മസ്‌കത്ത്. ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളായ ഒടാക്‌സിയിലും (OTaxi) ഒമാന്‍ ടാക്‌സിയിലും (Oman Taxi) മസ്‌കത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് (Muscat Airport Taxi) യാത്രകള്‍ക്ക് 45 ശതമാനം നിരക്ക് ഇളവ് ലഭിക്കും. നിലവില്‍ സര്‍വീസ് നടത്തി വരുന്ന എയര്‍പോര്‍ട്ട് ടാക്‌സികളുടെ ഉയര്‍ന്ന നിരക്കു കാരണം ലൈസന്‍സില്ലാത്ത നിയമവിരുദ്ധ ടാക്‌സികള്‍ വര്‍ധിച്ചിരുന്നു. ഇതിനു തടയിടാനാണ് പുതുതായി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് അനുമതി നല്‍കുകയും ടാക്‌സി നിരക്കുകള്‍ പകുതിയോളം കുറയ്ക്കുകയും ചെയ്തത്.
പുതിയ നിരക്കു പ്രകാരം 1.5 റിയാല്‍ ആണ് അടിസ്ഥാന നിരക്ക്. അധികമായി ഓരോ കിലോമീറ്ററിനും 250 ബൈസയും ഈടാക്കും. യഥാക്രമം മൂന്ന് റിയാലും 400 ബൈസയുമാണ് നിലവിലെ ടാക്‌സി നിരക്കുകള്‍.
ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് ഇതുവരെ എയര്‍പോര്‍ട്ട് സര്‍വീസ് നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ല. ഓടാക്‌സിയും ഒമാന്‍ ടാക്‌സിയും മാത്രമാണ് പുതുതായി അനുമതി ലഭിച്ച ആപ്പുകള്‍. പുതിയ നിരക്ക് ഇളവും ഈ ആപ്പുകളിലെ ലഭിക്കൂ. നിയമവിരുദ്ധമായ ടാക്‌സി സര്‍വീസ് നടത്തുന്നവരോട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറാനും ഗതാഗത മന്ത്രാലയം (MTCIT) നിര്‍ദേശമുണ്ട്.