കൊച്ചി. കേരളത്തില്‍ രണ്ട് VANDE BHARAT EXPRESS ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചതോടെ മറ്റു പ്രധാന ട്രെയിനുകളെ പിടിച്ചിട്ട് സമയം വൈകിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനു മുമ്പായി പുതിയൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി കേരളത്തിലെത്തുന്നു. ചെന്നൈ-ബെംഗളൂരു-എറണാകുളം റൂട്ടിലാണ് കേരളത്തിലെ മൂന്നാം വന്ദേഭാരത് എത്തുന്നത്.
ദീപാവലിയോട് അനുബന്ധിച്ച് ഈ റൂട്ടില്‍ വന്ദേഭാരത് സ്പെഷല്‍ സര്‍വീസിനാണ് ശ്രമം. സതേണ്‍ റെയില്‍വേ നല്കിയ ശുപാര്‍ശ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അംഗീകരിച്ചാല്‍ സര്‍വീസ് വൈകാതെ ആരംഭിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം-ബെഗംളൂരു റൂട്ടിലാണ് സര്‍വീസ്. ചെന്നൈയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ബെംഗളൂരുവിലെത്തുന്ന വന്ദേഭാരത് അവിടെ നിന്ന് 4.30ന് എറണാകുളത്തേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 1.30ന് എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരിച്ചു പോകും. രാത്രി 10.30ന് ബെംഗളൂരുവിലെത്തുന്ന രീതിയിലാണ് യാത്ര വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു വന്ദേഭാരത് എക്സ്പ്രസുകള്‍ പുതിയൊരു യാത്രാനുഭവം യാഥാര്‍ത്ഥ്യമാക്കിയെങ്കിലും മറ്റു ജനപ്രിയ ട്രെയിനുകളില്‍ പതിവായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. വന്ദേഭാരത് ട്രെയിനുകള്‍ തടസ്സമില്ലാതെ കടന്നു പോകുന്നതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതാണ് വ്യാപക പ്രതിഷേധത്തിനും പരാതികള്‍ക്കു ഇടയാക്കിയിരിക്കുന്നത്. ഏറ്റവും ജനപ്രിയ ട്രെയിനുകളുടെ യാത്രാസമയം താളം തെറ്റിയതോടെ പതിവായി യാത്ര ചെയ്യുന്ന സാധാരണ ജോലിക്കാരുടേയും ഉദ്യോഗസ്ഥരുടേയും മറ്റു യാത്രക്കാരുടേയും യാത്രകള്‍ ദുരിതമായി മാറിയിരിക്കുകയാണ്. പരാതികള്‍ ഉയര്‍ന്നിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ റെയില്‍വെ ഈ പ്രശ്നം പരിഹരിക്കാന്‍ കാര്യമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ല.
വന്ദേഭാരത് ഇല്ലാതിരുന്നപ്പോള്‍ കൃത്യസമയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനുകളാണിപ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ പറ്റാത്ത നിലയിലേക്ക് വൈകി ഓടുന്നത്. പ്രധാനമായും മലബാറിലെ യാത്രക്കാരാണ് വലിയ യാത്രാക്ലേശം അനുഭവിക്കുന്നത്. യാത്രക്കാരുടെ പരാതികളെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനും ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം നിര്‍ദേശിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനശതാബ്ദി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ-എറണാകുളം സ്പെഷല്‍, എറണാകുളം-കായംകുളം സ്പെഷല്‍, ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വന്ദേഭാരതിനു കടന്നു പോകാനായി സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി പിടിച്ചിടുന്നത്.
വന്ദേഭാരതിന്റെ സമയത്തിനനുസരിച്ച് മറ്റു ട്രെയിനുകളുടെ സമയം ക്രമീകരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. രണ്ടാം വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങിയതോടെ കേരളത്തിലുടനീളം കൂടുതല്‍ ട്രെയിനുകളിലെ യാത്രക്കാരുടെ സമയം താളം തെറ്റി. ഈ പ്രശ്നത്തിന് പരിഹാരം കാണാതെ മൂന്നാം വന്ദേഭാരത് കൂടി വരുമ്പോള്‍ ട്രെയിന്‍ യാത്ര ഇനി എന്താകുമെന്ന ആശങ്കയിലാണ് സാധാരണക്കാരായ യാത്രക്കാര്‍.