കൊച്ചി. KOCHI METRO ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂര്‍ണതോതില്‍ കമ്മീഷന്‍ ചെയ്തു. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 28 കിലോ മീറ്റര്‍ പാതയില്‍ ഇനി പൂര്‍ണ തോതില്‍ മെട്രോ സര്‍വീസ് ഉണ്ടാകും. ആലുവ-തൃപ്പൂണിത്തുറ നിരക്ക് 75 രൂപയാണ്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനു സമീപത്താണ് മെട്രോ ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ട് ടെര്‍മിനലിന്. 40,000 ചതുരശ്ര അടി വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.
തൃപ്പൂണിത്തുറ മെട്രോ സ്‌റ്റേഷനിലേക്ക് റോഡും നടപ്പാതയും നിര്‍മ്മിക്കാനുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനില്‍ നിന്ന് 100ല്‍ താഴെ മീറ്റര്‍ മാത്രമാണ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ദൂരം. ദീര്‍ഘ ദൂര യാത്രക്കാര്‍ക്കും ഇനി മെട്രോ സേവനം ഏറെ പ്രയോജനപ്പെടും. കോട്ടയം, തിരുവനന്തപുരം ഭാഗങ്ങളില്‍ നിന്ന് ട്രെയിനില്‍ വരുന്നവര്‍ക്ക് തൃപ്പൂണിത്തുറയില്‍ ഇറങ്ങി മെട്രോയില്‍ ഇനി വേഗത്തില്‍ നഗരത്തിലെത്താം.
നിലവില്‍ എസ്.എന്‍ ജങ്ഷന്‍ വരെയായിരുന്നു കൊച്ചി മെട്രോ സര്‍വീസ് നടത്തിയിരുന്നത്. ഇവിടെ നിന്ന് 1.16 കിലോമീറ്റര്‍ ദുരമാണ് തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കുള്ളത്. ഇതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 25 ആയി. 28.125 കിലോമീറ്ററാണ് ഒരു ദിശയിലേക്കുള്ള ആകെ ദൂരം.