ഡാര്‍ജിലിങ് ടോയ് ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് 31 വരെ നിര്‍ത്തിവച്ചു

ഡാര്‍ജിലിങ്. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഡാര്‍ജിലിങിലെ ടോയ് ട്രെയ്ന്‍ സര്‍വീസ് മണ്‍സൂണ്‍ മഴ കാരണം ഓഗസ്റ്റ് 31 വരെ നിര്‍ത്തിവച്ചതായി ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വെ അറിയിച്ചു. പൈതൃക ആവി വണ്ടിയുടെ മൂന്ന് സര്‍വീസുകളും ഡീസല്‍ വണ്ടിയുടെ ഒരു സര്‍വീസുമാണ് ജൂലൈ 20 മുതല്‍ നിര്‍ത്തിവച്ചത്. പശ്ചിമ ബംഗാളിന്റെ വടക്കേ അറ്റത്ത് ഹിമാലയന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഡാര്‍ജിലിങിലെ ടോയ് ട്രെയ്ന്‍ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഇടമാണ്. നോര്‍ത്ത്ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയുടെ ഭാഗമാണ് ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വെ (Darjeeling Himalayan Railway) സെക്ഷന്‍.

ഇന്ത്യയിലെ ഏറ്റവും മികച്ച ടോയ് ട്രെയ്ന്‍ റെയ്ഡാണ് ഡാര്‍ജിലിങ്ങിലേത്. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന ഇടവുമാണ്. നാരോ ഗേജ് ടോയ് ട്രെയ്‌നില്‍ ഹിമാലയന്‍ നിരകളിലൂടെയുള്ള ഉല്ലാസ യാത്ര ടൂറിസ്റ്റുകള്‍ക്ക് മികച്ച അനുഭവം നല്‍കുന്ന യാത്രയാണ്.

ന്യൂ ജല്‍പയ്ഗുരിക്കും ഡാര്‍ജിലിങിനുമിടയിലാണ് ടോയ് ട്രെയ്‌നുകള്‍ ഓടുന്നത്. സിലിഗുരി, കുര്‍സെയോങ് വഴി കടന്നു പോകുന്നു. പാതയില്‍ അഞ്ചു പാലങ്ങളും 500 കൊച്ചു പാലങ്ങളും കടന്നാണ് യാത്ര. തിരക്കേറിയ ടൂറിസം സീസണില്‍ ദിവസം 20 സര്‍വീസുകള്‍ വരെ നടത്താറുണ്ട്. ടൂറിസ്റ്റുകളുടെ എണ്ണം അനുസരിച്ചാണിത്. രാവിലെ 7.40 മുതല്‍ വൈകീട്ട് 4.30 വരെ ഡാര്‍ജിലിങില്‍ നിന്ന് ഗും വരെ 18 റെയ്ഡുകളുണ്ട്. ആവി എഞ്ചിനുള്ള വണ്ടിയും ഡീസല്‍ എഞ്ചിനുള്ള വണ്ടിയും ടൂറിസ്റ്റുകള്‍ക്ക് തിരഞ്ഞെടുക്കാം. ആവി എഞ്ചിനുള്ള വണ്ടിയില്‍ രണ്ട് ഫസ്റ്റ് ക്ലാസ് കാബിനുകളും ഡീസല്‍ വണ്ടിയില്‍ മൂന്ന് ഫസ്റ്റ് ക്ലാസ് കാബിനുകളുമുണ്ട്. ഡീസല്‍ വണ്ടിക്ക് 805 രൂപയും ആവി വണ്ടിക്ക് 1405 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Legal permission needed