കാസറഗോഡ്. താത്കാലികമായി അടച്ചിട്ട കാസർഗോഡ് ജില്ലയിലെ റാണിപുരം ഇക്കോ ടൂറിസം സെന്റര്‍ വീണ്ടും തുറന്നു. ജലദൗര്‍ലഭ്യം പരിഹരിച്ച് കേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റാണിപുരം ടൂറിസം കേന്ദ്രം ഇന്നലെ മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു നൽകിയത്.
റാണിപുരം കുന്നുകള്‍
കേരളത്തിന്റെ വടക്കേയറ്റത്തെ വിനോദ സഞ്ചാരികളുടെ ഒരു ലക്ഷ്യമാണ് റാണിപുരം. കടല്‍ നിരപ്പില്‍ നിന്ന് 750 മീറ്റര്‍ ഉയരത്തിലുള്ള കുന്നിന്‍ പ്രദേശമാണിത്. ഇടക്ക് കാട്ടാനകള്‍ ഇറങ്ങാനിടയുള്ള, സഞ്ചാരികള്‍ക്കും, ഉല്ലാസയാത്രികര്‍ക്കും യോജിച്ച സ്ഥലം. കര്‍ണ്ണാടകയോടു ചേര്‍ന്നു കിടക്കുന്ന മടത്തുമല എന്ന് അറിയപ്പെടുന്ന വനപ്രദേശമാണിത്. മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന കുന്നിന്‍ നിരകളാണ് റാണിപുരത്ത്. സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ ബസ്സ് സൗകര്യം ലഭ്യമാണ്. ജീപ്പില്‍ മലവഴികളിലൂടെ യാത്രയും ആനന്ദകരമാണ്.
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടു നിന്ന് 43 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. റാണിപുരമാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. മുമ്പ് മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം നിത്യഹരിത ചോലവനങ്ങളും വിശാലമായ പുല്‍മേടുകളും നിറഞ്ഞതാണ്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളില്‍ മിക്കവയും ഉൾക്കൊള്ളുന്ന ഈ പ്രദേശം ഉള്‍പ്പെടുത്തി റാണിപുരം വന്യജീവി സങ്കേതമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ആന, പുലി, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും അസംഖ്യം കിളികളും ചിത്രശലഭങ്ങളും അപൂര്‍വ ഔഷധ സസ്യങ്ങളുമെല്ലാം അധിവസിക്കുന്ന റാണിപുരത്തിനോടു ചേര്‍ന്നാണ് കര്‍ണാടകത്തിലെ കൂര്‍ഗ് മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും സ്ഥിതിചെയ്യുന്നത്. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ദൂരം ട്രെക്കിങ്ങ് പാതയുണ്ട്. കാഞ്ഞങ്ങാടു നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തെത്താം. സഞ്ചാരികള്‍ക്കായി ഇവിടെ ഡിടിപിസിയുടെ താമസസൗകര്യവും ലഭ്യമാണ്.
താമസം
ഡി.ടി.പി.സി. കോട്ടേജുകള്‍
എങ്ങനെ എത്താം
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കാഞ്ഞങ്ങാട്,  45 കി. മീ.
അടുത്തുളള വിമാനത്താവളം : മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളം,  125 കി. മീ.
