കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ IndiGo കോഴിക്കോട്, കൊച്ചി, അഗത്തി എന്നീ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് പ്രതിദിന സർവീസ് പ്രഖ്യാപിച്ചു. മേയ് ഒന്നു മുതൽ ബുക്കിങ് സ്വീകരിച്ചു തുടങ്ങി. കോഴിക്കോട് നിന്ന് കൊച്ചിയിലേക്കും, കൊച്ചിയിൽ നിന്ന് അഗത്തിയിലേക്കും, കോഴിക്കോട് നിന്ന് കൊച്ചി വഴി അഗത്തിയിലേക്കും തിരിച്ചുമാണ് പ്രതിദിന സർവീസുകൾ. കുറഞ്ഞ ചെലവിൽ അതിവേഗം ലക്ഷ്യത്തിലെത്താമെന്നതിനാൽ ടൂറിസം, ബിസിനസ് യാത്രക്കാരെ ഈ പുതിയ സർവീസുകൾ ആകർഷിക്കും. കോഴിക്കോട് നിന്ന് ആദ്യമായാണ് ലക്ഷദ്വീപിലേക്ക് വിമാന സർവീസ് വരുന്നത്.
കോഴിക്കോട് നിന്ന് കൊച്ചിയിലേക്കും അഗത്തിയിലേക്കുമുള്ള ഇൻഡിഗോ വിമാനം രാവിലെ 10.20ന് പുറപ്പെടും. കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസ് ഉച്ചയ്ക്ക് 1.45നാണ്. കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് രാവിലെ 11.25നും അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള വിമാനം 12.10നും പുറപ്പെടും.
അതിമനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട ദ്വീപാണ് അഗത്തി. ജലവൈവിധ്യത്താൽ അനുഗ്രഹീതമായ 6 കിലോമീറ്റർ നീളമുള്ള ദ്വീപാണ്. ലക്ഷദ്വീപിൽ വിമാനമിറങ്ങുന്ന എയർസ്ട്രിപ്പുള്ള ഏക ദ്വീപു കൂടിയാണ്. ആഴക്കടൽ മത്സ്യബന്ധനം, സ്കൂബ ഡൈവിംഗ്, സെയ്ലിംഗ്, സ്കീയിംഗ്, കയാക്കിംഗ് എന്നീ ജനവിനോദങ്ങൾക്ക് മികച്ചയിടം കൂടിയാണ് അഗത്തി. സമീപ ദ്വീപുകളായ ബംഗാരം, പിട്ടി, തിണ്ണകര, പരാളി I, പരാളി-II എന്നീ ജനവാസമില്ലാത്തതും ശാന്തവുമായ ദ്വീപുകൾ എക്സ്പ്ലോർ ചെയ്യുന്നതിനുള്ള മികച്ച താവളം കൂടിയാണ് അഗത്തി.