരികയാണ്. ഈ സീസണിലാണ് ഇവിടെ ഏറ്റവും കൂടുതൽ പേരെത്തുന്നത്. വരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ ദിവസങ്ങൾക്കു പുറമെ മറ്റു ദിവസങ്ങളിലും ഇപ്പോൾ ഏറെ പേർ എത്തുന്നുണ്ട്. അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നുള്ളവരാണ് ഇവിടെ എത്തുന്ന സന്ദർശകരിൽ ഏറിയ പങ്കും.

മൺസൂൺ ആസ്വദിച്ചുള്ള ട്രക്കിങും മഴ നടത്തവുമാണ് ഈ സീസണിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആക്ടിവിറ്റികൾ. സുരക്ഷിത ട്രക്കിങിന് പറ്റിയ ഇടം എന്നതാണ് റാണിപുരം കുന്നുകളുടെ ആകർഷണം. കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും ഏറേ പേർ കുടുംബ സമേതം ട്രക്കിനായി തിരഞ്ഞെടുക്കുന്ന ഇടം കൂടിയാണിത്. ഒറ്റയ്ക്കും സുരക്ഷിതവുമായി എത്താവുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന പേരും റാണിപുരത്തിനുണ്ട്.

രാവിലെ എട്ടു മണി മുതൽ വനം വകുപ്പ് കൗണ്ടറിൽ നിന്നും ടിക്കറ്റ് വിതരണം ആരംഭിക്കും. വൈകിട്ട് 5.30 ആണ് തിരിച്ചിറങ്ങാനുള്ള സമയം. വനം വകുപ്പിന് കീഴിലുള്ള ഈ ഇക്കോ ടൂറിസം കേന്ദ്രത്തിൽ 50 രൂപയാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 20 രൂപ. പ്ലാസ്റ്റിക് ഉപയോഗത്തിന് കർശന നിയന്ത്രണമുണ്ട്. റാണിപുരത്ത് ഡി‍ടിപിസി ക്വാർട്ടേഴ്സും ഉണ്ട്. ഫോൺ നമ്പർ: 0467 2227755.

മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ദൂരം ട്രെക്കിങ്ങ്‌ പാതയുണ്ട്‌. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ പനത്തടിയിലെത്തിയും പാണത്തൂരില്‍നിന്നും റാണിപുരത്തെത്താം. പനത്തടിയില്‍ നിന്നും 10 കിലോമീറ്ററാണ് ദൂരം. കാഞ്ഞങ്ങാട് നിന്നും രാവിലെ എട്ടിനും ഉച്ചകഴിഞ്ഞ് 2.40-നും രണ്ട് KSRTC ബസ് സർവീസുകളുണ്ട്. പനത്തടിയില്‍നിന്നും ഓട്ടോ, ജീപ്പ് ടാക്സികളും ലഭിക്കും. വനസംരക്ഷണ സമിതിയുടെ വാച്ചർമാരാണ് സഞ്ചാരികളെ നിയന്ത്രിക്കുന്നത്. ആവശ്യമായ സഹായങ്ങൾക്ക് വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും മലമുകളിലുണ്ടാകും.

കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെയാണ് റാണിപുരം. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ്. മുമ്പ്‌ മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം നിത്യഹരിത ചോലവനങ്ങളും വിശാലമായ പുല്‍മേടുകളും നിറഞ്ഞതാണ്‌. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളില്‍ മിക്കവയും നിറഞ്ഞ ഈ പ്രദേശം ഉള്‍പ്പെടുത്തി റാണിപുരം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞു. ആന, പുലി, കാട്ടുപന്നി, കുരങ്ങ്‌, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂര്‍വ ഔഷധ സസ്യങ്ങളുമെല്ലാം അധിവസിക്കുന്ന റാണിപുരത്തിനോടു ചേര്‍ന്നാണ്‌ കര്‍ണാടകത്തിലെ കൂര്‍ഗ്‌ മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും ഉളളത്‌. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസികപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്‌.

Legal permission needed