തിരുവനന്തപുരം. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസം വിശേഷങ്ങളും കഥകളും വിദേശ ഇന്ഫ്ളുവന്സര്മാരിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരള ബ്ലോഗ് എക്സ്പ്രസിന്റെ (Kerala Blog Express) ഏഴാം പതിപ്പിന് തുടക്കമായി. ഇത്തവണ യുഎസ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഇറ്റലി, പോളണ്ട്, നെതര്‍ലാന്‍ഡ്, റൊമാനിയ, അര്‍ജന്റീന, ഓസ്ട്രേലിയ, ബെല്‍ജിയം, ബള്‍ഗേറിയ, ചിലി, ബ്രിട്ടൻ, കാനഡ, കെനിയ, മലേഷ്യ, ഇന്തൊനീഷ്യ, ന്യൂസീലന്‍ഡ്, തുര്‍ക്കി, കൊളംബിയ തുടങ്ങി 21 രാജ്യങ്ങളില്‍ നിന്നായി 25 ബ്ലോഗര്‍മാരെയാണ് ടൂറിസം വകുപ്പ് കേരളത്തിലെത്തിച്ചത്. കേരളത്തിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള ഇവരുടെ യാത്ര വ്യാഴാഴ്ച ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഇവരുടെ യാത്ര രണ്ടാഴ്ച നീളും. ജൂലൈ 26നാണ് സമാപനം. #TravelForGood എന്നാണ് ഇപ്രാവശ്യത്തെ സന്ദേശം.
ടൂറിസം വകുപ്പ് നടത്തിയ വോട്ടെടുപ്പില്‍ മുന്നിലെത്തിയ ബ്ലോഗര്‍മാരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. സംഘത്തില്‍ പലരും കേരളത്തില്‍ ആദ്യമായാണ് എത്തുന്നത്. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഈ ഇന്‍ഫ്ളുവന്‍സര്‍മാര്‍ കേരളത്തില്‍ കാണുന്ന കാഴ്ചകള്‍ പകര്‍ത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കും. ഇവരുടെ ചിത്രങ്ങളിലൂടേയും എഴുത്തിലൂടേയും ദൃശ്യങ്ങളിലൂടേയും കേരളത്തിലേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം.