കൊച്ചി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും മറ്റു യാത്രക്കാര്‍ക്കും ഓഫറുകളുമായി KOCHI METRO. ഐഎസ്എല്‍ മത്സരം നടക്കുന്ന ഞായറാഴ്ച രാത്രി 10 മണിക്കു ശേഷം ടിക്കറ്റ് നിരക്കുകളില്‍ 50 ശതമാനം ഇളവ് നല്‍കും. കൂടാതെ രാത്രി 11.30 വരെ സര്‍വീസുമുണ്ട്. ഐഎസ്എല്‍ മത്സര ദിവസങ്ങളില്‍ മെട്രോയിലുണ്ടാകുന്ന വന്‍ തിരക്ക് കണക്കിലെടുത്ത് വിവിധ സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റും നേരത്തെ തന്നെ വാങ്ങാം.
കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനിലാന് വലിയ തിരക്കനുഭവപ്പെടുക. ഇതു കണക്കിലെടുത്ത് സര്‍വീസ് സമയം നീട്ടിയിട്ടുണ്ട്. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജങ്ഷന് ഭാഗത്തേക്കുമുള്ള അവസാന മെട്രോ സര്‍വീസ് 11.30 ആയിരിക്കും.
കൊച്ചിക്കു പുറത്ത് നിന്നെത്തുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് നഗരത്തിലെ റോഡുകളിലെ ട്രാഫിക് കുരുക്കും തിരക്കും ഒഴിവാക്കാന്‍ വിവിധ മെട്രോ സ്റ്റേഷനുകളിലെ പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്താം. മെട്രോയില്‍ യാത്ര ചെയ്ത് നേരിട്ട് സ്റ്റേഡിയത്തിലെത്താവുന്നതാണ്.