ഗാന്ധിനഗര്‍. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിള്‍ പാലം Sudarshan Setu ഗുജറാത്തില്‍ തുറന്നു. ഗുജറാത്തിലെ തുറമുഖ നഗരമായ ഓഖയെ ബേട് ദ്വാരക ദ്വീപുമായി ബന്ധിപ്പിക്കുന്ന 2.32 കിലോമീറ്റര്‍ ദൂരമുള്ള പാലമാണിത്. കേബിളുകളില്‍ ഉറപ്പിച്ചിരിക്കുന്ന പാലം രൂപകല്‍പ്പന കൊണ്ട് വേറിട്ടു നില്‍ക്കുന്നു. പാലത്തില്‍ നടപ്പാതയുമുണ്ട്. ഭഗവത്ഗീതയില്‍ നിന്നുള്ള വചനങ്ങളും കൃഷ്ണന്റെ ചിത്രങ്ങളും കൊണ്ട് പാലം അലങ്കരിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പാലം ഉദ്ഘാടനം ചെയ്തത്.
27.20 മീറ്ററാണ് പാലത്തിന്റെ വീതി. 2.50 മീറ്റര്‍ വീതിയില്‍ ഇരു വശങ്ങളിലും കാല്‍നടക്കാര്‍ക്കായി ഫൂട്പാത്തും ഉണ്ട്. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സുരക്ഷിതമായി കടന്നുപോകാം. ഓഖ തുറമുഖത്തിനു സമീപത്തെ ചെറിയ ദ്വീപാണ് ബേട് ദ്വാരക. ഗുജറാത്തിലെ പ്രധാന ടൂറിസം കേന്ദ്രവും ഒട്ടേറെ ഭക്തരുടെ സന്ദര്‍ശന കേന്ദ്രവുമാണ്. പ്രശസ്ത കൃഷ്ണ ക്ഷേത്രമായ ദ്വാരകാധിഷ് സ്ഥിതിചെയ്യുന്ന ദ്വാരക ടൗണില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ദ്വീപിലേക്ക്. തീര്‍ത്ഥാടകര്‍ ബോട്ടുകളിലാണ് ഈ ദ്വീപിലെത്തിയിരുന്നത്.