തൊടുപുഴ. പച്ച പുതച്ച് നില്‍ക്കുന്ന മലനിരകള്‍ ഒരു വശത്ത്, അതിനിടയില്‍ നീലപ്പരവതാനി വിരിച്ച പോലെ ഇടുക്കി ജലാശയവും അവയിലെ പച്ചത്തുരുത്തുകളും, ഒപ്പം കോടമഞ്ഞും കുളിര്‍ക്കാറ്റും. മറുവശത്ത് കട്ടപ്പന നഗരത്തിന്റെ അതിവിശാലമായ കാഴ്ച… വിനോദ സഞ്ചാരത്തിന്റെ വലിയ സാധ്യതകളാണ് കല്യാണത്തണ്ട് മലനിരകൾ തുറന്നിടുന്നത്. ഇടുക്കിക്കാര്‍ക്ക് ഇവിടം സുപരിചിതമാണെങ്കിലും, ഒരിക്കല്‍ ഇവിടെ വന്നുപോയവരുടെ വാക്കുകളിലൂടെ ഈ വന്യവും വശ്യവുമായ മനോഹാരിത കേട്ടറിഞ്ഞാണ് കല്യാണത്തണ്ട് മലനിരകള്‍ തേടി മറു നാടുകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നത്. ഈ മലനിരകൾക്ക് കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പ്രധാനം ഇടം നൽകുന്നതിനു വേണ്ടിയുള്ള ഹിൽഗാർഡൻ ടൂറിസം (Hill Garden Tourism) പദ്ധതിക്ക് വിശദമായ രൂപരേഖയായി. ഇതിനായി തയാറാക്കിയ വിശദ പദ്ധതി രേഖ (DPR) സമർപ്പിച്ചത് ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നു.
പ്രവേശന കവാടം, വാച്ച് ടവർ, കഫറ്റീരിയ, കുട്ടികളുടെ പാർക്ക്, പാതകൾ, ഫെൻസിങ്, ശുചിമുറികൾ, മറ്റ് അനുബന്ധ സംവിധാനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി 6.5 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. പ്രാരംഭ ഘട്ടമായി കട്ടപ്പന നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാച്ച് ടവർ നിർമാണത്തിന് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റെവന്യൂ ഭൂമ നഗരസഭയ്ക്ക് പാട്ടത്തിന് ലഭ്യമാക്കി പദ്ധതി നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചു.
മൂന്നാർ, തേക്കടി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളെ കട്ടപ്പനയിലെ ഈ മനോഹര മലനിരകളിലേക്ക് ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ ടൂറിസം ഭൂപടത്തിൽ കട്ടപ്പനയ്ക്കും ഒരിടം ലഭിക്കും. ഇടുക്കിയുടെ മനോഹാരിത തേടിയെത്തുന്ന സഞ്ചാരികളെ ഇരുകൈകളും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കല്യാണത്തണ്ട്.
പ്രകൃതിവിസ്മയങ്ങള്‍കൊണ്ട് സമ്പന്നമാണ് ഇടുക്കിയിലെ വിനോദ സഞ്ചാരമേഖല. ജില്ലയിലെ ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് ജില്ലയില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നത്.