എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് മുഴുസമയം കുടുംബത്തോടൊപ്പം ഒരു വണ്‍ഡേ ട്രിപ്പ് (One Day Trip) എങ്കിലും പോകാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്? കേരളത്തിലുടനീളം ഇങ്ങനെ ഒറ്റ ദിവസം കൊണ്ട് സന്ദര്‍ശിക്കാവുന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവയില്‍ ഏതാനും ഇടങ്ങളെ ഒന്നു നോക്കാം.
ആക്കുളം ടൂറിസ്റ്റ് വില്ലേജ്
തിരുവനന്തപുരത്ത് എത്തുന്നവരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമായി മാറിയിരിക്കുന്നു ആക്കുളം. കായലും പ്രകൃതി രമണീയമായ ചുറ്റുപാടുകളും ഈ പ്രദേശത്തെ അതിമനോഹര പിക്‌നിക് സ്പോട്ടാക്കി മാറ്റുന്നു. കായലോരത്തായി ആക്കുളം ടൂറിസ്റ്റ് വില്ലേജുണ്ട്. ജില്ലയിലെ ആദ്യ സാഹസിക വിനോദ കേന്ദ്രം കൂടിയാണിത്. സ്‌കൈ സൈക്ലിങ്, സിപ് ലൈന്‍, ബലൂണ്‍ കാസില്‍, ബര്‍മാ ബ്രിജ്, തുടങ്ങി ഒട്ടേറെ വിനോദങ്ങളുണ്ടിവിടെ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇടമാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 10 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
മൃഗശാലയും മ്യൂസിയവും
ഇന്ത്യയിലെ ഏറ്റവും മികച്ച മൃഗശാലകളിലൊന്നാണ് തിരുവനന്തപുരം മൃഗശാല. പക്ഷിമൃഗാദികളെ സ്വാഭാവിക ആവാസവ്യവസ്ഥയിലാണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. മൃഗശാലയക്കു സമീപത്തുള്ള വലിയ കൊട്ടാരം മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു. പുരാവസ്തുക്കളും പഴയകാല ശേഷിപ്പുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
തെന്മല
ഇന്ത്യയിലെ ആദ്യ ആസൂത്രിത ടൂറിസം കേന്ദ്രമാണ് തെന്മല. കൊല്ലം ജില്ലയിലെ പശ്ചിമഘട്ട മലനിരകളുടെ താഴ്വരകളിലാണ് തെൻമല സ്ഥിതിചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ തെന്മല പ്രകൃതി സൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരമൊരുക്കുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഇവിടത്തെ പ്രധാന ആകർഷണം മനോഹരമായ പച്ച പുൽമേടുകളും, ബട്ടർഫ്ലൈ സഫാരിയുമാണ്. ട്രെക്കിങ്, ഹൈക്കിങ്, രാത്രി ക്യാമ്പിംഗ് തുടങ്ങി സാഹസിക വിനോദങ്ങളും തെന്മലയില്‍ ആസ്വദിക്കാം.
ആലപ്പുഴ
ഒറ്റ ദിവസം കൊണ്ട് കണ്ടുതീർക്കാവുന്ന ഒട്ടേറെ ഇടങ്ങൾ കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിലുണ്ട്. കടൽ തീരങ്ങളും കായലുകളുമാണ് ഏറെ പേരും ആസ്വദിക്കാനെത്തുന്നത്. കുട്ടനാടൻ വിഭവങ്ങൾ രുചിച്ചും ഹൗസ് ബോട്ടുകളിലും ശിക്കാരകളിലും കായൽ ഭംഗി ആസ്വദിച്ചുള്ള യാത്രയുമെല്ലാമാണ് ഇവിടത്തെ സവിശേഷത. എന്നാൽ ഒറ്റദിവസം കൊണ്ട് കാണാവുന്ന മറ്റിടങ്ങൾ കൂടി ഇവിടെയുണ്ട്. അതിലൊന്നാണ് കൃഷ്ണപുരം കൊട്ടാരം. മാർത്താണ്ഡവർമ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് കായംകുളം രാജാവിൽ നിന്ന് പിടിച്ചെടുത്ത കോട്ടകൾ ഇടിച്ചു നിരത്തി നിർമ്മിച്ചതാണീ കൊട്ടാരം. പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ചെറുരൂപമാണിത്. മറ്റൊരിടമാണ് തോട്ടപ്പള്ളി ബീച്ച്. വേമ്പനാട്ടു കായലിലേയും പമ്പ, അച്ചൻകോവിലാർ നദികളിലേയും വെള്ളം സ്പിൽവേ കനാൽ വഴി തോട്ടപ്പള്ളി പൊഴിയിലൂടെ അറബിക്കടലിലേക്കു ചേരുന്ന ഭാഗമാണ് ഈ മനോഹര ബീച്ച്. സഞ്ചാരികൾക്കായി ഒരു പാർക്കും ഉണ്ടിവിടെ.
ഹിൽ പാലസും ഫോർട്ട് കൊച്ചിയും
കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രവുമായിരുന്നു 1865-ൽ തൃപ്പൂണിത്തറയിൽ പണികഴിപ്പിച്ച ഹിൽ പാലസ്. 54 ഏക്കറിൽ തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിറ്റേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധസസ്യങ്ങളുണ്ട്. ഇപ്പോൾ മ്യൂസിയമാക്കപ്പെട്ട ഹിൽ പാലസിൽ തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. കൊച്ചിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഹിൽ പാലസ്. 1980-ൽ കൊച്ചി രാജകുടുംബം ഈ കൊട്ടാരം കേരള സർക്കാറിനു കൈമാറി. പിന്നീട് പുരാവസ്തു വകുപ്പിന്റെ കീഴിലായ ഹിൽ പാലസ് 1986 മ്യൂസിയമാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 1991-ലാണ് മ്യൂസിയം തുറന്നു പ്രവർത്തനമാരംഭിച്ചത്. നിലവിലിവിടെ 11 ഗാലറികളുണ്ട്. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, തുടങ്ങീ നിരവധി വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.
കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി. എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ് മാർഗ്ഗം 12 കി.മീ അകലെയാണിത്. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി), ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്.
അതിരപ്പിള്ളി വെള്ളച്ചാട്ടം
‘കേരളത്തിലെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നതും ഏറെ നയനമനോഹരവുമായ വെള്ളച്ചാട്ടമാണിത്. മൺസൂൺ മഴയ്ക്കു ശേഷമാണ് ഈ വെള്ളച്ചാട്ടം അതിന്റെ വശ്യമനോഹാരിത പൂർണമായും എടുത്തണിയുന്നത്. ഓണക്കാലം നല്ല സമയമാണ്. ഷോളയാർ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. അതിരപ്പിള്ളിയിൽനിന്നും കഷ്ടി അഞ്ചു കിലോമീറ്റർ അകലെയാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ റൂട്ടിലൂടെയുള്ള യാത്ര മറ്റൊരു അനുഭവമാണ്. ചടുലതാളമാണ് അതിരപ്പിള്ളിക്ക് എങ്കില്‍ ആരെയും മയക്കുന്ന മദാലസഭാവമാണ് വാഴച്ചാലിന്. ഹരിതസമൃദ്ധിയാൽ അനുഗ്രഹീതമാണ് ചുറ്റുവട്ടം. വംശനാശം നേരിടുന്ന നാല് തരം വേഴാമ്പലുകൾ വാഴച്ചാൽ വനങ്ങളിലെ അന്തേവാസികളാണ്. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ.
കൊല്ലങ്കോട്
പാലക്കാടന്‍ ഗ്രാമീണ ഭംഗി അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാവുന്ന ഗ്രാമമാണ് കൊല്ലങ്കോട്. നെല്ലിയാമ്പതി മലനിരകളുടെ മടിത്തട്ടില്‍ പച്ചപ്പണിഞ്ഞ് ശാന്തമായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സന്ദര്‍ശകരെ കുറച്ചുകാലമായി മാടിവിളിച്ചുകൊണ്ടിരിക്കുന്നു. ഏതൊരു വിനോദ സഞ്ചാരിയുടെയും ആത്മാവിനെ സാന്ത്വനിപ്പിക്കുന്ന ഒരു അനുഭൂതി ഇവിടെ അനുഭവിച്ചറിയാം. കളേഴ്‌സ് ഓഫ് ഭാരത് എന്ന സോഷ്യല്‍ മീഡിയ സംരംഭം ഈയിടെ തയാറാക്കിയ ഇന്ത്യയിലെ 10 അതി മനോഹര ഗ്രാമങ്ങളുടെ പട്ടികയില്‍ കൊല്ലങ്കോട് ഇടംപിടിച്ചിരുന്നു. ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സീതാര്‍കുണ്ട് വെള്ളച്ചാട്ടം, ചെല്ലന്‍ ചേട്ടന്റെ ചായക്കട, കൊങ്കോട് കൊട്ടാരം, ഗോവിന്ദമാല മലനിര, ഗായത്രിപ്പുഴ, പരമ്പരാഗത വീടുകള്‍, അഗ്രഹാരങ്ങള്‍, നയനമനോഹരമായ പച്ചപുതച്ച് കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന നെല്‍പ്പാടങ്ങള്‍ തുടങ്ങി കാഴ്ചകല്‍ പലതുണ്ട് ഇവിടെ.
നിലമ്പൂര്‍
കാടും തേക്കുമരങ്ങളുമാണ് നിലമ്പൂരിന്റെ പെരുമ. കനോലി പ്ലോട്ട് ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള തേക്കിന്‍ തോട്ടമാണ്. ഈ തോട്ടത്തിലേക്ക് പ്രവേശിക്കാന്‍ ചാലിയാര്‍ പുഴയുടെ കുറുകെയുള്ള തൂക്കൂപാലം കടക്കണം. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കൂപാലമാണിത്. ട്രെയ്ന്‍ മാര്‍ഗം നിലമ്പൂരിലെത്തുകയാണെങ്കില്‍ നിങ്ങള്‍ കടന്നു വരുന്നത് കേരളത്തിലെ ഏറ്റവും മനോഹരമായ റെയില്‍പാതയിലൂടെ ആയിരിക്കും. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത തന്നെ മികച്ചൊരു ഉല്ലാസ അനുഭവം നല്‍കും. നിലമ്പൂരില്‍ തേക്ക് മ്യൂസിയം, ആഢ്യപാറ വെള്ളച്ചാട്ടം, നെടുങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളുമുണ്ട്.
കക്കയം
കക്കയം വിനോദസഞ്ചാര കേന്ദ്രം വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ്. മലബാർ വന്യ ജീവിസങ്കേതത്തിൽ ഉൾപ്പെട്ട കക്കയം വനം അപൂർവ ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. വനത്തിലൂടെ ചെങ്കുത്തായ പാതയിലൂടെയുള്ള യാത്ര മനം കുളിർപ്പിക്കും. കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്കായി നിർമിച്ച ഡാമാണ് കക്കയത്തെ പ്രധാന ആകർഷണം. ഇവിടെ ബോട്ടിങും ഉണ്ട്. മറ്റൊരു പ്രധാന ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. ഡാംസൈറ്റിൽ നിന്ന് വനമേഖലയിലൂടെ കുറഞ്ഞ ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. കോഴിക്കോട് നഗരത്തിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് കക്കയം.
എൻ ഊര്
താമരശ്ശേരി ചുരം കയറിയാൽ ആദ്യമെത്തുന്ന വയനാട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൂക്കോട് ആണ് എൻ ഊര് ആദിവാസി പൈതൃക ഗ്രാമം. ആദിവാസി സമൂഹങ്ങളുടെ സംസ്കാരവും പാരമ്പര്യവും ഇവിടെ അടുത്തറിയാം. വൈക്കോൽ കൊണ്ട് മേൽക്കൂര കെട്ടിയ പരമ്പരാഗത ആദിവാസി കുടിലുകളുടെ ഒരു കൂട്ടം ഇവിടുത്തെ ആകർഷണമാണ്. കുന്നിൻ മുകളിൽ 25 ഏക്കറിൽ പരന്നുകിടക്കുന്ന ഈ കേന്ദ്രം ഗോത്രവർഗ്ഗക്കാരുടെ പൈതൃകത്തെയും ജീവിതശൈലിയെയും കുറിച്ച് പഠിക്കാനുള്ള സുവർണാവസരം നൽകുന്നു. ഈ ഗ്രാമത്തിൽ ഗോത്ര വിഭവങ്ങളും വിളമ്പുന്ന കഫറ്റീരിയയും ഗോത്ര ഉൽപ്പന്നങ്ങളുടെ വിപണ കേന്ദ്രവുമുണ്ട്. ആദിവാസി കരകൗശലത്തൊഴിലാളികളുടെ സുവനീറുകൾ, സുഗന്ധദ്രവ്യങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ ലഭിക്കും. 300 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ തിയേറ്ററും ഇവിടെ ഉണ്ട്.
മുഴപ്പിലങ്ങാട് ബീച്ച്
കണ്ണൂരിൽ നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട് ബീച്ചാണ് കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്. 5.5 കിലോമീറ്റർ നീളമുള്ള ഈ ബീച്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് കൂടിയാണ്. കുടുംബവുമൊത്ത് സമയം ചെലവിടാൻ ഏറ്റവും സുരക്ഷിതമായ കടൽത്തീരമാണിത്. കയ്യിൽ വാഹനമുണ്ടെങ്കിൽ വേറിട്ടൊരു വൈബായിരിക്കും. ദേശീയ പാത 66നു സമാന്തരമായാണ് ഈ നീണ്ട ബീച്ച്. പാരാഗ്ലൈഡിങ്, പവർ ബോട്ടിങ് പോലുള്ള സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്.
റാണിപുരം കുന്നുകൾ
കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരമാണ് കാസർകോട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. മുമ്പ് മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം നിത്യഹരിത ചോലവനങ്ങളും വിശാലമായ പുല്‍മേടുകളും നിറഞ്ഞതാണ്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന സസ്യജന്തുജാലങ്ങളില്‍ മിക്കവയും ഇവിടെ ഉണ്ട്. റാണിപുരത്തിനോടു ചേര്‍ന്നാണ് കര്‍ണാടകത്തിലെ കൂര്‍ഗ് മലനിരകളും തലക്കാവേരി വന്യജീവി സങ്കേതവും ഉളളത്. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസികപ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണിത്. മലമുകളിലേക്കും തിരിച്ചും അഞ്ചു കിലോമീറ്റര്‍ ദൂരം ട്രെക്കിങ്ങ് പാതയുണ്ട്. കാഞ്ഞങ്ങാടു നിന്നും പനത്തടിയില്‍ നിന്നും റാണിപുരത്തേക്കെത്താം. സഞ്ചാരികള്‍ക്കായി ഇവിടെ ഡിടിപിസിയുടെ താമസസൗകര്യവും ലഭ്യമാണ്.