ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് പല വിദേശ രാജ്യങ്ങളിലേയും ലൈസന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ പലപ്പോഴും നമുക്ക് തന്നെ അപകര്‍ഷത തോന്നാം. കാരണം മറ്റൊന്നുമല്ല. വികസിത രാജ്യങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ കര്‍ശന ടെസ്റ്റുകളുണ്ട്. മാത്രമല്ല, അവിടങ്ങളിലെ റോഡ് അച്ചടക്കവും ഡ്രൈവിങ് മര്യാദകളും മികച്ച മാതൃകകളുമാണ്. എന്നാല്‍ ഇന്ത്യയിലാകട്ടെ, പല സംസ്ഥാനങ്ങളിലും തരികിട പണികളിലൂടെ ഒപ്പിച്ചെടുക്കാവുന്ന ഒരു രേഖയാണ് ഡ്രൈവിങ് ലൈസന്‍സ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ സ്വന്തം ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചും ബ്രിട്ടന്‍ അടക്കമുള്ള പല വികസിത യൂറോപ്യന്‍, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും വാഹനമോടിക്കാം. ഈ രാജ്യങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ബ്രിട്ടനില്‍ ഒരു വര്‍ഷം വരെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനങ്ങളോടിക്കാം. നമ്മുടെ ലൈസന്‍സില്‍ രേഖപ്പെടുത്തിയ വിഭാഗങ്ങളിലുള്ള വാഹനങ്ങള്‍ മാത്രമെ ഡ്രൈവ് ചെയ്യാന്‍ അനുമതിയുള്ളൂ. ഇംഗ്ലണ്ടിലേയും സ്‌കോട്ട്‌ലന്‍ഡിലേയും അതിമനോഹര റോഡുകളിലൂടേയും ലണ്ടന്‍ പോലുള്ള തിരക്കേറിയ നഗരങ്ങളിലൂടെയും നിങ്ങള്‍ക്ക് കാറോടിച്ചു പോകാം.
മറ്റൊരു രാജ്യമാണ് സ്വീഡന്‍. ഒരു നിബന്ധനയുണ്ട്. സ്വീഡിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, നോര്‍വീജിയന്‍ എന്നിവയില്‍ ഏതെങ്കിലുമൊരു ഭാഷയില്‍ പ്രിന്റ് ചെയ്ത ലൈസന്‍സ് ആയിരിക്കണമെന്നു മാത്രം. രാജ്യത്തുടനീളം കറങ്ങാം.
സ്വിറ്റ്‌സര്‍ലന്‍ഡിലും ഒരു വര്‍ഷം വരെ ഇന്ത്യന്‍ ലൈസസ് ഉപയോഗിക്കാം. ഇംഗ്ലീഷിലുള്ള ലൈസന്‍സ് ആണെങ്കില്‍ കാര്‍ റെന്റിനുമെടുക്കാം. സ്വിസ് ഗ്രാമങ്ങളിലൂടേയും ആല്‍പ്‌സ് താഴ്വരകളിലൂടേയുമുള്ള ഡ്രൈവ് അതിമനോഹരമായിരിക്കും.
യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും ഡ്രൈവ് ചെയ്യാം. ആദ്യം താമസ രേഖകള്‍ ശരിയാക്കി റെസിഡന്‍സി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നു മാത്രം. ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ രേഖയും ഹാജരാക്കേണ്ടി വരും.
21 വയസ്സിനു മുകളില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ലൈസന്‍സുമായി ന്യൂസിലന്‍ഡിലും വാഹനമോടിക്കാം. ലൈസന്‍സ് ഇംഗ്ലീഷിലായിരിക്കണം. ഒരു വര്‍ഷം വരെ ഇതുപയോഗിക്കാം.
സിംഗപൂരില്‍ ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സാണ് വേണ്ടതെങ്കിലും കാലാവധിയുള്ള ഇന്ത്യന്‍ ലൈസന്‍സ് ഒരു വര്‍ഷം വരെ ഉപയോഗിക്കാം. ഇംഗ്ലീഷിലായിരിക്കണം. സൗത്ത് ആഫ്രിക്കയിലും ഇംഗ്ലീഷിനുള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാം.