മൂന്നാറിലേക്ക് പ്ലാസ്റ്റിക് മാലിന്യവുമായി വരേണ്ട; തടയാന്‍ ഗ്രീന്‍ ചെക്ക് പോസ്റ്റുകള്‍

മൂന്നാര്‍. സന്ദര്‍ശനത്തിനെത്തുന്ന വിനോദ സഞ്ചാരികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ മൂന്നാറില്‍ ഗ്രീന്‍ ചെക്ക് പോസ്റ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ടൂറിസ്റ്റുകള്‍ വെള്ളക്കുപ്പിയും ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞ പ്ലാസ്റ്റിക് കവറുകളും അടക്കമുള്ള മാലിന്യങ്ങള്‍ അശ്രദ്ധമായി ഉപേക്ഷിച്ച് മൂന്നാറിന്റെ പ്രകൃതി സൗന്ദര്യവും പരിസ്ഥിതിയും മലിനപ്പെടുത്തുന്നത് ഫലപ്രദമായി തടയുന്നതിനാണ് മൂന്നാര്‍ പഞ്ചായത്തും ഹരിത കേരള മിഷനും ചേര്‍ന്ന് ഗ്രീന്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചത്.

മൂന്നാറിലേക്ക് പ്രവേശിക്കുന്ന മൂന്ന് പ്രധാന ഇടങ്ങളായ നേര്യമംഗലത്തിനടുത്ത റാണിക്കല്ല്, അടിമാലിയിലെ ആനവരട്ടി, മൂന്നാര്‍ ടൗണിലെ ഹെഡ് വര്‍ക്ക്‌സ് ഡാം എന്നിവിടങ്ങളിലായണ് ഗ്രീന്‍ ചെക്ക് പോസ്റ്റുകള്‍. യുനൈറ്റഡ് നേഷന്‍സ് ഡെലവല്പമെന്റ് പ്രോഗ്രാം (UNDP) സഹായവും ഈ പദ്ധതിക്കുണ്ട്.

ഗ്രീന്‍ ചെക്ക് പോസ്റ്റുകളില്‍ ഹരിത കര്‍മ സേന ടൂറിസ്റ്റ് വാഹനങ്ങള്‍ തടഞ്ഞ് മാലിന്യങ്ങള്‍ പുറത്ത് ഉപേക്ഷിക്കരുതെന്ന് വിനോദ സഞ്ചാരികള്‍ക്ക് ഉപദേശം നല്‍കും. ടൂറിസ്റ്റ് വാഹനങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മസേന ശേഖരിക്കുകയും ചെയ്യും. ടൂറിസ്റ്റുകളില്‍ നിന്ന് യൂസര്‍ ഫീ വാങ്ങുകയും അവര്‍ക്ക് തുണി സഞ്ചി നല്‍കുകയും ചെയ്യൂം. അടുത്ത മാസത്തോടെ ഗ്രീന്‍ ചെക്ക് പോസ്റ്റുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു.

Also Read മൂന്നാറിലേക്ക് തിരക്കില്ലാത്ത റൂട്ടുകൾ, ഈ വഴികളെ കുറിച്ചറിയൂ

വന്‍തോതില്‍ ടൂറിസ്റ്റുകള്‍ എത്തുന്ന മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് ഈ മനോഹര ഹില്‍സ്റ്റേഷന് വലിയ ഭീഷണിയാണ്. മാലിന്യങ്ങള്‍ സുരക്ഷിതമായി ഉപേക്ഷിക്കുന്നതിന് മാട്ടുപെട്ടി, മൂന്നാര്‍ ടൗണ്‍, ടോപ് സ്റ്റേഷന്‍, ഓള്‍ഡ് മൂന്നാര്‍ എന്നിവിടങ്ങളില്‍ പഞ്ചായത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും പല ടൂറിസ്റ്റുകളും അശ്രദ്ധമായി റോഡരികിലും പുല്‍മേടുകളിലും പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. ഇത്തരത്തില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി റിപോര്‍ട്ട് ചെയ്യുന്നവര്‍ക്ക് 3000 രൂപ പഞ്ചായത്ത് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ഇടുക്കി ഡിടിപിസി ജൂണ്‍ അഞ്ചു മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ടൂറിസ്റ്റുകള്‍ കൈവശമുള്ള പ്ലാസ്റ്റിക് ബോട്ടിലുകളില്‍ സ്റ്റിക്കര്‍ പതിക്കുകയും ഒരു ചെറിയ തുക മുന്‍കൂറായി അടക്കുകയും വേണം. മടങ്ങുമ്പോല്‍ സ്റ്റിക്കര്‍ പതിച്ച ഈ ബോട്ടിലുകള്‍ കൈമാറിയാല്‍ തുക തിരികെ നല്‍കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed