വേനലവധി കാലമായതിനാൽ ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. ഒന്നോ രണ്ടോ ദിവസം അവിടെ ചിലവിട്ട ശേഷം മടങ്ങുന്ന സഞ്ചാരികളും ഏറെയാണ്. റോഡുകളിൽ രണ്ടു ദിശയിലും വാഹനങ്ങളുടെ ബാഹുല്യമുണ്ട്. ഇതുകാരണം മസിനഗുഡി-ഊട്ടി, വഴിക്കടവ്-നാടുകാണി-ഗൂഡല്ലൂർ-ഊട്ടി തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം നല്ല ഗതാഗതക്കുരുക്കുണ്ട്. നാടുകാണി ചുരത്തിൽ തിരക്കിന് പ്രധാന കാരണങ്ങളിലൊന്ന് വാഹനങ്ങൾ തടഞ്ഞുള്ള ടോൾ പിരിവാണ്. പലയിടത്തും ഏറെ സമയം കാത്തിരിക്കേണ്ടി വരുന്നു. തിരക്ക് നിയന്ത്രിക്കാൻ തമിഴ്നാട് ട്രാഫിക് പൊലീസും രംഗത്തുണ്ട്. വാഹനങ്ങളെ തിരക്കില്ലാത്ത മറ്റു റോഡുകളിലേക്ക് വഴി തിരിച്ചു വിടുന്നുണ്ട്. ചിലയിടങ്ങളിൽ റോഡ്, പാലം പണികൾ നടക്കുന്നതിനാൽ ട്രാഫിക് നിയന്ത്രണങ്ങളുണ്ട്. ഒരു സമയം ഒരു ദിശയിൽ മാത്രമെ വാഹനങ്ങൾ കടത്തി വിടുന്നുള്ളൂ.
തിരക്കുള്ള സമയങ്ങളിൽ യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ഈ മുൻകരുതലുകൾ ഉണ്ടെങ്കിൽ വിനോദ യാത്ര സുഗമമാക്കാം.
- പരമാവധി മൂന്ന് മണിക്കൂറെങ്കിലും നേരത്തെ പുറപ്പെടുക.
- വെക്കേഷൻ സീസൺ ആയതിനാൽ ഊട്ടി, മസിനഗുഡി, കൊടൈക്കനാൽ, മൂന്നാർ, വയനാട് എന്നിവിടങ്ങളിലെല്ലാം റിസോർട്ടുകളിലും ഹോം സ്റ്റേകളിലും ഉടൻ താമസം ലഭിച്ചെന്നു വരില്ല. യാത്രയ്ക്കു മുൻപ് മുൻകൂട്ടി ബൂക്ക് ചെയ്യുക.
- വൺ ഡേ ട്രിപ്പാണെങ്കിൽ ഉച്ചഭക്ഷണം പാകം ചെയ്ത് കൂടെ കരുതാം. അല്ലെങ്കിൽ വഴിയിൽ അറിയുന്ന ഭക്ഷണശാലകളിൽ മുൻകൂട്ടി ഓർഡർ ചെയ്യാം.
- കുടിവെള്ളവും വെള്ളവും അത്യാവശ്യത്തിനുള്ള സ്നാക്സും കരുതുക.
- പ്ലാസ്റ്റിക് നിരോധിത മേഖലയാണ് നീലഗിരി. സാധാരണ ഉപയോഗിക്കുന്ന ചെറിയ ബോട്ടിൽ വെള്ളക്കുപ്പികൾ കയ്യിൽ സൂക്ഷിക്കരുത്. ഇത്തരം ബോട്ടിലുകൾ വാഹനത്തിൽ കണ്ടാൽ 1000 പിഴ അടക്കേണ്ടി വരും. അഞ്ച്, പത്ത്, ലിറ്റർ ശേഷിയുള്ള കാനിൽ വെള്ളം സൂക്ഷിക്കുക.
- പെട്രോൾ പമ്പുകൾ വളരെ കുറവാണ്. പലയിടത്തും വഴി തിരിച്ചു വിടുന്നതിനാൽ അധിക ദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം. ഈ ആവശ്യത്തിനു കൂടിയുള്ള ഇന്ധനം വാഹനത്തിൽ ഉറപ്പു വരുത്തുക. ഇന്ധനം കാനിൽ നിറച്ച് വാഹനത്തിനുള്ളിൽ ഒരിക്കലും സൂക്ഷിക്കരുത്.
- സീസൺ സമയങ്ങളിൽ നിശ്ചിത എണ്ണം ടൂറിസ്റ്റ് സ്പോർട്ടുകൾ മാത്രമായി പ്ലാൻ ചെയ്യുക. കൂടുതൽ സ്ഥലങ്ങൾ പ്ലാൻ ചെയ്താൽ എല്ലായിടത്തും എത്തിച്ചേരാൻ പറ്റിയില്ലെന്നു വരാം. രണ്ടോ മൂന്നോ ദിവസത്തേക്കും പ്ലാൻ ചെയ്യാം. ഊട്ടിയിൽ ഒട്ടേറെ വിനോദ കേന്ദ്രങ്ങളുണ്ട്. എല്ലായിടത്തും ഒരു ദിവസം കൊണ്ട് എത്താൻ കഴിഞ്ഞെന്നു വരില്ല.
- യാത്രകൾക്ക് പൊതുഗതാഗത സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. KSRTC യുടേയും തമിഴ്നാട് സർക്കാർ ബസുകളും ഉപയോഗിക്കാം.
- റോഡിൽ ക്ഷമ കാണിക്കുക. ഗതാഗതക്കുരുക്കിൽ നിരയായി കിടക്കുന്ന വാഹനങ്ങളെ മറികടക്കാൻ ദിശ തെറ്റിച്ച് മുന്നിലേക്ക് കയറാതിരിക്കുക. ഇത് കൂടുതൽ കുരുക്കുണ്ടാക്കുക മാത്രമല്ല, മറ്റു യാത്രികളെ വളരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.
- അധികൃതർ നിർദേശിക്കുന്ന പാതകൾ മാത്രം തിരഞ്ഞെടുക്കുക. സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക, റോഡിലെ തിരക്കുകൾ താൽക്കാലികം മാത്രമാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് ക്ഷമയോടെ ഡ്രൈവ് ചെയ്യുക. തിടുക്കം ഒഴിവാക്കുക.