ജയ്പൂര്‍. വിനോദ സഞ്ചാരികള്‍ക്കായുള്ള രാജസ്ഥാനിലെ പ്രഥമ പൈതൃക ട്രെയിന്‍ സര്‍വീസ് Valley Queen Heritage Train ഈ മാസം മുതല്‍ ഓടിത്തുടങ്ങിയിരിക്കുന്നു. പാലി ജില്ലയിലെ പൈതൃക പാതയായ മര്‍വാര്‍ ജങ്ഷനില്‍ നിന്ന് ഖംലിഘട്ട് വരെയാണ് വിനോദ സഞ്ചാരികള്‍ക്കു വേണ്ടി വാലി ക്വീന്‍ ഹെരിറ്റേജ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. പൈതൃക സര്‍വീസാണെങ്കിലും ഇതൊരു പഴയ ട്രെയിനല്ല. 150 വര്‍ഷം പഴക്കമുള്ള, ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തുന്ന ആവി എഞ്ചിന്‍ മാതൃകയിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്.
പൂര്‍ണമായും ശീതികരിച്ച, 60 സീറ്റുള്ള വിസ്റ്റഡോം കോച്ചാണ് ഈ ട്രെയിനിലുള്ളത്. മനോഹരമായി അലങ്കരിച്ച ഈ കോച്ചിന് പുറംകാഴ്ചകള്‍ നന്നായി കണ്ടാസ്വദിക്കാവുന്ന രീതിയിലുള്ള വലിയ ഗ്ലാസുകളാണ് ഇരുവശത്തും നല്‍കിയിരിക്കുന്നത്. ആരവല്ലി മലനിരകളുടേയും താഴ് വരയുടേയും മനോഹാരിത ആസ്വദിച്ച് യാത്ര ചെയ്യാം.
യാത്രാ നിരക്കും റൂട്ടും ഇങ്ങനെ
ഒക്ടോബര്‍ അഞ്ചിന് സര്‍വീസ് ആരംഭിച്ച വാലി ക്വീന്‍ ഹെരിറ്റേജ് ട്രെയിനിന് ആഴ്ചയില്‍ നാലു സര്‍വീസുകള്‍ മാത്രമാണുള്ളത്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഈ സര്‍വീസുകള്‍. മര്‍വാര്‍ ജങ്ഷനില്‍ നിന്ന് രാവിലെ 8.30ന് യാത്രയാരംഭിച്ച് 11 മണിയോടെ കംലിഘട്ട് സ്റ്റേഷനിലെത്തും. ഈ യാത്രയില്‍ ഫുലാദ്, ഗോരം ഘട്ട് സ്റ്റേഷനുകളില്‍ 10 മുതല്‍ 15 മിനിറ്റ് വരെ നിര്‍ത്തിയിടും. വൈകീട്ട് മൂന്ന് മണിക്കാണ് കംലിഘട്ടില്‍ നിന്ന് തിരിച്ചുള്ള യാത്ര. 5.40ന് മര്‍വാര്‍ ജങ്ഷനിലെത്തും. ഈ രണ്ടു യാത്രകള്‍ക്കുമായി ഒരാള്‍ക്ക് 1900 രൂപയാണ് ടിക്കറ്റ് നിരക്ക്. കംലിഘട്ട് സ്റ്റേഷനില്‍ നിന്ന് സ്വന്തം ചെലവില്‍ ഭക്ഷണം കഴിക്കാം.
പ്രധാന കാഴ്ചകള്‍
മര്‍വാറില്‍ നിന്നും കംലിഘട്ട് വരെയുള്ള പാതയില്‍ 143 വളവുകളും 13 കൊടും വളവുകളുമുണ്ട്. ഈ യാത്രയുടെ 15 കിലോമീറ്റര്‍ ദൂരം കടന്നു പോകന്നത് തോഡ്ഘഡ് റവാലി വന്യജീവിസങ്കേതത്തിലൂടെയാണ്. ഇതൊരു മികച്ച അനുഭവമായിരിക്കും. ഭാഗ്യമുണ്ടെങ്കില്‍ പുള്ളിപ്പുലി, കരടി, മാന്‍ എന്നിവയെ കാണാം. രാജസ്ഥാനിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ ഭില്‍-ബെരി വെള്ളച്ചാട്ടവും ഈ യാത്രയില്‍ കാണാം. ഈ യാത്രയില്‍ ഒരു യു-ടേണു ഉണ്ട്. രാജസ്ഥാനിലെ മിനി കശ്മീര്‍ എന്നറിയപ്പെടുന്ന ഗോരം ഘട്ടിന്റെ അതിമനോഹര കാഴ്ചയും ഈ യാത്രയുടെ സവിശേഷതയാണ്. നോർത്ത് വെസ്റ്റേൺ റെയിൽവേയാണ് (North Western Railway) ഈ സർവീസ് നടത്തുന്നത്.