GOA വിട്ട് GOKARNA പിടിച്ചാലോ? അധികമാരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത Beach Tourism കേന്ദ്രത്തെ കുറിച്ച് അറിയാം

കാലങ്ങളായി ബീച്ച് ടൂറിസം (Beach Tourism) എന്നു കേട്ടാല്‍ വിനോദ സഞ്ചാരികളുടെ മനസ്സിലേക്ക് ഓടിയെത്തുക ഗോവയാണ് (Goa). മികച്ച ബീച്ചുകള്‍, വര്‍ണശബളമായ സംസ്‌കാരം, ലൈവ് ആഘോഷങ്ങള്‍ തുടങ്ങി എല്ലാം കൊണ്ടും ഗോവയിലെ ബീച്ചുകള്‍ സമാനതകളില്ലാത്ത അനുഭവമാണ് നല്‍കുക. അതുകൊണ്ട് തന്നെ സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ തിരക്കും ഗോവയില്‍ കൂടുതലാണ്. തിരക്കേറിയ ഗോവ ഒന്നു മാറ്റിപ്പിടിച്ച് മികച്ച മറ്റു ബീച്ചുകള്‍ അന്വേഷിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ മികച്ച ഇടങ്ങള്‍ പലതുമുണ്ട്. ഇവയില്‍ എടുത്തു പറയേണ്ട ഒരിടമാണ് ഗോവയില്‍ നിന്ന് ഏറെയൊന്നും അകലെയല്ലാതെ, കർണാകടയിലെ കൊങ്കണ്‍ തീരദേശ മേഖലയിലെ ഗോകര്‍ണ (Gokarna). തീര്‍ച്ചയായും നിങ്ങള്‍ പോയിരിക്കേണ്ട ഒരിടം.

അധികമാരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഗോകര്‍ണയില്‍ വേറിട്ട അനുഭവം നല്‍കുന്ന ബീച്ചുകളാണുള്ളത്. ഗോവയില്‍ നൈറ്റ് ലൈഫും മ്യൂസിക്കും, അവസാനിക്കാത്ത പാര്‍ട്ടികളുമാണെങ്കില്‍ ഗോകര്‍ണയില്‍ നിങ്ങളെത്തിപ്പെടുക വളരെ റിലാക്‌സ്ഡ് ആയ ഒരു അന്തരീക്ഷത്തിലാണ്. രാത്രിയാഘോഷങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് അതിനുള്ള അവസരങ്ങളുമുണ്ട്. വളരെ ശാന്തമായ സായാഹ്നങ്ങളും രാത്രികളുമാണ് അന്വേഷിക്കുന്നതെങ്കില്‍ ഗോകര്‍ണയാണ് നിങ്ങളുടെ ഇടം. ഗോവയില്‍ തിരക്കുള്ള ബീച്ചുകളാണെങ്കില്‍ ഗോകര്‍ണയില്‍ അതല്ല. സഞ്ചാരികളും കുറവാണ്. ഗോവയില്‍ ചര്‍ച്ചുകള്‍ ഏറെയുണ്ടെങ്കില്‍ ഗോകര്‍ണ ഒരു ക്ഷേത്ര നഗരമാണ്. ഇവിടെ ബീച്ച് ട്രെക്കിങിന്റെ കേന്ദ്രം കൂടിയാണ്. 10 കിലോമീറ്റർ ചുറ്റളവിൽ മനോഹരമായ ബീച്ചുകൾ കവർ ചെയ്യുന്ന ട്രെക്കിങും ഗോകർണയിലെ പ്രധാന ആക്ടിവിറ്റിയാണ്. ഗോകര്‍ണയിലെ പ്രധാന അഞ്ചു ബീച്ചുകള്‍ അറിയാം:

ഓം ബീച്ച്

ഓം ആകൃതിയിലുള്ള ഭൂമിശാസ്ത്രപരമായ സവിശേഷത കൊണ്ടാണ് ഓം ബീച്ച് എന്നു പേരു വന്നത്. വിശ്രമത്തിനും സാഹസികതയ്ക്കും ഫോട്ടോഗ്രഫിക്കുമെല്ലാം ഇവിടം മികച്ച ഇടമാണ്. ഗോകര്‍ണ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമെയുള്ളൂ ഈ ബീച്ചിലേക്ക്. ബനാന ബോട്ട് സവാരി, ബമ്പര്‍ ബോട്ട് റൈഡുകള്‍, ഡോള്‍ഫിന്‍ സ്‌പോട്ടിംഗ്, ജെറ്റ് സ്‌കീയിംഗ്, ഫിഷിംഗ്, ട്രെക്കിംഗ്, സ്പീഡ് ബോട്ടിംഗ് എന്നിവയ്ക്കുള്ള സൗകര്യവുമുണ്ട്.

ഹാഫ് മൂൺ ബീച്ച്

കടലിലേക്ക് നീണ്ടു കിടക്കുന്ന പാറക്കൂട്ടങ്ങളാണ് ഓം ബീച്ചിനേയും ഹാഫ് മൂൺ ബീച്ചിനേയും വേർത്തിരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അർധവൃത്താകൃതിയാണ്. ആകാശ വീക്ഷണത്തിലൂടെ ഈ രൂപം ശരിക്കും കാണാം. താരതമ്യേന ചെറുതും അധികമാരും എത്താത്ത മനോഹര ബീച്ചാണ്. നീലക്കടലിനേയും നക്ഷത്രങ്ങൾ മിന്നുന്ന ആകാശത്തേയും മതിവരുവോളം കണ്ടാസ്വദിക്കാൻ മികച്ചയിടം.  പച്ചപുതച്ച നിബിഡവനമാണ് തീരം.  പ്രകൃതിയുടെ മടിത്തട്ടിൽ കുതിർന്ന് നിൽക്കുന്ന ബീച്ച് നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്നും രക്ഷപ്പെടാൻ തീർച്ചയായും ഒരു മികച്ച ഇടമാണ്.

പാരഡൈസ് ബീച്ച്

ഗോകർണയുടെ സ്വർഗം എന്നു വിളിക്കപ്പെടുന്ന ഇടമാണ് പാരഡൈസ് ബീച്ച്. ഓം ബീച്ചിൽ നിന്ന് പാറക്കെട്ടുകൾക്കും കുന്നുകൾക്കും മുകളിലൂടെ സാഹസികമായി ട്രെക്ക് ചെയ്ത് എത്തിപ്പെടാവുന്ന ബീച്ച്. താഴെ ബീച്ച് പറകളാൽ ചുറ്റപ്പെട്ട് ശാന്തമായി നിലകൊള്ളുന്നു. മറ്റു ബീച്ചുകളിലെ തിരക്കൊന്നുമില്ലാത്ത ഇവിടം ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഇടമാണ്. ഗോകർണയിലെ രാത്രി തങ്ങാവുന്ന മികച്ച ബീച്ച് കൂടിയാണിത്. സ്ലീപ്പിങ് ബാഗോ, ടെന്റുകളോ ഉണ്ടെങ്കിൽ രാത്രി തമ്പടിക്കാം. എന്നാൽ ശുചിമുറി സംവിധാനങ്ങൾ ഇവിടെ ഇല്ല.

കുഡ്ല

അൽപ്പം വിജനമായ ബീച്ചാണിത്. സാഹസിക ജലവിനോദങ്ങളാണ് കുഡ്ല ബീച്ചിലെ മെയിൻ. സർഫിങ്, കയാക്കിങ് തുടങ്ങിയവയാണ് പ്രധാന ആകർഷണം. ഫൈബർ ബോട്ടുകളും എയർ ബോട്ടുകളും ധാരാളമുണ്ട്. ഇവയിൽ കയറി കടലിലേക്ക് അൽപ്പം ദൂരം പോയാൽ ഡോൾഫിനുകളെ കാണാം. തണുപ്പു കാലത്ത് പ്രധാനമായും നവംബർ മുതൽ ജനുവരി വരെ ഈ ബീച്ച് നാടോടികളുടെ താവളമാകും. മനോഹരവും ശാന്തവുമായ ഈ കടൽത്തീരം പ്രകൃതി സ്നേഹികളെ ആകർഷിക്കുന്നു. വിനോദ സഞ്ചാരികളും പ്രദേശവാസികളും രാവിലെയും വൈകുന്നേരവും നടത്തത്തിനും യോഗയ്ക്കുമെത്തുന്ന ഇടം കൂടിയാണ്. ഇവിടുത്തെ സൂര്യോദയവും അസ്തമയ കാഴ്ചകളും അതിമനോഹര ആകർഷണങ്ങളാണ്.

ഗോകർണ ബീച്ച്

ഈയിടെയായി സർഫിങ് പ്രേമികളുടെ ഇഷ്ട കേന്ദ്രമായി മാറിയ ബീച്ചാണ് ഗോകർണ. മറ്റു ബീച്ചുകളെ പോലെ അത്ര ക്ലീൻ അല്ല. ഗോകർണയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ മഹാബലേശ്വര ക്ഷേത്ര ദർശനത്തിന് എത്തുന്നവർ അതിനു മുന്നോടിയായി കുളിക്കാനെത്തുന്ന ബീച്ചാണിത്. ബീച്ചിൽ നിന്നും ഗംഗാവല്ലി നദിയുടെ ഭാഗത്തേക്ക് നടന്നാൽ കൂടുതൽ മനോഹരമായ കാഴ്ച കാണാം. ജെറ്റ് സ്കീയിങ്, സ്നോർക്കലിങ്, സർഫിങ്, ബനാന ബോട്ട് റൈഡ്, ട്രെക്കിങ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആക്ടിവിറ്റികൾ. 10 കിലോമീറ്റർ ചുറ്റളവിലുള്ള ബീച്ച് ട്രെക്കിങിന്റെ തുടക്കം ഇവിടെ നിന്നാണ്.

Legal permission needed