കൊച്ചി. ഗൂഗ്ൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വോലറ്റ് സേവനമായ Google Walletൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. യാത്രകളിലെല്ലാം ഏറെ പ്രയോജനപ്പെടുന്ന സേവനമാണിത്. എല്ലാ ആവശ്യങ്ങളും വേഗം നിറവേറ്റാൻ കയ്യിലുള്ള ഫോണിനെ ആശ്രയിക്കുന്ന ഇക്കാലത്ത് നമ്മുടെ യാത്രാ പാസുകളും ടിക്കറ്റുകളും, സിനിമാ ടിക്കറ്റുകളും, വിമാനയാത്രയ്ക്കുള്ള ബോർഡിങ് പാസും, ലോയൽറ്റി കാർഡും ഗിഫ്റ്റ് കാർഡുമെല്ലാം കാറിന്റെ ഡിജിറ്റൽ കീയും ഒരിടത്തു സൂക്ഷിക്കാനും വേഗത്തിൽ ഉപയോഗിക്കാനും സൗകര്യമൊരുക്കുന്ന അപ്ലിക്കേഷനാണ് ഗൂഗ്ൾ വോലറ്റ്.
രണ്ടു വർഷം മുമ്പാണ് ഗൂഗ്ൾ ഇത് അവതരിപ്പിച്ചതെങ്കിലും ഇതുവരെ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. ഇപ്പോൾ ഇന്ത്യയിൽ ആൻഡ്രോയ്ഡ് ഡിവൈസുകളിൽ മാത്രമെ ലഭിക്കൂ. കൊച്ചി മെട്രോയെ കൂടാതെ ഹൈദരാബാദ് മെട്രോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ബിഎംഡബ്ല്യൂ, പിവിആർ ഐനോക്സ്, ഇക്സിഗോ, മെയ്ക്മൈട്രിപ്, ഈസ്മൈട്രിപ്, ഡോമിനോസ്, ഫ്ളിപ്കാർട്ട് സൂപ്പർ കോയിൻസ്, ഈസി റിവാർഡ്സ് തുടങ്ങി 20 ബ്രാൻഡുകളാണ് തുടക്കത്തിൽ ഗൂഗ്ൾ വോലറ്റിലുള്ളത്. കൂടുതൽ ബ്രാൻഡുകൾ ഇനി ചേർക്കപ്പെടും. ബിഎംഡബ്ല്യൂ ഡിജിറ്റൽ കാർ കീയും ഈ ആപ്പിൽ സൂക്ഷിക്കാം.
ഗൂഗ്ൾ വോലറ്റിൽ ചേർക്കുന്ന ടിക്കറ്റുകളും യാത്രാ പാസുകളും റിവാർഡ് കാർഡുകളുമെല്ലാം ആവശ്യമുള്ള സമയത്ത് അതിവേഗം സുരക്ഷിതമായി ഉപയോഗിക്കാം. ബാർകോഡോ ക്യു ആർ കോഡോ ഉള്ള ടിക്കറ്റുകളുടെയോ ബോർഡിങ് പാസിന്റെയോ ലഗേജ് ടാഗിന്റെയോ ഫോട്ടോ എടുത്ത് ലളിതമായി ഗൂഗ്ൾ വോലറ്റിലേക്ക് ചേർക്കാൻ കഴിയും. നിങ്ങളുടെ ഫോണിലെ ജിമെയിൽ ആപ്പിലെ സ്മാർട് പേഴ്സനലൈസേഷൻ സെറ്റിംഗ്സ് ഓൺ ചെയ്തിട്ടുണ്ടെങ്കിൽ മെയിലിൽ ലഭിക്കുന്ന ടിക്കറ്റുകളും പാസുകളും ഓട്ടോമാറ്റിക് ആയി ഗൂഗ്ൾ വോലറ്റിലും ചേർക്കപ്പെടും. കമ്പനികളുടെ ഐഡിന്റി കാർഡ് ചേർത്താൽ കോർപറേറ്റ് ബാഡ്ജ് ആയും ഗൂഗ്ൾ വോലറ്റ് ഉപയോഗിക്കാം.
ഇവയെല്ലാം സുരക്ഷിതമായി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാനും ഉപയോഗിക്കാനും സൗകര്യമുള്ള അപ്ലിക്കേഷനാണ് ഗൂഗ്ള്‍ വോലറ്റ്. അതേസമയം പേമെന്റ് ആവശ്യങ്ങൾക്കുള്ള ആപ്പായി ഗൂഗ്ൾ പേ തുടരുമെന്നും ഗൂഗ്ൾ അറിയിക്കുന്നു. ഇപ്പോൾ ഇന്ത്യയിൽ ആൻഡ്രോയ്ഡ് ഡിവൈസുകളിൽ മാത്രമാണ് ഗൂഗ്ൾ വോലറ്റ് ലഭ്യമായിട്ടുള്ളത്.