മൂന്നാർ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) പഴയ മൂന്നാറിൽ പുതുതായി നിർമിച്ച കുട്ടികളുടെ പാർക്കും പുഴയോര നടപ്പാതയും ബുധനാഴ്ച (ഓഗസ്റ്റ് 25) മുതൽ സഞ്ചാരികൾക്കായി തുറക്കും. നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയായ പാർക്ക് ഓണം അവധിക്കാലം വിനോദ സഞ്ചാരികളുടെ തിരക്ക് മുന്നിൽ കണ്ടാണ് തുറക്കുന്നത്. പാർക്കിൽ കുട്ടികളുടെ കളികൾക്കായുള്ള പ്രത്യേക സജ്ജീകരണങ്ങൾ, ഊഞ്ഞാൽ, ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റ്, പൂന്തോട്ടം, വിശ്രമ കേന്ദ്രം എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
മതിരപ്പുഴ തീരത്ത് 450 ദൂരത്തിലാണ് പുഴയോര നടപ്പാത (Riverside Walkway). പഴയ മൂന്നാറിലെ ടേക്ക് എ ബ്രേക്ക് മുതൽ ഹൈറേഞ്ച് ക്ലബ് ആട്ടു പാലം വരെയുള്ള ഈ പാതയിലൂടെ മൂന്നാറിലെ തണുപ്പും പുഴയുടെ സൗന്ദര്യവും ആസ്വദിച്ചു നടക്കാം. 25 രൂപയാണ് പ്രവേശന ഫീസ്. പാതയിലുടനീളം പൂച്ചെടികളും വൈദ്യുത അലങ്കാരങ്ങളും വിശ്രമത്തിനായി മനോഹര ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.