ഗവിയിൽ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി; മൺസൂൺ ആസ്വദിച്ചൊരു വനയാത്ര ആയാലോ?

പത്തനംതിട്ട. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഗവിയിലേക്ക് വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയതോടെ മൺസൂൺ അനുഭവിക്കാനും ആസ്വദിക്കാനുമെത്തുന്നവരുടെ തിരക്കും വർധിച്ചു. കാടു താണ്ടിയുള്ള ഗവി യാത്രയിൽ മൺസൂണിന്റെ വേറിട്ട അനുഭവമാണ് സഞ്ചാരികൾക്ക് ലഭിക്കുക. ദിവസവും 30 വാഹനങ്ങൾക്കു മാത്രമെ പ്രവേശനം അനുവദിക്കൂ. ഓൺലൈനായി മുൻകൂർ ബുക്ക് ചെയ്യണം. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ആങ്ങമൂഴി ഗൂഡ്രിക്കൽ റേഞ്ചിൽ നിന്ന് പാസ് ലഭിക്കും. കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്ന് 70 കിലോമീറ്ററോളം വരുന്ന വനയാത്രയാണ്. മൂടൽ മഞ്ഞിനേയും നൂൽമഴയേയും വകഞ്ഞുമാറ്റി ചെറിയ വനപാത താണ്ടിയുള്ള ഡ്രൈവിങ്ങ് സഞ്ചാരികൾക്ക് സവിശേഷ അനുഭൂതി നൽകുന്നതാണ്.

ഇപ്പോൾ പ്രധാന ആകർഷണം മൺസൂൺ തന്നെ. മഴ പെയ്യുന്ന കാലാവസ്ഥയിൽ യാത്ര അൽപ്പം ആശങ്കയുള്ളതാണെങ്കിലും ജാഗ്രത ഉണ്ടായാൽ മതി. അതോടൊപ്പം വനം വകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുകയും വേണം. മണ്ണിടിച്ചിലിനും മരങ്ങൾ ഒടിഞ്ഞു വീഴുന്നതിനും സാധ്യതയുണ്ട്. വീതി കുറഞ്ഞ റോഡാണ്. മിക്ക ഭാഗങ്ങളിലും വെള്ളമുണ്ട്. റോഡിനോട് ചേർന്ന് ഒട്ടേറെ വെള്ളച്ചാട്ടങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴക്കാലം തുടങ്ങിയതോടെ പുൽമേടുകൾ മഞ്ഞ് മൂടിയ നിലയിലാണ്.

KSRTC ഗവി പാക്കേജും പുനരാരംഭിച്ചു

നിർത്തിവച്ചിരുന്ന ഗവി പാക്കേജ് യാത്രയും കെഎസ്ആർടിസി പുനരാരംഭിച്ചിട്ടുണ്ട്. ജൂലൈ 17, 18, 21, 24, 29 തീയതികളിൽ പത്തനംതിട്ടയിൽ നിന്ന് യാത്രകളുണ്ട്. 16, 25, 31 തീയതികളിൽ തിരുവല്ലയിൽ നിന്നും 12, 22, 28 തീയതികളിൽ അടൂരിൽ നിന്നും 14, 26 തീയതികളിൽ റാന്നിയിൽ നിന്നും ട്രിപ്പ് ഉണ്ടാകും. പത്തനംതിട്ടയിൽനിന്ന് 16-ന് രാമക്കൽമേട്, തിരുവല്ലയിൽനിന്ന് 27-ന് കന്യാകുമാരി, 23-ന് മലക്കപ്പാറ, 29-ന് വയനാട് എന്നീ ട്രിപ്പുകളുമുണ്ട്.

ബുക്കിങ്ങിന്:
ജില്ലാ കോഓർഡിനേറ്റർ- 9744348037
പത്തനംതിട്ട- 9495752710
തിരുവല്ല- 9495016768
അടൂർ- 9447302611
റാന്നി- 9446670952
പന്തളം- 9447450767

Also Read ഗവി യാത്രയെ കുറിച്ച് അറിയേണ്ടതെല്ലാം

Legal permission needed