കൊളുക്കുമല OFF-ROAD SAFARI നിര്‍ത്താന്‍ നിര്‍ദേശം; സഞ്ചാരികളെ നിരാശരാക്കുമോ?

കൊച്ചി. സഞ്ചാരികളുടെ പറുദീസയായ മൂന്നാറിനടുത്ത പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കൊളുക്കുമല. സൂര്യനെല്ലിയില്‍ നിന്ന് കൊളുക്കമലയിലേക്കുള്ള ഓഫ് റോഡ് സഫാരി (OFF-ROAD SAFARI) നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ സഞ്ചാരികളെ നിരാശരാക്കും. ഈ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്ന് കഴിഞ്ഞ മാസം ചിന്നക്കനാലിനുടത്ത ആനയിറങ്കല്‍ അണക്കെട്ടിലെ ബോട്ടിങ് നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമിതി ഹൈക്കോടതിക്ക് പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സൂര്യനെല്ലിയില്‍ നിന്ന് ദിവസവും 143 ഓഫ് റോഡ് ജീപ്പ് സഫാരികള്‍ കൊളുക്കുമലയിലേക്ക് സംഘടിപ്പിക്കുന്നുണ്ട്. ഇത് ഈ മേഖലയുടെ പരിസ്ഥിതി സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും, മണ്ണിടിച്ചില്‍ സാധ്യത കൂട്ടും, വന്യജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കും എന്നീ കാരണങ്ങളാണ് റിപോര്‍ട്ടില്‍ സമിതി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇത് കണക്കിലെടുത്ത് അടിയന്തരമായി കൊളുക്കുമല ഓഫ് റോഡ് സഫാരി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നാണ് ശുപാര്‍ശ. മേഖലയില്‍ ലൈസന്‍സില്ലാത്ത ടെന്റ് ക്യാംപുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്നും സമിതി ഹൈക്കോടതിക്ക് സമര്‍പ്പിച്ച ശുപാര്‍ശയിലുണ്ട്.

സൂര്യനെല്ലി ടൗണില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് കൊളുക്കുമല. സമുദ്രനിരപ്പില്‍ നിന്ന് 8000 അടി ഉയരത്തിലുള്ള ഈ മലനിരകളിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ ജൈവ ടീ എസ്‌റ്റേറ്റ്. ഇവിടെ നിന്നുള്ള സൂര്യോദയക്കാഴ്ചയാണ് ഇങ്ങോട്ട് ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

ആയിരത്തോളം സഞ്ചാരികളാണ് ചില ദിവസങ്ങളില്‍ കൊളുക്കുമല സഫാരിക്കെത്തുന്നത്. ആറു പേര്‍ക്ക് 2500 രൂപയാണ് നിരക്ക്. കൊളുക്കുമല ഡെവലപ്‌മെന്റ് ഏജന്‍സി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സഹകരിച്ചാണ് സഫാരി സംഘടിപ്പിക്കുന്നത്. സുരക്ഷിത ട്രെക്കിങിനായി ടൂറിസം വകുപ്പും മോട്ടോര്‍ വാഹന വകുപ്പും ഇടപെട്ട് ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കാറുണ്ട്. ജീപ്പുകളുടെ ഫിറ്റ്‌നെസ് പരിശോധനകളും കൃത്യമായി നടത്താറുണ്ട്.

ആനയിറങ്കല്‍ ഡാമില്‍ കെഎസ്ഇബിയുടെ ഹൈഡല്‍ ടൂറിസം വിഭാഗം നടത്തി വന്ന ബോട്ടിങ് നിര്‍ത്തിയതിനു പിന്നാലെ കൊളുക്കമല ഓഫ് റോഡ് സഫാരിക്കു കൂടി വിലക്കേര്‍പ്പെടുത്തുകയാണെങ്കില്‍ ഈ മേഖലയിലെ ടൂറിസം മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് തീര്‍ച്ചയാണ്. ഇവിടെ എത്തുന്ന സഞ്ചാരികളെ മാത്രം പ്രതീക്ഷിച്ച് പത്തിലേറെ നക്ഷത്ര ഹോട്ടലുകളും നിരവധി ചെറുകിട ഹോട്ടലുകളും ഹോം സ്റ്റേകളും ഇവിടെയുണ്ട്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേരുടെ തൊഴിലിനേയും ഈ നീക്കം ബാധിക്കും.

Also Read കൊളുക്കുമലയിലെ സൂരോദ്യയം തേടി ഒരു ബൈക്ക് റൈഡ്

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed