KAZAKHSTAN: അൽമാട്ടിയിലെ ഗ്രീൻ ബസാർ വിശേഷങ്ങൾ

ALMATY TRIPUPDATES.IN

✍🏻 രോഹിത് സിപി

KAZAKHSTAN: അൽമാട്ടി നഗരത്തിലെ പ്രധാന കാഴ്ചകളിലൊന്നാണ് ഗ്രീൻ ബസാർ എന്ന് വിളിക്കുന്ന Kök Bazaar. ഒരു സഞ്ചാരി എന്ന നിലയിൽ ഏതൊരു നാട്ടിൽ പോയാലും ഞാൻ ആദ്യം തിരയുന്നത് അവിടങ്ങളിലെ പൊതു ഇടങ്ങളാണ്. കാരണം അവിടെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതരീതിയും മറ്റുമെല്ലാം നേരിട്ട് വീക്ഷിക്കാൻ സാധിക്കും. അൽമാട്ടിയിൽ അങ്ങനെയുള്ള ഒരു പ്രദേശമാണ് ഗ്രീൻ ബസാർ എന്നു തോന്നി. Koktobe നിന്നും കേബിൾ കാറിൽ വന്നിറങ്ങിയ ശേഷം ഇലക്ട്രിക് ബസ്സിലാണ് ഗ്രീൻ ബസാറിലേക്ക് പോയത്.

ഗ്രീൻ ബസാറിലേക്ക് നടക്കുന്ന വഴിയിൽ നടപ്പാതയ്ക്ക് ഒരു വശത്തായി ആളുകൾ കച്ചവടം നടത്തുന്നുണ്ട്. നമ്മുടെ നാട്ടിലേതു പോലെ തന്നെ ചിലപ്പോൾ സാമാന്യ നിരക്കിൽ നിന്നും കുറച്ചു വില കുറവായിരിക്കും ഇവിടെ. കുറച്ച് ദൂരം കാഴ്ചകൾ കണ്ടു നടന്ന് മാർക്കറ്റ് എത്തി. 1875 ലാണ് ഇത്‌ സ്ഥാപിതമായത്. പച്ച നിറത്തിലുള്ള കെട്ടിടത്തിനുള്ളിലേക്ക് നടന്നു. കൃത്യമായി തരംതിരിച്ചാണ് ഇതിനുള്ളിൽ വസ്തുക്കൾ വിൽക്കപ്പെടുന്നത്. ആദ്യം കണ്ടത് പലവ്യഞ്ജനങ്ങളുടെ കടകളാണ്.

PHOTO രോഹിത് സിപി

സഞ്ചാരികൾ ആണെന്ന് അറിഞ്ഞിട്ടുപോലും കച്ചവടക്കാർ ഞങ്ങളോട് വളരെ ഊർജ്ജിതമായി സാധനങ്ങൾ വാങ്ങാൻ വേണ്ടി പറയുന്നുണ്ടായിരുന്നു. കുറച്ച് നടന്നപ്പോഴേക്കും ഇറച്ചിക്കടകൾ കണ്ടു . അധികം വികസിതമായ ഒരു രാജ്യമല്ല കസാഖ്സ്ഥാൻ. എന്നിട്ടും ഇവിടുത്തെ ഈയൊരു ചന്ത എന്റെ ശ്രദ്ധയാകർഷിച്ചു. കാരണം വളരെ വൃത്തിയിലാണ് ഇതിനുള്ളിലെ കച്ചവടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉള്ളതുപോലെ.

തണുപ്പ് കുറച്ച് കൂടി വരുന്നതിനാൽ അവിടെ കണ്ട ഒരു കടയിൽ നിന്നും കൈയ്യുറ വാങ്ങി. ഒക്ടോബർ മാസത്തിന്റെ മധ്യമാണെങ്കിലും ഇപ്പോൾ തണുപ്പ് എന്നെപ്പോലെയുള്ള ഒരാൾക്ക് സഹിക്കാൻ പറ്റുന്നതിനപ്പുറമാണ്. ജനുവരി-ഫെബ്രുവരിയിലൊക്കെ ഇവിടെ മഞ്ഞ് മൂടി കിടക്കുന്ന സമയമാണ്. അപ്പോഴത്തെ കാര്യം ഞാനൊന്ന് ആലോചിച്ചു.

ഇനി കസാഖ്സ്ഥാന്റെ കുറച്ചു വിശേഷങ്ങൾ കൂടി പറയാം. ലോകത്തെ ഒമ്പതാമത്തെ വലിയ രാജ്യമാണിത്. കൂടാതെ ലോകത്തെ ഏറ്റവും വലിയ കരബന്ധിത രാജ്യവും (കടൽത്തീരം ഇല്ലാത്ത രാജ്യങ്ങളെയാണ് ഇങ്ങനെ പറയുന്നത്. ഇത് കൂടാതെ ലോകത്തെ ഏറ്റവും വലിയ പുൽമേടായ ഗ്രേറ്റ് സ്റ്റെപ്പ് (Great Steppe) ഈ രാജ്യത്തിലൂടെയും കടന്ന് പോകുന്നു.

ലോകത്തെ ഏറ്റവും പഴയതും വലുതുമായ ബഹിരാകാശ വിക്ഷേപണകേന്ദ്രമാണ് ബയ്ക്കനൂർ കോസ്മോഡ്രോം. യൂറി ഗഗാറിൻ വോസ്റ്റിക്-1 എന്ന പേടകത്തിൽ 1961 ഏപ്രിൽ 12ന് പുലർച്ചെ 6:07 ന് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത് ഇവിടെ നിന്നാണ്. അതും കസാക്കിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. ത്യുറാത്തം എന്നുകൂടി വിളിപ്പേരുള്ള ഇത് പക്ഷേ റഷ്യയുടെ അധീനതയിലാണ്. സോവിയറ്റ് യൂണിയന്റെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത്. 2050 വരെ കസാഖ്സ്ഥാനിൽ നിന്ന് കോസ്മോഡ്രോം നിലനിൽക്കുന്ന പ്രദേശം 11 കോടി 50 ലക്ഷം ഡോളർ പ്രതിവർഷ പാട്ടത്തിന് റഷ്യ കരാർ എടുത്തിരിയ്ക്കുകയാണ് എന്നാണ് അറിവ്. ഇത്‌ പോലെ കുറെയധികം വിശേഷങ്ങളുള്ള ഒരു രാജ്യമാണിത്.

നമുക്ക് ഗ്രീൻ ബസാറിന്റെ വിശേഷങ്ങളിലേക്ക് തന്നെ തിരിച്ചുവരാം. ഇത് പ്രധാനമായും പച്ചക്കറിയും ഇറച്ചിയുമെല്ലാം വിൽക്കുന്ന ചന്തയാണെന്ന് അറിവുണ്ടായിരുന്നെങ്കിലും അവിടെ ഞാൻ തപ്പിയത് സോവനീറുകൾ ആണ്. Koktobeൽ അവ കണ്ടിരുന്നെങ്കിലും ഇവിടെ കുറച്ചൂടെ വിലക്കുറവിൽ ലഭ്യമാകും എന്ന് കരുതി അവിടെ നിന്നും വാങ്ങിയിരുന്നില്ല. അങ്ങനെ ഒരു ചെറിയ കടയിൽ നിന്നും കുറച്ച് സോവനീയറുകൾ വാങ്ങി. ഒട്ടും വില കുറക്കാതെയാണ് അവിടെ നിന്നും വാങ്ങേണ്ടി വന്നത്. വിലപേശലൊന്നും അവിടെ വില പോയില്ല.

തുടർന്നും മാർക്കറ്റിലൂടെ നടക്കുമ്പോഴാണ് അവിചാരിതമായി ഒരു ചായ കച്ചവടക്കാരിയെ കണ്ടത് ഒരിക്കലും ഇവിടെ ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇവിടെയെല്ലാം ചായ എന്നാൽ പാൽ ഒഴിക്കാതെയുള്ള കട്ടൻ ചായയാണ് പൊതുവെ ലഭിക്കുക എന്നതായിരുന്നു എന്റെ വിശ്വാസം. എന്റെ സന്തോഷം കണ്ടപ്പോൾ അത് വിൽക്കുന്ന ചേച്ചിയ്ക്ക് അതിശയം. അവരും ചായയെ ചാ എന്നാണ് വിളിക്കുന്നത് കേട്ടത്. ഞങ്ങൾ ഹിന്ദുസ്ഥാനിൽ നിന്നാണ് എന്ന് അവരോട് പറഞ്ഞു. എന്റെ യാത്രാനുഭവത്തിൽ മനസ്സിലായ ഒരു കാര്യം പൊതുവെ ഉസ്ബകിസ്ഥാൻ കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ കുറച്ചെങ്കിലും ജനങ്ങൾക്ക് ഇന്ത്യ എന്നാൽ ഹിന്ദുസ്ഥാനാണ്.

PHOTO രോഹിത് സിപി

ഞങ്ങളുടെ കൂടെ യാത്രക്കായി വന്ന ഒലീഗിന് മുഷിപ്പ് ഉണ്ടാകുന്നതായി തോന്നി. അദ്ദേഹം തന്നെ സ്വമേധയാ ഞങ്ങൾക്കൊപ്പം യാത്രയിൽ കൂടിയതാണെങ്കിലും എന്തൊക്കെയോ കാര്യങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. താൻ റൂമിലേക്ക് തന്നെ തിരിച്ചു പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തിനോട് യാത്ര പറഞ്ഞു മാർക്കറ്റിൽ നിന്നും പുറത്തിറങ്ങി.

മാർക്കറ്റിന്റെ പുറത്തെ ഇടവഴികളുടെ പോയാൽ പിന്നെയും ധാരാളം കച്ചവടങ്ങൾ നടക്കുന്നത് കാണാം. ഞങ്ങൾ കുറച്ചു നേരം അതിലൂടെ സഞ്ചരിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ഇവിടെ സാധനങ്ങൾക്ക് മാർക്കറ്റിനേക്കാൾ വില കുറവാണ്. കുറച്ച് നേരം കൂടെ മാർക്കറ്റിൽ ചുറ്റിപ്പറ്റി നിന്ന് ഞങ്ങൾ അടുത്ത കാഴ്ച സ്ഥലത്തിലേക്ക് പോകാം എന്ന് തീരുമാനിച്ചു.

Central State Museum of the Republic of kazakistan ആണ് ഇനി അടുത്തതായി പോകേണ്ടത്. പക്ഷെ എങ്ങനെയാണ് പോകേണ്ടത് എന്ന് ധാരണയില്ല. ഞങ്ങൾ ഇവിടെ കേവലം മൂന്ന് ദിവസമെ ഉള്ളൂ എന്നതിനാൽ സിമ്മും എടുത്തിരുന്നില്ല. കുറച്ചധികം പേരോട് വഴി വഴി ചോദിച്ചെങ്കിലും ഭാഷ ഒരു തടസ്സമായി നിന്നു. അവസാനം ഞങ്ങൾ അവിടെ കണ്ട അൽമാട്ടി നഗരത്തിന്റെ ഒരു മാപ്പിനടുത്തേക്ക് ഒരാളെ കൂട്ടിക്കൊണ്ടുപോയി വിരൽ തൊട്ടു കാണിച്ചു. കുറച്ചു ദൂരം മാറിയാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കൂടാതെ വൈകുന്നേരവുമായി. ഇനിയധികം സമയമില്ല. തൊട്ടടുത്തു കണ്ട ടാക്സി ഡ്രൈവറോട് എങ്ങിനെയോ കാര്യങ്ങൾ പറഞ്ഞുറപ്പിച്ചതിനുശേഷം മ്യൂസിയത്തിലേക്ക് പുറപ്പെട്ടു. പഴയ സോവിയറ്റ് കാലത്തിന്റെ ശേഷിപ്പുകൾ ഇന്നും പേറുന്ന ആ ഒരു നഗരത്തിലൂടെ വയസ്സായ ആ ഒരു ഡ്രൈവറുടെ പഴയൊരു വണ്ടിയിൽ ഞങ്ങൾ മ്യൂസിയം ലക്ഷ്യമാക്കി നീങ്ങി.

Legal permission needed