✍🏻 രാകേഷ് ആർ
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഹരിഹർ ഫോർട്ടിനെ കുറിച്ച് അറിയാത്തവർ കുറവായിരിക്കും. ഒരുപക്ഷെ മലയാളികൾ ഉൾപ്പെടെയുള്ള സാഹസികപ്രിയരായ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ് ഹരിഹർ ഫോർട്ട്. പക്ഷെ അവിടെ വരെ എത്തിപെടുന്നത് കുറച്ചു അലച്ചിലും ചിലവുമു ഉള്ള കാര്യമാണ്. എന്നാൽ, ആ ഒരു അനുഭവം നൽകുന്ന, ഏകദേശം 500-600 രൂപ ചിലവിൽ ഒരു വീക്കെൻഡിൽ പോയി വരാവുന്ന, ഹരിഹർ ഫോർട്ടിനോട് കിടപിടിക്കുന്ന ഒരു ലൊക്കേഷൻ നമ്മുടെ തൊട്ടടുത്ത് തന്നെ ഉണ്ട്, തമിഴ്നാട്ടിൽ.
ദിണ്ടിഗൽ (திண்டுக்கல்)) ജില്ലയിലെ പളനിക്കും ദിണ്ടിഗലിനും ഇടയിലുള്ള ഒഡൻചത്രം എന്ന സ്ഥലത്തിന് അടുത്ത് സ്ഥിതി ചെയുന്ന കൊണ്ടരങ്ങി ഹിൽസിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 3825 അടി ഉയരത്തിൽ കോൺ ആകൃതിയിൽ ഉള്ള ഈ കുന്നിനു മുകളിലേക്ക് കയറുവാൻ പാറയിൽ കൊത്തിയ പടവുകളും സൈഡിൽ കമ്പിവേലിയും ഉണ്ട്. ഏകദേശം രണ്ട് മണിക്കൂർ ട്രെക്ക് ചെയ്താൽ പാറയുടെ ഏറ്റവും മുകളിലെത്താം. മുകളിൽ നിന്നുള്ള 360 ഡിഗ്രി കാഴ്ച വേറെ ലെവൽ ആണ്. അകെ ഒരു നെഗറ്റീവ് വൈബ് ഉള്ളത് അവിടുത്തെ ചൂട് ആണ്. സമ്മറിൽ ഒരു രക്ഷയുമില്ലാത്ത വെയിലാണ്.
എങ്ങനെ എത്താം?
എല്ലാ ദിവസവും വൈകുന്നേരം തിരുവനന്തപുരത്തു നിന്നും മധുരൈ വരെ പോകുന്ന അമൃത എക്സ്പ്രസിൽ കയറിയാൽ അടുത്ത ദിവസം രാവിലെ ഏഴു മണിയോടെ ഒഡൻചത്രം (Oddanchatram) എന്ന സ്റ്റേഷനിൽ എത്താം. സ്റ്റേഷനിൽ നിന്നിറങ്ങി ഏകദേശം 100 മീറ്റർ നടന്നാൽ ബസ് സ്റ്റാൻഡ് കാണാം, അവിടെനിന്നും കീരനൂർ എന്ന സ്ഥലത്തേക്ക് ബസ് കിട്ടും. 20 കിലോമീറ്റർ ദൂരം ആണ് ഉള്ളത്. വെറും 13 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. കീരനൂർ ഇറങ്ങിയാൽ അവിടെ നിന്നും ഒരു 700 മീറ്റർ നടന്നാൽ ഒരു മല്ലികാർജുന ക്ഷേത്രമുണ്ട്. ഇവിടെ നിന്നാണ് കൊണ്ടരങ്ങി ഹിൽസിലേക്കുള്ള ഹൈക്കിങ് ആരംഭിക്കുന്നത്. ചില ബസുകൾ നേരിട്ട് ക്ഷേത്രത്തിനു മുന്നിൽ കൂടി പോകും. ഞങ്ങൾ കീരനൂർ ഇറങ്ങി ക്ഷേത്രത്തിലേക്ക് നടന്നാണ് പോയത്. തിരിച്ചു പോകാൻ ക്ഷേത്രത്തിനു സമീപത്തു നിന്നും ഒഡൻചത്രം പോകുന്ന ബസ് കിട്ടും.
മലകയറുന്നതിനു മുമ്പ്
കീരനൂർ നിന്നോ ഒഡൻചത്രം നിന്നോ വെള്ളവും അത്യാവശ്യ ഭക്ഷണ വസ്തുക്കളും വാങ്ങി സൂക്ഷിക്കുക. വെള്ളം ഒരല്പം കൂടുതൽ എടുക്കാം. അത്രയ്ക്ക് വെയലുണ്ടാകും. ക്ഷേത്രത്തിനടുത്ത് കടകൾ ഒന്നുമില്ല. ഇടയ്ക്ക് സൈക്കിളിൽ ഐസ്ക്രീം കൊണ്ട് വരുന്ന ആളുകൾ കാണും. പാറയുടെ മുകളിൽ ഒരു ചെറിയ കുളം ഉണ്ടെങ്കിലും ഇതിലെ വെള്ളം കുടിക്കാൻ കൊള്ളുമെന്ന് തോന്നുന്നില്ല. പക്ഷെ അവിടെ വരുന്ന തമിഴർ അത് കുടിക്കുന്നത് കാണാൻ കഴിയും.
ട്രെക്കിങ്ങ് കഴിഞ്ഞു തിരിച്ചു ഒഡൻചത്രം വന്നാൽ തലപ്പാകട്ടി ബിരിയാണിയും മധുരൈ ജിഗർതണ്ടയും (തലപക്കട്ടി ഹോട്ടലിൽ ജിഗർതണ്ട കിട്ടണമെങ്കിൽ ഒരു മണിക്കു മുമ്പെത്തണം) കഴിച്ചു വൈകുനേരം 5.30 നു ഉള്ള അമൃത എക്സ്പ്രസിൽ നാട്ടിലേക്കു മടങ്ങാം.