മൂന്നാര്‍: അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് തുറന്ന ഇരവികുളം ദേശീയോദ്യാനത്തിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച മാത്രം 3,100 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. അഞ്ചാം മൈലിലെത്തിയ ടൂറിസ്റ്റുകളെ വനംവകുപ്പിന്റെ വാഹനങ്ങളിൽ മലമുകളിലെത്തിച്ചു. വിദേശികളടക്കം നൂറുക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തിയത്. വരയാടുകളെ തൊട്ടടുത്ത് കണ്ട സന്തോഷത്തിലാണ് സഞ്ചാരികൾ മടങ്ങിയത്. മൂന്നാർ മുതൽ നയമക്കാട് അഞ്ചാംമൈൽ വരെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. സെല്‍ഫി പോയിന്റും ഭക്ഷണശാലയും ഇരവികുളത്ത് പുതുതായി സജ്ജീകരിച്ചിട്ടുണ്ട്.
Read More I ശർക്കര മധുരമൂറും മറയൂർ ഗ്രാമം
വിനോദസഞ്ചാരികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മാട്ടുപ്പെട്ടി മേഖലയിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്ററില്‍ 1,500 പേരും സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ 2,300 പേരും വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. കൂടാതെ വാഗവര ലക്കം വെള്ളച്ചാട്ടം, എക്കോ പോയിന്റ്, കുണ്ടള തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലും സന്ദർശ പ്രവാഹമായിരുന്നു.
വേനല്‍ മഴയുടെ ശക്തികുറഞ്ഞത് സന്ദര്‍ശകര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഈസ്റ്റർ, വിഷു, ചെറിയ പെരുന്നാൾ എന്നിവ പ്രമാണിച്ച് സന്ദർശകര്‍ ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
One thought on “അവധിക്കാലം: മൂന്നാറിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു”