മൂന്നാര്‍-ഉദുമല്‍പേട്ട പാതയില്‍ പുതിയ പാലം വരുന്നു; രാജമലയിലെ ട്രാഫിക് കുരുക്കഴിയും

ഇരവികുളം. മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന ഹൈവേയില്‍ ഇരവികുളം ദേശീയോദ്യാന പരിസരത്തെ പതിവ് ട്രാഫിക്ക് കുരുക്കിന് ശാശ്വത പരിഹാരമാകുന്നു. മൂന്നാര്‍ ടൗണില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ രാജമല അഞ്ചാം മൈലില്‍ പുതിയ സമാന്തര പാലം നിര്‍മ്മിക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് (PWD) തുടക്കമിട്ടു. ഇതിന്റെ ഭാഗമായി മണ്ണു പരിശോധന ആരംഭിച്ചു. വാരാന്ത്യ ദിവസങ്ങളിലും അവധി ദിനങ്ങളിലും രാമജമല അഞ്ചാം മൈലില്‍ ആറു മണിക്കൂര്‍ വരെ നീളുന്ന ട്രാഫിക്ക് കുരുക്കിന് ഇതോടെ പരിഹാരമാകും.

ഇപ്പോൾ ഇരവികുളം ദേശീയോദ്യാനത്തിലേക്കുള്ള (Eravikulam National Park) സന്ദര്‍ശകരുടേയും വിനോദ സഞ്ചാരികളുടേയും വാഹനങ്ങള്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഇവിടെ മണിക്കൂറുകളോളം നീളുന്ന ട്രാഫിക് കുരുക്ക് പതിവാണ്. ഇവിടുത്തെ ട്രാഫിക് കുരുക്ക് മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതിയിലെ വാഹന ഗതാഗതത്തേയും സ്തംഭിപ്പിക്കുന്നു.

ഏഴു മീറ്റര്‍ വീതിയില്‍ പുതിയ പാലം അഞ്ചാം മൈല്‍ വളവിലാണ് നിര്‍മ്മിക്കുക. 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയും ഇതോടൊപ്പം നിര്‍മ്മിക്കും. പാലം പണി പൂര്‍ത്തിയായാല്‍ അന്തര്‍സംസ്ഥാന ഗതാഗതം പുതിയ പാലത്തിലൂടെ തിരിച്ചുവിടും. പഴയ പാലം ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് മാത്രമാകുമെന്നും ദേവികുളം എംഎല്‍എ എ രാജ പറഞ്ഞു.

മണ്ണു പരിശോധന അടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശദമായ പ്രൊജക്ട് റിപോര്‍ട്ട് തയാറാക്കി പാലം നിര്‍മാണവുമായി മുന്നോട്ടു പോകുമെന്ന് പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സൂസന്‍ സാറ സാമുവല്‍ പറഞ്ഞു.

രാജമലയിലൂടെ കടന്ന് പോകുന്ന മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ഇവിടെയുമെത്തുന്നു. നീലഗിരി വരയാടുകളുടെ സ്വാഭാവിക ആവാസ മേഖല കൂടിയാണ് സംരക്ഷിത പ്രദേശം. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറുഞ്ഞി പൂക്കളുടെ കാഴ്ചയുടെ ഈ ദേശീയോദ്യാനത്തിലെ പ്രധാന ആകര്‍ഷണമാണ്. അടുത്ത നീലകുറിഞ്ഞി സീസണ്‍ 2030 വരാനിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ദേശീയോദ്യാനം സന്ദര്‍ശിച്ചത് 5.79 ലക്ഷത്തിലേറെ പേരാണ്. 2006-07 സീസണില്‍ 4.52 ലക്ഷവും 2018-19 സീസണില്‍ 4.44 ലക്ഷം സന്ദര്‍ശകരുമാണ് ഇവിടെ എത്തിയത്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും രണ്ടായിരത്തിനും മുവ്വായിരത്തിനുമിടയില്‍ സന്ദര്‍ശകര്‍ ഇവിടെ എത്തുന്നു.

Legal permission needed