ചെങ്കടലിന്‍ പൈതൃക ചെപ്പ്; അല്‍ ബലദിന്റെ ചരിത്രവഴികളിലൂടെ

jeddah al balad unesco heritage city tripupdates.in

✍🏻 കെ സി ഗഫൂർ

ചെങ്കടല്‍ തിരമാലകള്‍ക്കൊപ്പം നൂറ്റാണ്ടുകളുടെ കഥ അലയടിക്കുന്ന പ്രൗഢമായ മണ്ണാണ് ജിദ്ദയിലെ പുരാതന തുറമുഖ പട്ടണമായ അല്‍ ബലദ്. ഏഴാം നൂറ്റാണ്ട് മുതല്‍ മക്കയിലേക്കുള്ള തീര്‍ത്ഥാടകരുടെ കവാടമായും അന്താരാഷ്ട്ര വാണിജ്യപാതയിലെ പ്രമുഖ തുറമുഖമായും നിലകൊണ്ട നഗരം, തനത് വാസ്തുവിദ്യ കൊണ്ടും സാംസ്‌കാരിക വൈവിധ്യം കൊണ്ടും ലോകപൈതൃക ഭൂപടത്തില്‍ പ്രത്യേക ഇടം നേടിയിട്ടുണ്ട്.

അല്‍-ബലദിലെ നിര്‍മിതികളെ ലോകപ്രശസ്തമാക്കുന്നത് വേറിട്ട ഹിജാസി നിര്‍മ്മാണ ശൈലിയാണ്. വീടുകളുടെ ജനാലകളിലും ബാല്‍ക്കണികളിലും മനോഹരമായ കൊത്തുപണികളോടെ കാണപ്പെടുന്ന തടി നിര്‍മ്മിതികളായ ‘റോഷന്‍’ ഇതിന്റെ സവിശേഷതയാണ്. കടുത്ത ചൂടിലും നല്ല വായുസഞ്ചാരം ഉറപ്പാക്കാനും ഒപ്പം വീടിനുള്ളിലെ സ്വകാര്യത കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെങ്കടലില്‍നിന്ന് ശേഖരിച്ച പവിഴക്കല്ലുകളായിരുന്നു പണ്ടുകാലത്ത് പ്രധാനമായും കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. ബാബ് മക്ക, ബാബ് ശരീഫ് തുടങ്ങിയ പുരാതന നഗര കവാടങ്ങള്‍ ഇന്നും ആ പഴയകാല പ്രൗഢിയോടെ നിലകൊള്ളുന്നു.

2014 ജൂണിലാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ അല്‍-ബലദ് ഔദ്യോഗികമായി ഇടം പിടിക്കുന്നത്. 2026-ല്‍ ഈ ചരിത്ര പദവിയുടെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു അല്‍-ബലദ്.

സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി സല്‍മാന്‍ രാജാവിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ബലദിന്റെ പൈതൃകം വീണ്ടെടുക്കാന്‍ വന്‍ പദ്ധതികളാണ് നടപ്പാക്കിയത്. അറബ്-ഇന്ത്യന്‍ സാംസ്‌കാരിക ബന്ധത്തിന്റെ ചരിത്രസാക്ഷികളായ ബൈത്ത് നസീഫ്, ബൈത്ത് നൂര്‍വാലി തുടങ്ങി അറുനൂറിലധികം ചരിത്ര മന്ദിരങ്ങളും അല്‍-ഷാഫി പള്ളി ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളും തനിമ ചോരാതെ പുനരുദ്ധരിച്ചു.

പഴയകാല കെട്ടിടങ്ങള്‍ ഹോട്ടലുകളായും ആര്‍ട്ട് ഗാലറികളായും സാംസ്‌കാരിക കേന്ദ്രങ്ങളായും പരിവര്‍ത്തിപ്പിച്ചതോടെ, നഗരത്തിന്റെ ചരിത്രപ്രാധാന്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി അല്‍-ബലദ് മാറിയിരിക്കുന്നു. പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള സാംസ്‌കാരിക നായകരെ പങ്കാളികളാക്കി വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളാണ് അല്‍-ബലദില്‍ അരങ്ങേറുന്നത്.

റെഡ് സി മ്യൂസിയം

ജിദ്ദയിലെ പുരാതന നഗരമായ ബലദ് സന്ദര്‍ശിക്കുമ്പോള്‍ പ്രധാനമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് റെഡ് സീ മ്യൂസിയം. ഒന്നര നൂറ്റാണ്ട് ജിദ്ദയുടെ തുറമുഖ കവാടമായി നിലകൊണ്ട ബാബ് അല്‍ ബുന്ദ് സ്ഥിതിചെയ്ത സ്ഥലത്താണ് മ്യൂസിയം പണിതിരിക്കുന്നത്. ഏഷ്യ, ആഫ്രിക്ക വന്‍കരകളെ വേര്‍ത്തിരിക്കുന്ന ചെങ്കടലിന്റെ ഉത്ഭവ ചരിത്രവും, ജൈവവൈവിധ്യവും സംസ്‌കാരിക പശ്ചാത്തലവും വരച്ചിടുന്ന പ്രധാന സന്ദര്‍ശന കേന്ദ്രമാണീ മ്യൂസിയം. ചെങ്കടല്‍ കര പങ്കിടുന്ന പ്രധാന രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന കപ്പലുകളുടെയും ബോട്ടുകളുടെയും മാതൃകകളും പഴയകാല നാവികര്‍ കടല്‍ യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്ന ദിശാനിര്‍ണ്ണയ ഉപകരണങ്ങള്‍, ഭൂപടങ്ങള്‍ എന്നിവയും കടല്‍ മാര്‍ഗ്ഗം വന്നിറങ്ങിയിരുന്ന ഹാജിമാരുടെ യാത്രകളെക്കുറിച്ചും അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളെക്കുറിച്ചുമുള്ള വിപുലമായ വിവര ശേഖരങ്ങളുമാണ് മ്യൂസിയത്തില്‍. ചെങ്കടലിലെ അപൂര്‍വ്വമായ പവിഴപ്പുറ്റുകള്‍, മത്സ്യങ്ങള്‍, സമുദ്രജീവികള്‍ എന്നിവയെക്കുറിച്ച ശാസ്ത്രീയ വിവരങ്ങളും ദൃശ്യങ്ങളും മ്യൂസിയത്തിലുണ്ട്.

പവിഴക്കല്ലുകള്‍, തടികൊണ്ടുള്ള കൊത്തുപണികള്‍ (റോഷന്‍) എന്നിവയുടെ സാങ്കേതിക വശങ്ങളും ചരിത്രവും വിവരിക്കുന്ന ഭാഗങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍, മുത്തുകള്‍ എന്നിവയുടെ വ്യാപാരത്തിലൂടെ ജിദ്ദ എങ്ങനെ ഒരു ആഗോള നഗരമായി മാറി എന്ന് വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങളും മ്യൂസിയത്തില്‍ കാണാം. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്‌ക്രീനുകളിലൂടെ ചെങ്കടലിന്റെയും ജിദ്ദയുടെയും ചരിത്രം ആവേശകരമായ രീതിയില്‍ സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

നസീഫ് ഹൗസ്

അല്‍ ബലദില്‍ പ്രൗഢിയോടെ നിലകൊള്ളുന്ന വാസ്തുവിദ്യാ അത്ഭുതമാണ് ബൈത്ത് നസീഫ്. 1872-ല്‍ അക്കാലത്തെ ഏറ്റവും പ്രശസ്തനും സമ്പന്നരുമായ വ്യാപാരികളില്‍ ഒരാളും ജിദ്ദയുടെ ഗവര്‍ണറുമായിരുന്ന ഷെയ്ഖ് ഉമര്‍ അഫന്ദി നസീഫാണ് ഈ ചരിത്ര കൊട്ടാരം നിര്‍മ്മിച്ചത്. ബൈത്ത് നസീഫിന് ചുറ്റുമായി ഏതാണ്ട് 600-ഓളം പാരമ്പര്യ വീടുകള്‍ അല്‍ ബലദില്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇതില്‍ 450 മുതല്‍ 500 വരെയുള്ള കെട്ടിടങ്ങള്‍ ഇന്നും അവയുടെ പൗരാണിക തനിമയും നിര്‍മ്മാണഭംഗിയും ചോര്‍ന്നുപോകാതെ നിലനില്‍ക്കുന്നു എന്നത് പ്രദേശത്തിന്റെ ചരിത്രപരമായ മൂല്യം വ്യക്തമാക്കുന്നു.

al balad Jeddah unesco heritage site tripupdates.in

നാല് നിലകളിലായി ക്രമീകരിച്ചിരിക്കുന്ന 106 മുറികളാണ് ബൈത്ത് നസീഫിന്റെ പ്രധാന ആകര്‍ഷണം. പരമ്പരാഗത ഹിജാസി നിര്‍മ്മാണ ശൈലിയില്‍ പണിതുയര്‍ത്തിയ ഈ വസതിക്ക് സൗദി അറേബ്യയുടെ രാഷ്ട്ര രൂപീകരണ ചരിത്രത്തിലും സവിശേഷ സ്ഥാനമുണ്ട്. 1925-ല്‍ ജിദ്ദയിലെത്തിയ സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് ആലു സൗദ് രാജാവ് താമസത്തിനായി തിരഞ്ഞെടുത്തത് ഈ കൊട്ടാരമായിരുന്നു.

ഇന്ന് സൗദി മന്ത്രാലയത്തിന് കീഴില്‍ ഇതൊരു സമ്പൂര്‍ണ്ണ ചരിത്ര മ്യൂസിയമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മ്യൂസിയത്തില്‍ അറേബ്യന്‍ കൈയെഴുത്തുപ്രതികള്‍, അപൂര്‍വ്വ ചരിത്രരേഖകള്‍, പൗരാണിക ചിത്രങ്ങള്‍, പഴയകാല ഹിജാസി ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ബൈത്ത് നസീഫിന്റെ മുറ്റത്ത് തലയുയര്‍ത്തി നില്‍ക്കുന്ന നൂറിലധികം വര്‍ഷം പഴക്കമുള്ള വലിയ വേപ്പുമരം ഈ കൊട്ടാരത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നാണ്. ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന് നട്ടതാണെന്ന് ചരിത്രരേഖകളും പ്രാദേശിക കഥകളും സാക്ഷ്യപ്പെടുത്തുന്ന ഈ വൃക്ഷം, അക്കാലത്ത് അല്‍ ബലദ് പ്രദേശത്തുണ്ടായിരുന്ന ഒരേയൊരു മരമായിരുന്നു. തരിശുഭൂമിയില്‍ തണല്‍വിരിച്ച ഈ ഒറ്റമരം കാരണം പ്രാദേശികവാസികള്‍ ബൈത്ത് നസീഫിനെ ‘മരമുള്ള വീട്’ എന്നും വിളിച്ചുപോന്നു. പൗരാണികതയുടെയും വാസ്തുവിദ്യയുടെയും അപൂര്‍വ്വ കാഴ്ചകള്‍ തേടി ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളും ചരിത്രപ്രേമികളുമാണ് ഇന്ന് ബൈത്ത് നസീഫിലേക്ക് എത്തുന്നത്.

നൂര്‍വാലി ഹൗസ്

അല്‍-ബലദിന്റെ തെരുവുകളിലൂടെ നടക്കുമ്പോള്‍, പുരാതനമായ കെട്ടിടങ്ങള്‍ക്കിടയില്‍ ആരുടെയും കണ്ണുടക്കുന്ന ഒരു പൈതൃക സൗധമുണ്ട്, ‘നൂര്‍വാലി ഹൗസ്’ അല്‍-ബലദിലെ പ്രശസ്തമായ ബൈത്ത് നസീഫിന് തൊട്ടടുത്ത്, തലയെടുപ്പോടെ നില്‍ക്കുന്ന ഈ നിര്‍മ്മിതി വെറുമൊരു കെട്ടിടമല്ല; നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍നിന്നു ജിദ്ദയിലെത്തി തട്ടകമാക്കിയ കച്ചവടക്കാരുടെ കഥപറയുന്ന ജീവനുള്ള ഓര്‍മ്മച്ചെപ്പാണ്.

അക്കാലത്ത് ബലദിലെ ഭൂരിഭാഗം വീടുകളും രണ്ടും മൂന്നും നിലകളില്‍ ഒതുങ്ങിനിന്നപ്പോള്‍, ആറ് നിലകളുടെ ഗാംഭീര്യത്തോടെ നഗരത്തിലെ ഏറ്റവും ഉയരം കൂടിയ അത്ഭുതമായി നൂര്‍വാലി ഹൗസ് ശോഭിച്ചു. പച്ചച്ചായമണിഞ്ഞ തടിയുടെ മനോഹരമായ റോഷന്‍ ജാലകങ്ങള്‍ ഈ ഭവനത്തിന്റെ ഭംഗി കൂട്ടുന്നു. ചെങ്കടല്‍ത്തീരത്തു നിന്ന് ശേഖരിച്ച കടല്‍ക്കല്ലുകളും ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത തേക്കും ചേര്‍ത്തുവെച്ചാണ് ഈ മാളിക പണിതുയര്‍ത്തിയത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗുജറാത്തില്‍നിന്നു കച്ചവട ആവശ്യങ്ങള്‍ക്കായി ജിദ്ദയിലെത്തുകയും, പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത പ്രമുഖ വ്യാപാരി കുടുംബങ്ങളുടെ ചരിത്രവുമായി ഈ വീടിന് ആഴത്തിലുള്ള ബന്ധമുണ്ട്. ഗുജറാത്തി വ്യാപാരിയായ അബ്ദുല്‍ ഖാദര്‍ നൂര്‍വാലിയുടെ പേരില്‍ നിന്നാണ് ഈ പൈതൃക മന്ദിരത്തിന് ‘നൂര്‍വാലി ഹൗസ്’ എന്ന പേര് ലഭിക്കുന്നത്.

ഇന്ന്, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ചരിത്രപ്രധാനമായ ജിദ്ദ മേഖലയുടെ സംരക്ഷണ പദ്ധതികളുടെ ഭാഗമായി സൗദി സാംസ്‌കാരിക മന്ത്രാലയം ഈ ഭവനത്തെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ വരുംതലമുറയ്ക്കായി സംരക്ഷിച്ചുപോരുന്നു. അറബ് സംസ്‌കാരവും ഭാരതീയ നിര്‍മ്മാണ വൈദഗ്ധ്യവും ഒത്തുചേര്‍ന്ന നൂര്‍വാലി ഹൗസ്, ഏതു യാത്രക്കാരന്റെ മനസ്സിലും ജിദ്ദയുടെ മനോഹരമായൊരു ചരിത്രചിത്രമായി എന്നും തെളിഞ്ഞുനില്‍ക്കും.

അല്‍-ഫലാഹ് സ്‌കൂള്‍

സൗദി അറേബ്യയിലെ തന്നെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് അല്‍-ഫലാഹ് സ്‌കൂള്‍. 1905-ല്‍ പ്രശസ്ത മുത്ത് വ്യാപാരിയായിരുന്ന മുഹമ്മദ് അലി സൈനല്‍ അലിറേസ ആണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്.
സൗജന്യമായി ആധുനികവും മതപരവുമായ വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ജിദ്ദക്ക് പുറമെ മക്കയിലും പിന്നീട് ഇതിന്റെ ശാഖകള്‍ ആരംഭിച്ചിട്ടുണ്ട് .

രാജ്യത്തെ പ്രമുഖരായ നിരവധി മന്ത്രിമാര്‍, പണ്ഡിതന്മാര്‍, വ്യാപാരികള്‍, എഴുത്തുകാരൊക്കെ ഈ വിദ്യാലയത്തില്‍ പഠിച്ചിറങ്ങിയവരാണ്.

നൂറിലധികം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിദ്ദയുടെയും സൗദി അറേബ്യയുടെയും വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അടയാളമായി ഇതിനെ യുനെസ്‌കോ പൈതൃക മേഖലയായ ബലദില്‍ സംരക്ഷിച്ചുപോരുന്നു.

മദീന ഗേറ്റ്

ബലദ് മേഖലയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന, ഇപ്പോള്‍ കാണുന്ന മദീന ഗേറ്റ് പഴയ മാതൃകയില്‍ പുനര്‍നിര്‍മ്മിച്ചതാണ്. ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ മദീനയിലേക്ക് പോയിരുന്നത് ഈ വഴിയിലൂടെയായതിനാല്‍ ചരിത്രപരമായി ഇതിന് വലിയ പ്രാധാന്യമുണ്ട്. നിലവില്‍ ജിദ്ദ ബലദിലെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന പ്രധാന അടയാളങ്ങളിലൊന്നാണ് ഈ കവാടം.
മദീന ഗേറ്റ് പരിസരത്ത് നടത്തിയ ജിദ്ദ ഹിസ്റ്റോറിക് പ്രോജക്റ്റിന്റെ’ ഭാഗമായി പുരാവസ്തു ഖനനത്തിലൂടെ പഴയ ജിദ്ദ മതില്‍ക്കെട്ടിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. മതില്‍ ഭാഗത്തിന് ഏകദേശം 40 മീറ്ററോളം വരുന്ന പ്രധാന ഭാഗവും വീണ്ടെടുക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

അക്കാലത്ത് പോര്‍ച്ചുഗീസ് കപ്പലുകളുടെ ആക്രമണത്തില്‍നിന്ന് ജിദ്ദയെ സംരക്ഷിക്കുക എന്നതായിരുന്നു ഈ മതില്‍ നിര്‍മ്മാണത്തിന്റെ പ്രധാന ലക്ഷ്യം. നഗരത്തിലേക്കുള്ള പ്രവേശനവും സുരക്ഷയും നിയന്ത്രിക്കാന്‍ ഈ മതിലില്‍ പ്രധാനപ്പെട്ട എട്ട് കവാടങ്ങള്‍ ഉണ്ടായിരുന്നു. സൂര്യാസ്തമയത്തിനു ശേഷം എല്ലാ കവാടങ്ങളും അടയ്ക്കുകയും, പുലര്‍ച്ചെക്ക് ശേഷം മാത്രം തുറക്കുകയും ചെയ്യുമായിരുന്നു. അപരിചിതര്‍ രാത്രികാലങ്ങളില്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ഇത് സഹായിച്ചു.

മറ്റ് പൈതൃക നിര്‍മ്മിതികളെപ്പോലെ പവിഴക്കല്ലുകള്‍ ഉപയോഗിച്ചാണ് മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1947-ല്‍ ജനസംഖ്യാ വര്‍ദ്ധനവിനെ തുടര്‍ന്ന് ജിദ്ദ നഗരം വികസിക്കാന്‍ തുടങ്ങിയപ്പോള്‍, നഗരവികസനത്തിന് തടസ്സമായി മാറിയ ഈ പഴയ മതില്‍ക്കെട്ട് പൊളിച്ചുമാറ്റുകയായിരുന്നു.

മക്കാ ഗേറ്റ് (ബാബ് മക്ക)

മദീന ഗേറ്റ് പോലെ തന്നെ ചരിത്രപരമായ പ്രാധാന്യമുള്ളതാണ് പഴയ ജിദ്ദയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മക്കാ ഗേറ്റും. ഒരുകാലത്ത് ഒട്ടകപ്പുറത്തും കാല്‍നടയായും മക്കയിലേക്ക് പോയിരുന്ന തീര്‍ത്ഥാടകരുടെയും യാത്രക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നു ഇത്.

ബാബ് മക്ക കേവലം ഒരു ഗേറ്റ് മാത്രമല്ല, ജിദ്ദയിലെ ഏറ്റവും വലിയ പരമ്പരാഗത ചന്തകളില്‍ ഒന്നു കൂടിയാണ്. പുരാതന കാലം മുതല്‍ക്കേ സുഗന്ധവ്യഞ്ജനങ്ങള്‍, ധാന്യങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ വലിയ വ്യാപാരം ഇവിടെ നടന്നു വരുന്നു. ഇന്നും ‘സൂഖ് അല്‍-ബദു’ എന്നറിയപ്പെടുന്ന പ്രശസ്തമായ ചന്ത സ്ഥിതിചെയ്യുന്നത് ഈ കവാടത്തിന് സമീപത്താണ്.

അതുപോലെ തന്നെ അല്‍-ബലദിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ വിപണിയാണ് സൂഖ് അല്‍-അലവി. നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക്, ഏറെ പ്രശസ്തിയാര്‍ജ്ജിച്ച ഇടമാണ് ഈ മാര്‍ക്കറ്റുകള്‍.

ഹവ്വാ മഖ്ബറ

ജിദ്ദ നഗരത്തിന്റെ ചരിത്രരേഖകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അല്‍ ബലദിലെ അമ്മാരിയ്യ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹവ്വാ മഖ്ബറ. മനുഷ്യവംശത്തിന്റെ ആദിമ മാതാവായ ഹവ്വായുടെ പേരുമായി ബന്ധപ്പെട്ടാണ് ‘ജിദ്ദ’ (അറബിയില്‍ മുത്തശ്ശി എന്ന അര്‍ത്ഥം നല്‍കുന്ന പദം) എന്ന പേരുപോലും നഗരത്തിന് ലഭിച്ചതെന്ന് പഴമക്കാര്‍ പറയാറുണ്ട്. നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ചരിത്രകാരന്മാരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒന്നാണ് ഈ പുരാതന ശ്മശാനം.

ചരിത്രപരമായ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇഴചേര്‍ന്നുനില്‍ക്കുന്ന മഖ്ബറയിലേക്ക് നിലവില്‍ സുരക്ഷാ കാരണങ്ങളാലും ആചാരപരമായ കാര്യങ്ങളാലും പൊതുജനങ്ങള്‍ക്ക് നേരിട്ട് പ്രവേശനമില്ല. എങ്കിലും, വഴിയരികിലൂടെ കടന്നുപോകുന്നവര്‍ക്ക് പുറത്തെ ചുറ്റുമതിലും അതില്‍ ‘ഹവ്വാ മഖ്ബറ’ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡും വ്യക്തമായി കാണാന്‍ സാധിക്കും. ചെങ്കടല്‍ തീരത്തെ പ്രൗഢമായ പ്രാചീന സംസ്‌കാരത്തിന്റെയും ജിദ്ദയുടെ പാരമ്പര്യത്തിന്റെയും ചരിത്രശേഷിപ്പായി ഈ സ്ഥലം ഇന്നും നിലകൊള്ളുന്നു.

സാവിയത്തുല്‍ ഹുനൂദ് (ഇന്ത്യന്‍ കോര്‍ണര്‍)

വിമാന സര്‍വീസുകള്‍ നിലവില്‍വരുന്നതിന് മുന്‍പ്, മാസങ്ങള്‍ നീണ്ട കടല്‍യാത്ര കഴിഞ്ഞ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നുള്ള ഹജ്ജ്-ഉംറ തീര്‍ത്ഥാടകരും വ്യാപാരികളും എത്തിച്ചേര്‍ന്നിരുന്നത് പുരാതന ജിദ്ദ തുറമുഖത്തായിരുന്നു. കപ്പലിറങ്ങി മക്കയിലേക്കുള്ള യാത്രക്ക് മുന്‍പും, തിരികെ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പും ഇവര്‍ക്ക് അല്‍-ബലദിലെ തെരുവുകളില്‍ പ്രധാന അഭയകേന്ദ്രമായിരുന്ന ഇടമാണ് ‘സാവിയത്തുല്‍ ഹുനൂദ്’ (ഇന്ത്യന്‍ കോര്‍ണര്‍)

സൂഫിവര്യന്മാര്‍, പണ്ഡിതന്മാര്‍, തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് പ്രാര്‍ത്ഥിക്കാനും ആത്മീയ പഠനങ്ങള്‍ക്കും ഒത്തുചേരലിനുമായി ഒരുക്കിയതായിരുന്നു ഈ കേന്ദ്രം. പ്രമുഖ വ്യാപാരികളുടെ സഹകരണത്തോടെ ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും ഇവിടെ സൗജന്യമായി നല്‍കിയിരുന്നു. അറബ് മണ്ണും ഇന്ത്യന്‍ സംസ്‌കാരവും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രബന്ധത്തിന്റെ ജീവിക്കുന്ന തെളിവാണ് ഇത്.

നഗരത്തിന്റെ ആധുനികവല്‍ക്കരണത്തോടെ ഇതിന്റെ പ്രവര്‍ത്തനരീതി മാറിയെങ്കിലും, ഇന്ന് ഈ ചരിത്രസങ്കേതം ‘അബൂബക്കര്‍ സിദ്ധീഖ് പള്ളി’ എന്ന പേരില്‍ അല്‍-ബലദില്‍ സംരക്ഷിക്കപ്പെട്ടുപോരുന്നു. പാരമ്പര്യ തെരുവുകളിലൂടെ നടക്കുമ്പോള്‍, ഇന്ത്യയും സൗദിയും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ആത്മീയ-വാണിജ്യ ബന്ധത്തിന്റെ നിശ്ശബ്ദ സാക്ഷിയായി ഈ പള്ളി ഇന്നും നിലകൊള്ളുന്നു.

അല്‍-ഷാഫി മസ്ജിദ്

ബലദിലെ ഏറ്റവും പഴക്കമേറിയതും പ്രൗഢവുമാര്‍ന്ന ആരാധനാലയങ്ങളില്‍ ഒന്നാണ് അല്‍-ഷാഫി മസ്ജിദ്. എ.ഡി ഏഴാം നൂറ്റാണ്ടില്‍, രണ്ടാം ഖലീഫ ഉമര്‍ ബിന്‍ അല്‍-ഖത്താബിന്റെ ഭരണകാലത്താണ് ഈ മസ്ജിദിന്റെ അടിത്തറ പാകിയതെന്നാണ് ചരിത്രരേഖകള്‍. 1400 വര്‍ഷത്തോളം പഴക്കമുള്ള ഈ പൈതൃക സൗധം ഇന്നും നഗരത്തിന്റെ ഇസ്ലാമിക പാരമ്പര്യത്തിന്റെയും വാസ്തുവിദ്യ വൈഭവത്തിന്റെയും ജീവിക്കുന്ന പ്രതീകമായി നിലകൊള്ളുന്നു.

masjid uthman bin affan Al balad jeddah unesco heritage site

കാലാകാലങ്ങളില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ നിലനിന്നുപോന്ന ഈ മസ്ജിദിന്റെ ചരിത്രത്തില്‍ ഭാരതവുമായുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. പതിനാറാം നൂറ്റാണ്ടില്‍ (എ.ഡി. 1539-ല്‍) പള്ളി ജീര്‍ണ്ണാവസ്ഥയിലായപ്പോള്‍, ഇന്ത്യക്കാരനായ ഖവാജ മുഹമ്മദ് അലി എന്ന പ്രമുഖ വ്യാപാരിയുടെ മേല്‍നോട്ടത്തിലാണ് പള്ളി പുനര്‍നിര്‍മ്മിക്കപ്പെട്ടത്. മസ്ജിദിന്റെ മേല്‍ക്കൂരയെയും ആന്തരിക ഘടനയെയും താങ്ങിനിര്‍ത്തുന്ന ഉറപ്പേറിയ തേക്ക് തടിത്തൂണുകളും, പ്രവേശന കവാടത്തിലെ മനോഹരമായ വാതിലുകളും അന്ന് ഇന്ത്യയില്‍നിന്ന് പ്രത്യേകം കപ്പല്‍ മാര്‍ഗ്ഗം എത്തിച്ചതാണ്.

പള്ളിയുടെ പ്രവേശന കവാടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഈ തേക്ക് തടിയില്‍ തീര്‍ത്ത കൊത്തുപണികളുള്ള വാതിലുകളാണ്. സങ്കീര്‍ണ്ണമായ സസ്യരൂപങ്ങളും പൂക്കളും വള്ളികളും അലങ്കരിച്ച ഈ കവാടങ്ങള്‍ പഴയകാല കൊത്തുപണി വൈദഗ്ധ്യത്തിന്റെ തെളിവാണ്. കൂടാതെ, മസ്ജിദിന്റെ തെക്കുപടിഞ്ഞാറന്‍ കോണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മിനാരം എ.ഡി. 1250ല്‍ നിര്‍മ്മിച്ചതാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും യാതൊരു മാറ്റവുമില്ലാതെ, അന്നത്തെ അതേ രൂപത്തില്‍ തന്നെ ഈ മിനാരം ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

അറബ്-ഭാരതീയ സംസ്‌കാരങ്ങളുടെയും വാസ്തുവിദ്യയുടെയും അപൂര്‍വ്വ സംഗമമായ അല്‍-ഷാഫി മസ്ജിദ്, യുനെസ്‌കോയുടെ പൈതൃക സംരക്ഷണ പദ്ധതികളുടെ ഭാഗമായി തനിമ ചോരാതെ ഇന്നും ദിനംപ്രതി ആയിരക്കണക്കിന് വിശ്വാസികളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്നു.

ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ മസ്ജിദ്

അല്‍-ബലദിലെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങളിലൊന്നാണ് ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ മസ്ജിദ്. ഇസ്ലാമിലെ മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ ജിദ്ദയെ മക്കയിലേക്കുള്ള ഔദ്യോഗിക തീര്‍ത്ഥാടന തുറമുഖമായി പ്രഖ്യാപിച്ച കാലഘട്ടവുമായി ബന്ധപ്പെട്ടാണ് ഈ പള്ളി അറിയപ്പെടുന്നത്. ഒമ്പതാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഈ മസ്ജിദ്, അല്‍-ഷാഫി പള്ളി കഴിഞ്ഞാല്‍ ജിദ്ദയിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ പള്ളിയാണ്.

പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പൈതൃക പദ്ധതിക്ക് കീഴില്‍ നടന്ന പുരാവസ്തു ഖനനങ്ങളില്‍ വിസ്മയിപ്പിക്കുന്ന കണ്ടെത്തലുകളാണ് ഇവിടെനിന്ന് ലഭിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മിഹ്റാബും പ്രാര്‍ത്ഥനാ തളങ്ങളും കൂടാതെ പുരാതന ഇസ്ലാമിക് കളിമണ്‍ പാത്രങ്ങളും അപൂര്‍വ്വമായ ചൈനീസ് മണ്‍പാത്രങ്ങളും ഇവിടെനിന്നു കണ്ടെടുക്കുകയുണ്ടായി. മുന്‍കാലങ്ങളില്‍ ജിദ്ദക്ക് ഏഷ്യന്‍ രാജ്യങ്ങളുമായുണ്ടായിരുന്ന ശക്തമായ വാണിജ്യ ബന്ധത്തിലേക്കാണ് ഈ ശേഷിപ്പുകള്‍ വിരല്‍ചൂണ്ടുന്നത്.

കാലത്തിന്റെ ഒഴുക്കില്‍ പള്ളിയുടെ ചില പുരാതന ഭാഗങ്ങള്‍ മാത്രമാണ് ഇന്ന് നേരിട്ട് കാണാന്‍ സാധിക്കുകയെങ്കിലും, ഇവിടെ നടന്ന ഗവേഷണങ്ങള്‍ ജിദ്ദയുടെ 1,300-ലധികം വര്‍ഷത്തെ സാംസ്‌കാരിക പാരമ്പര്യമാണ് ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയത്. അല്‍-ബലദിന്റെ പാരമ്പര്യം വീണ്ടെടുക്കാനും മണ്ണിനടിയില്‍ മറഞ്ഞുകിടക്കുന്ന ജിദ്ദയുടെ സമ്പന്നമായ ചരിത്രം പുറത്തെത്തിക്കാനുമുള്ള ബൃഹത്തായ പദ്ധതികള്‍ പുരോഗമിക്കുമ്പോള്‍, അതിന്റെ മുന്‍നിരയില്‍ തന്നെ ഈ ചരിത്ര മസ്ജിദുമുണ്ട്.

Legal permission needed