KSRTC നഗരസവാരി മേയ് ആറിന് പുനരാരംഭിക്കും

കോഴിക്കോട്. കോഴിക്കോട് നഗരത്തിലെ കാഴ്ച്ചകള്‍ ആനവണ്ടിയില്‍ കറങ്ങി ആസ്വദിക്കാന്‍ വീണ്ടും അവസരം. താത്കാലികാലികമായി നിര്‍ത്തിവെച്ച കോഴിക്കോട്ട് KSRTC നഗരയാത്ര മേയ് ആറിന് പുനരാരംഭിക്കും. ഫെബ്രുവരി രണ്ടിനാണ് ‘കോഴിക്കോടിനെ അറിയാന്‍ സാമൂതിരിയുടെ നാട്ടിലൂടെ ഒരുയാത്ര’ എന്നപേരില്‍ KSRTC സര്‍വീസ് ആരംഭിച്ചത്. തുടക്കത്തില്‍ വന്‍ പിന്തുണയാണ് സര്‍വീസിന് ലഭിച്ചത്. പിന്നീട് നഗരത്തിലെ പല സ്ഥലങ്ങളിലും റോഡ് പണിയായതിനാല്‍ ഏപ്രില്‍ 12ന് ഈ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇതിനോടകം 16 ട്രിപ്പുകളിലായി ഫെബ്രുവരിയില്‍ ആരംഭിച്ച യാത്രയില്‍ ആയിരത്തിലധികം പേരാണ് നഗരം ചുറ്റിക്കണ്ടത്. മേയ് ആറിന് ആരംഭിക്കുന്ന അടുത്ത യാത്രക്ക് 80 ഓളം പേര്‍ ബുക്ക് ചെയ്ത് കഴിഞ്ഞു.

KSRTC ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂര്‍ പാക്കേജിന്റെ ഭാഗമാണ് ‘നഗരം ചുറ്റാം ആനവണ്ടിയില്‍’ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോര്‍ത്ത് 200 ഓളം ട്രിപ്പുകളാണ് ജില്ലയില്‍ നടപ്പാക്കുന്നത്. അടുത്തഘട്ടത്തില്‍ കോഴിക്കോട് ബീച്ച്, സരോവരം തുടങ്ങി യാത്രയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. യാത്ര കൂടുതല്‍ ആസ്വാദകരമാക്കാന്‍ ഡബിള്‍ ഡക്കര്‍ ബസുകളും ഉടനെത്തും. ഇതിനായി ഫോറസ്റ്റ്, ഇലക്ട്രിക് വിഭാഗങ്ങളുടെ അനുമതിയാക്കായി കോഴിക്കോട് KSRTC നിവേദനം നല്‍കിയിട്ടുണ്ട്.

സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

KSRTC ബസ് സ്റ്റാന്‍ഡില്‍ നിന്ന് തുടങ്ങി പ്ലാനറ്റോറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാംവളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാര്‍ക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്‌ക്വയര്‍ എന്നിവ വഴിയാണ് കടന്നപോവുക.

നിരക്ക്, ബുക്കിംഗ്

ഉച്ചയ്ക്ക് മൂന്നിന് തുടങ്ങി രാത്രി എഴിന് അവസാനിക്കുന്ന തരത്തിലാണ് യാത്ര. 200 രൂപയാണ് ചാര്‍ജ്. ചരിത്രപരമായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിനെ പരിചയപ്പെടുക എന്നതാണ് യാത്രയുടെ പ്രധാന ഉദ്ദേശം. ഞായറാഴ്ചയാണ് ഈ ബസ് സര്‍വീസ് ഉണ്ടാവുക. ഓരോ സ്ഥലങ്ങളിലും ഇറങ്ങി കാണാനും ഫോട്ടോയെടുക്കാനും സൗകര്യമുണ്ടാകും. അതേ സമയം സര്‍വീസ് തുടങ്ങിക്കഴിഞ്ഞാല്‍ ഇടക്കുള്ള സ്റ്റോപ്പുകളില്‍ നിന്ന് ബസില്‍ കയറാനാവില്ല. മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ബസിലൊരുക്കിയിട്ടുണ്ട്. 9544477954, 9846100728 എന്നീ നമ്പറുകളില്‍ ട്രിപ്പുകള്‍ മുന്‍കൂട്ടി ബുക്കുചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed