ന്യൂ ദല്‍ഹി. നയതന്ത്രപ്രശ്‌നങ്ങളെ തുടര്‍ന്ന കാനഡയിലെ വിസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചു. കാനഡ പൗരന്മാരുടെ വിസ അപേക്ഷകളില്‍ താല്‍ക്കാലികമായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇ-വിസയുടെ നിര്‍ത്തിവച്ചു. വിസ നടപടികള്‍ നിര്‍ത്തിവച്ചതായി വിസ പരിശോധനകള്‍ക്കായി ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സി ബിഎല്‍എസ് ഇന്റര്‍നാഷനലും അറിയിച്ചിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഈ സ്ഥിതി തുടരുമെന്നാണ് ബിഎല്‍എസ് അറിയിച്ചത്. എന്നാല്‍ ഇതിനകം വിസ ലഭിച്ചവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ തടസ്സങ്ങളിലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കാനഡയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷനും കോണ്‍സുലേറ്റുകളും സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും ഇത് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പരഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
കാനഡക്കാരനും ഖലിസ്ഥാന്‍ വിഘടനവാദിയുമായ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായത്. സംഭവത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണമാണ് രംഗം വഷളാക്കിയത്. ഇത് രാഷ്ട്രീയ പ്രേരിത ആരോപണമാണെന്നും കൊലപാതകം സംബന്ധിച്ച് കാനഡ ഇന്ത്യയ്ക്ക് ഒരു വിവരവും നല്‍കിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.