ന്യൂ ദല്‍ഹി. നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചില്‍ കാരണം നിര്‍ത്തിവച്ച കാനഡയിലെ വിസ (CANADA VISA) സേവനങ്ങള്‍ ഇന്നു മുതല്‍ കാനഡയിലെ ഇന്ത്യയുടെ ഹൈ കമ്മീഷന്‍ പുനരാരംഭിക്കും. ടൊറന്റോയിലേയും വാന്‍കൂവറിലേയും കോണ്‍സുലേറ്റ് ജനറല്‍ ഓഫീസുകളില്‍ എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ എന്നീ സേവനങ്ങളാണ് വീണ്ടും നല്‍കിത്തുടങ്ങുന്നതെന്ന് ഹൈ കമ്മീഷന്‍ അറിയിച്ചു. കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് സെപ്തംബര്‍ 21 മുതല്‍ ഇന്ത്യ കാനഡയിലെ എല്ലാ വിസ സേവനങ്ങളും നിര്‍ത്തിവച്ചത്.
ഈയിടെ ബെംഗളൂരു, ചണ്ഡീഗഢ്, മുംബൈ എന്നിവിടങ്ങളിലെ കോണ്‍സുലര്‍ സേവനങ്ങള്‍ കാനഡ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഈ സേവനങ്ങളെല്ലാം ഇപ്പോള്‍ ദല്‍ഹിയിലെ കാനഡയുടെ ഹൈ കമ്മീഷനില്‍ മാത്രമെ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. കാനഡ ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
കുടിയേറ്റ വകുപ്പായ ഐആര്‍സിസിയുടെ (Immigration, Refugees and Citizenship Canada) 27 ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇപ്പോള്‍ അഞ്ചു പേര്‍ മാത്രമാണ് വിസ, കുടിയേറ്റ സേവനങ്ങള്‍ കൈകാര്യം ചെയ്യാനായി ഇന്ത്യയിലുള്ളത്. അടിയന്തര വിസ പ്രൊസസിങ്, വിസ പ്രിന്റിങ്, റിസ്‌ക് അസസ്‌മെന്റ് തുടങ്ങി നേരിട്ട് ഇടപെടേണ്ട ജോലികള്‍ക്കാണ് അഞ്ചു ഉദ്യോഗസ്ഥരെ മാത്രം ഇവിടെ നിര്‍ത്തിയിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറഞ്ഞതിനാല്‍ വിസ പ്രൊസസിങിനും അന്വേഷണങ്ങള്‍ക്ക് മറുപടി ലഭിക്കാനും വിസ ഇഷ്യൂ ചെയ്യുന്നതിനും കാലതാമസം നേരിടും.