പഴയ പാമ്പന്‍ പാലത്തിലൂടെ ഇനി ട്രെയ്ന്‍ ഓടില്ല

നൂറ്റാണ്ട് പഴക്കമുള്ള പൈതൃക റെയില്‍പാതയായ രാമേശ്വരം പഴയ പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയ്ന്‍ ഗതാഗതം എന്നന്നേക്കുമായി നിര്‍ത്തിവച്ചതായി സതേണ്‍ റെയില്‍വേ അറിയിച്ചു. പഴക്കമേറിയ റെയില്‍ ബ്രിജിന്റെ സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്താണ് തീരുമാനം. രാമേശ്വരം പാമ്പന്‍ ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. പണി പുരോഗമിക്കുന്ന പുതിയ പാലം ഈ വര്‍ഷം ജൂലൈയില്‍ പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ സീ ബ്രിജാണിത്. റെയില്‍ വികാസ് നിഗം ലിമിറ്റഡ് 535 കോടി രൂപ ചെലവിലാണ് ഈ കടല്‍ റെയില്‍ പാലം നിര്‍മിക്കുന്നത്.

പഴയ പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ മാസങ്ങളെടുക്കും. ജൂലൈയില്‍ പുതിയ പാലം തുറക്കുന്നതിനാല്‍ പഴയ പാലം അറ്റക്കുറ്റപണി നടത്തേണ്ടതില്ലെന്നാണ് തീരുമാനം. പുതിയ പാലം തുറക്കുന്നതു വരെ ട്രെയ്ന്‍ ഗതാഗതം മണ്ഡപം സ്റ്റേഷന്‍ വരെ താല്‍ക്കാലികമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

പഴയ പാലത്തിന്റെ സുരക്ഷാ നിരീക്ഷണത്തിനായി മദ്രാസ് ഐഐടി നിര്‍മിച്ച പ്രത്യേക സെന്‍സറുകള്‍ പാലത്തില്‍ സ്ഥാപിച്ചിരുന്നു. അസാധാരണ കുലുക്കമോ ഇളക്കമോ ഉണ്ടാകുമ്പോള്‍ കൃത്യമായി മുന്നറിയിപ്പ് നല്‍കുന്ന ഈ സംവിധാനത്തില്‍ നിന്ന് ഡിസംബറില്‍ രണ്ട് തവണ റെഡ് അലെര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്ന് ട്രെയ്ന്‍ ഗതാഗതം നിര്‍ത്തിവെക്കുകയായിരുന്നു. ഇനി പാലത്തില്‍ ട്രെയ്ന്‍ ഓടിക്കില്ലെന്ന് മധുരൈ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പി ആനന്ദ് പറഞ്ഞു.

One thought on “പഴയ പാമ്പന്‍ പാലത്തിലൂടെ ഇനി ട്രെയ്ന്‍ ഓടില്ല

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed