കോഴിക്കോട്. വിനോദ സഞ്ചാരികള്‍ക്കു നേരെ വന്യജീവി അക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ജനുവരി 21 മുതല്‍ അടച്ചിട്ട കക്കയം ടൂറിസം കേന്ദ്രം ഒരാഴ്ച്ചയ്ക്കുള്ളില്‍ തുറക്കും. അണക്കെട്ടും പരിസരവും ഉള്‍പ്പെടുന്ന മലബാറിലെ പ്രധാന ഹൈഡല്‍ ടൂറിസം കേന്ദ്രമാണ് കക്കയം. വനംവകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായാണ് ഈ ടൂറിസം കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇവിടെ ബോട്ടിങ് സൗകര്യവുമുണ്ട്. മലബാറില്‍ സ്പീഡ് ബോട്ട് റൈഡുള്ള പ്രധാന ടൂറിസം കേന്ദ്രം കൂടിയാണിത്.
വന്യജീവി ഭീഷണി ചെറുക്കാന്‍ കൂടുതല്‍ വാച്ചര്‍മാരെ ഇവിടെ നിയോഗിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വന്യജീവികളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കി ഈ ടൂറിസം കേന്ദ്രം വീണ്ടും തുറക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇവിടെ എത്തുന്ന സഞ്ചാരികള്‍ വന്യജീവികള്‍ക്ക് ഭക്ഷണം നല്‍കുന്നതും പരിസര പ്രദേശങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നതും ഇവിടേക്ക് കൂടുതല്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നതായാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. സന്ദര്‍ശകര്‍ വനം വകുപ്പിന്റെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാത്തതും ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഡാം സൈറ്റിന് താഴെ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് വന്യജീവി ആക്രമണ ഭീഷണി കൂടുതലുള്ളത്.
കെഎസ്ഇബിയുടെ ഹൈഡല്‍ ടൂറിസം വിഭാഗത്തിലെ ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ ഉടക്കുള്ളതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. 60 രൂപയാണ് കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശനത്തിന് സന്ദര്‍ശകരില്‍ നിന്ന് ഈടാക്കുന്നത്. ഇതില്‍ 40 രൂപ വനം വകുപ്പും 20 രൂപ കെഎസ്ഇബിയുടെ ഹൈഡല്‍ ടൂറിസവും ഈടാക്കുന്നു. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് രണ്ട് ടിക്കറ്റുകള്‍ ഈടാക്കുന്നുവെന്ന് പരാതിയും വര്‍ഷങ്ങളായി നിലനില്ക്കുന്നു. ധാരാളം സഞ്ചാരികള്‍ എത്തുന്നതിനാല്‍ ടിക്കറ്റ് ഇനത്തില്‍ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഇവിടെ വേണ്ടത്ര അടിസ്ഥാര സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. സ്പീഡ് ബോട്ടിങ്ങിന് ഒരാള്‍ക്ക് 250 രൂപയാണ് നിരക്ക്. കൂടാതെ വാഹന പാര്‍ക്കിങ്, ക്യാമറ എന്നിവയ്ക്കും ഫീസ് ഈടാക്കുന്നുണ്ട്. ഈ വരുമാനത്തിന്റെ ചെറിയൊരു ഭാഗം ഉപയോഗിച്ച് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാവുന്നതാണെന്ന് പരിസരവാസികള്‍ ചൂണ്ടിക്കാട്ടുന്നു.