കൊച്ചി. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി (HYDROGEN FUEL CELL FERRY) കൊച്ചിയിൽ നീറ്റിലിറക്കി. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പായ ഈ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറ്റമരന്‍ ഫെറി കൊച്ചിന്‍ ഷിപ്‌യാര്‍ഡാണ് നിര്‍മ്മിച്ചത്. പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഹൈഡ്രജന്‍ കപ്പലാണിത്. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം നിർവഹിച്ചു. ഉത്തർ പ്രദേശിലെ വാരാണസിയിലാണ് ഈ ഹൈഡ്രജൻ ബോട്ട് സർവീസ് നടത്തുക.
2070ഓടെ ഇന്ത്യയില്‍ ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായി ഒരു പൈലറ്റ് പദ്ധതി ആയാണ് ഈ ഹൈഡ്രജന്‍ ഫെറി കൊച്ചി കപ്പൽശാലയിൽ നിര്‍മിച്ചത്. മാരിടൈന്‍ ഇന്ധനമായി ഹൈഡ്രജനെ സ്വീകരിക്കാനുള്ള പരിശ്രമങ്ങളുടെ കൂടി ഭാഗമാണിത്. ശബ്ദമില്ലാതെ ഓടുന്ന ഈ ഫെറി മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ല. ഊര്‍ജ്ജ ഉപയോഗവും കാര്യക്ഷമമാണ്. ഫലത്തില്‍ ഇത് ആഗോള താപനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
നാഷനല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ വിഭാവനം ചെയ്യുന്നതു പോലെ ഹൈഡ്രജനെ ഒരു മാരിടൈം ഇന്ധനമായി ഉപയോഗിക്കുന്നതിന് ഈ പദ്ധതി ഊര്‍ജ്ജം പകരും. ഏറ്റവും വേഗത്തില്‍ സമുദ്രഗതാഗത രംഗത്ത് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ഈ പദ്ധതി ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഒരു മത്സരാധിഷ്ഠിത മുന്‍തൂക്കവും നേടിക്കൊടുക്കും.