തലശ്ശേരി. പുതുതായി എത്തിച്ച KSRTC ഡബിള്‍ ഡെക്കര്‍ ബസില്‍ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തലശ്ശേരി ഹെറിറ്റേജ് ടൂര്‍ സര്‍വീസിനു ശനിയാഴ്ച തുടക്കമായി. തലശ്ശേരിയിലേയും സമീപ പ്രദേശങ്ങളിലേയും വിവിധ പൈതൃക, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ ഹെരിറ്റേജ് ടൂര്‍ നടത്തുന്നത്. 250 രൂപയാണ് നിരക്ക്. 2.15ന് തലശ്ശേരി ഡിപ്പോയിൽ നിന്നാരംഭിച്ച് രാത്രി 9.15ന് തിരിച്ചെത്തുന്ന രീതിയില്‍ ഏഴു മണിക്കൂര്‍ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് ബംഗ്ലാവ്, കോടതി, ജുമാമസ്ജിദ്, ഓവര്‍ബറീസ് ഫോളി, കടല്‍പ്പാലം, സെന്റ് ജോണ്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ച്, ജവഹര്‍ഘട്ട്, ക്രിക്കറ്റ് സ്റ്റേഡിയം, സബ്കളക്ടര്‍ ബംഗ്ലാവ്, സീ വ്യൂ പാര്‍ക്ക്, താഴെ അങ്ങാടി, പാണ്ടികശാലകള്‍, ജഗന്നാഥക്ഷേത്രം, ന്യുമാഹി മുകുന്ദന് പാര്‍ക്ക്, മാഹി ബസലിക്ക പള്ളി, മാഹി പുഴയോര നടപ്പാത, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഈ യാത്രയില്‍ സന്ദര്‍ശിക്കാം. ഈ കേന്ദ്രങ്ങളിലെല്ലാം 20 മിനിറ്റ് വരെ സമയം ചെലഴിക്കും. ഭക്ഷണ ചെലവ് യാ്ത്രക്കാര് വഹിക്കണം.
അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ടിക്കറ്റെടുക്കണം. ഡബിള്‍ ഡെക്കര്‍ ബസില്‍ 71 സീറ്റുകളുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ പരമാവധി 55 പേരെ മാത്രമെ ഒരു ട്രിപ്പില്‍ അനുവദിക്കൂ. യാത്രയിലുടനീളം ഗൈഡും ഉണ്ടാകും. ഗ്രൂപ്പായും ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഒരു ഗ്രൂപ്പില്‍ ചുരുങ്ങിയത് 50 പേരെങ്കിലും ഉണ്ടായിരിക്കണം. ഈ യാത്രകള്‍ക്ക് സമയവും യാത്രക്കാരുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. സാധാരണ സര്‍വീസ് എല്ലാ ദിവസവും ഉച്ചയ്ക്ക് 2.15ന് ആരംഭിച്ച് രാത്രി 9.15ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് വന്‍വിജയമായ സിറ്റി ടൂറിനുപയോഗിച്ചിരുന്ന രണ്ടു തട്ടുകളുള്ള ഈ ബസ് കഴിഞ്ഞയാഴ്ചയാണ് തലശ്ശേരിയിലെത്തിച്ചത്. തിരുവനന്തപുരത്ത് പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്നാണ് പഴയ ബസ് തലശ്ശേരിയിലേക്ക് മാറ്റിയത്.
അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനും: 9495650994, 9895221391, 9847940624, 9446191628, 0490 2343333. ബുക്കിങ് സമയം: രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 വരെ.