കൽപ്പറ്റ. കൂടൽകടവ് പുഴയോരം വയനാട് ജില്ലയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കുറുവാ ദ്വീപിനടുത്ത, ഏറെ സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു സഞ്ചാരകേന്ദ്രമാണ്. പുഴകൾ സംഗമിക്കുന്ന ഇവിടെ ആസ്വാദനത്തിനും മീന്‍പിടിക്കാനും നിരവധി പേരാണ് എത്തുന്നത്. തൊണ്ടര്‍മുടി മലയില്‍ നിന്നും വരുന്ന മാനന്തവാടി പുഴയും ബാണാസുര മലയില്‍ നിന്നും വരുന്ന പനമരം പുഴയും പിന്നെ കബനിയും സംഗമിക്കുന്ന ഇടമാണിത്. ഓരോ സ്ഥലങ്ങളിലും അതാതു സ്ഥലപ്പേരിലാണ് കബനി അറിയപ്പെടുന്നത്. ‘സ്വന്തം പേരില്‍’ കബനി ഒഴുകിത്തുടങ്ങുന്ന സ്ഥലമാണിത്. മാനന്തവാടിപ്പുഴയും പനമരം പുഴയുമായി കബനി ഒത്തുചേരുന്ന സ്ഥലമായതിനാലാണ് ഇതിന് ‘കൂടല്‍’കടവ് എന്നു പേരു വന്നത്.
രണ്ട് പുഴകള്‍ക്കും കുറുകേയുള്ള ഇരട്ടപ്പാലം കടന്ന് കൂടല്‍ക്കടവിലെത്താം. കൂടല്‍കടവില്‍ നിര്‍മിച്ചിട്ടുള്ള തടയണയും ഈ ഭാഗത്തെ വീതികൂടിയ പുഴയും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പ്രകൃതിഭംഗിയാല്‍ സമ്പന്നമാണ് ഇവിടം. പുഴയോരവും ജലസേചന വകുപ്പിന്റെ തടയണയുമെല്ലാം കാണാന്‍ ദൂരദേശങ്ങളില്‍ നിന്ന് പോലും സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. മാനന്തവാടി പനമരം പുഴകളുടെ സംഗമസ്ഥാനത്ത് നിന്ന് 300 മീറ്റര്‍ മാറിയാണ് തടയണ നിര്‍മിച്ചിട്ടുള്ളത്. വേനലില്‍ കബനി വരണ്ടുണങ്ങിയപ്പോഴായിരുന്നു നാട്ടുകാരുടെ ശ്രമഫലമായി കബനിക്ക് കുറുകേ ആദ്യമായി താത്കാലിക തടയണ നിര്‍മിച്ചത്. ഇത് ജലസേചന പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തി. പിന്നീടങ്ങോട്ട്, സ്ഥിരമായി ഒരു ചെക്ക്ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം 2012ല്‍ കൂടല്‍ക്കടവില്‍ തടയണ നിര്‍മാണം ആരംഭിച്ച് 2014ല്‍ പൂര്‍ത്തീകരിച്ചു.
ഈ കടവില്‍ നീന്തിക്കുളിക്കാനും മീന്‍ പിടിക്കാനും ധാരാളം ആളുകള്‍ എത്താറുണ്ട്. രണ്ട് പുഴകളുടെ സംഗമ സ്ഥാനമായതിനാല്‍ ഇവിടെ മത്സ്യങ്ങള്‍ സമൃദ്ധമാണ്. ചെമ്പല്ലി, റോഗ്, കട്‌ല, തുടങ്ങിയവയാണ് കൂടുതലും. നല്ല മഴക്കാലത്ത് കൂടല്‍ക്കടവില്‍ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതിനാല്‍ അല്‍പ്പം അപകടമാണ്. മാത്രമല്ല, കൈവേലിയോ മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. വേനല്‍ക്കാലമാകുമ്പോള്‍ കുറുവ ദ്വീപ് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുന്നതിനാൽ ഈ സമയങ്ങളിൽ ഇവിടേക്ക് ആളുകള്‍ കൂടുതല്‍ എത്താറുണ്ട്.
കല്‍പ്പറ്റ-പനമരം-കൊയിലേരി വഴിയും പനമരം-പുഞ്ചവയല്‍-ദാസനക്കര വഴിയും മാനന്തവാടി-കുറുവ ദ്വീപ് റോഡിലൂടെ പയ്യംമ്പള്ളി വഴിയും സഞ്ചാരികള്‍ക്ക് കൂടല്‍ക്കടവിലേക്ക് എത്തിച്ചേരാന്‍ കഴിയും. പനമരത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരമെ കൂടല്‍കടവിലേക്ക് ഉള്ളൂ.