കൊച്ചി. റെയില്‍ ഗതാഗത സൗകര്യമില്ലാത്ത ഇടുക്കി ജില്ലയോട് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ നിന്ന് 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ട്രെയ്ന്‍ സര്‍വീസ് ആരംഭിച്ചു. ഇതോടെ മൂന്നാര്‍ അടക്കം ജില്ലയിലെ പല പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും ട്രെയിന്‍ മാര്‍ഗം വേഗത്തിലെത്തിച്ചേരാം. ബോഡിനായ്ക്കന്നൂരില്‍ നിന്ന് മൂന്നാറിലേക്ക് 69 കിലോമീറ്ററാണ് ദൂരം. ഇതുവരെ 108 കിലോമീറ്റര്‍ അകലെയുള്ള ആലുവയും 140 കിലോമീറ്റര്‍ അകലെയുള്ള കോട്ടയവുമായിരുന്നു മൂന്നാറിന് ഏറ്റവുമടുത്ത റെയില്‍വെ സ്റ്റേഷനുകള്‍.
ബോഡിനായ്ക്കന്നൂര്‍ സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ആരംഭിച്ചതോടെ കുമളി, നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് പ്രദേശങ്ങളിലുള്ളവര്‍ക്കും ചെന്നൈയിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വേഗത്തിലെത്തിച്ചേരാം. ബോഡിനായ്ക്കന്നൂരില്‍ നിന്ന് ആഴ്ചയില്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.30നാണ് ചെന്നൈയിലേക്ക് ട്രെയ്‌നുള്ളത്. ഇത് പുലര്‍ച്ചെ 7.55ന് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തും. ചെന്നൈയില്‍ നിന്ന് തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ബോഡിനായ്ക്കന്നൂരിലേക്കുള്ള സര്‍വീസ്.

ഇടുക്കി ജില്ലയിലെ ടൂറിസം, വാണിജ്യ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ് ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍. സഞ്ചാരികളുടെ പോക്കിനും വരവിനും പുറമെ ഇടുക്കിയിലെ സുഗന്ധവ്യജ്ഞന വ്യാപാരത്തിനും ഇത് ഉത്തേജനമാകും. ഇടുക്കിയില്‍ നിന്നുള്ള ഏലം, കുരുമുളക് എന്നവയുടെ പ്രധാന വിപണി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ്. ഈ ചരക്കുകളുടെ നീക്കത്തിന് ബോഡിനായ്ക്കന്നൂരില്‍ നിന്നുള്ള ട്രെയ്ന്‍ സര്‍വീസ് ഏറെ സഹായകമാകും. സുഗന്ധവ്യജ്ഞനങ്ങള്‍ ഇപ്പോള്‍ ബോഡിനായ്ക്കന്നൂരിലെത്തിച്ച് അവിടെ നിന്ന് ട്രക്കുകളില്‍ റോഡ് മാര്‍ഗമാണ് ദല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥനങ്ങളിലേക്ക് ഇപ്പോള്‍ ചരക്ക് കൊണ്ടു പോകുന്നത്. ചരക്കു നീക്കം ട്രെയ്ന്‍ മാര്‍ഗമാക്കിയാല്‍ ഈ ചെലവ് പകുതി കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു. മാത്രവുമല്ല മൂന്ന് ദിവസത്തിനകം ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യും.