വനിതാ ദിനത്തിൽ സ്ത്രീകള്‍ക്ക് ഇളവുകളുമായി കൊച്ചി മെട്രോ

kochi metro trip updates

കൊച്ചി: വനിതാ ദിന സമ്മാനമായി സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ 20 രൂപയ്ക്ക് എത്ര ദൂരവും യാത്ര ചെയ്യാൻ അവസരം. മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും ഈ തുകയ്ക്ക് യാത്ര ചെയ്യാം. മെട്രോ യാത്രക്കാരായ സ്ത്രീകൾക്കായി ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകളും വനിതാ ദിനത്തിൽ സ്ഥാപിച്ചു. ഇതുവഴി സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. നെക്സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സൗകര്യം ഒരുക്കിയത്. ഇലക്ട്രോണിക്, അലുമിനിയം, പ്ലാസ്റ്റിക് പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് നെക്സോറ അക്കാദമിയിലെ വിദ്യാർഥികൾ ചെലവു കുറഞ്ഞ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർമിച്ചത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി മെട്രോയിൽ ഏറ്റവുമധികം തവണ യാത്ര ചെയ്ത മൂന്ന് വനിതകളെ കലൂർ മെട്രോ സ്റ്റേഷനിൽ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹറ ഐപിഎസ് ആദരിച്ചു. കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാമ്പുകളും ഒരുക്കി. സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധനയും മുട്ടം, ഇടപ്പള്ളി, എം.ജി. റോഡ്, വൈറ്റില സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററിന്റെയും മേയർ വിറ്റബയോട്ടിക്സിന്റെയും സഹകരണത്തോടെ രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കലൂർ മെട്രോ സ്റ്റേഷനിൽ കൊച്ചിൻ ബിസിനസ് സ്കൂളിലെ വിദ്യാർഥികളുടെ ഫ്ലാഷ് മോബ്, സൗത്ത് മെട്രോ സ്റ്റേഷനിൽ സ്ത്രീ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാഷൻ ഷോയും മൈമും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed