അബു ദബി. അബു ദബിയിലെ പ്രധാന വിനോദ കേന്ദ്രങ്ങളായ യാസ് ഐലന്‍ഡിലും സാദിയ ഐലന്‍ഡിലും പെരുന്നാള്‍ ആഘോഷിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഡ്രൈവറില്ലാ ടാക്‌സിയില്‍ സൗജന്യമായി ചുറ്റിയടിക്കാം. ഇനി ബാക്കിയുള്ള ഈദുല്‍ അദ്ഹാ അവധി ദിവസങ്ങളിലാണ് ഈ സൗജന്യം ലഭിക്കുക. ഈ ദിവസങ്ങളില്‍ Txai എന്നു വിളിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളില്‍ യാത്ര തീര്‍ത്തും സൗജന്യമാണെന്ന് ഐടിസി അബു ദബി (Integrated Transport Centre in Abu Dhabi) അറിയിച്ചു.
പഴുതടച്ച സുരക്ഷാ, സെക്യൂരിറ്റി സംവിധാനങ്ങളോടെയാണ് ഈ ടാക്‌സി സേവനം. ഇതിനായി സന്ദര്‍ശകര്‍ Txai ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ലഭ്യമാണ്. ഈ ആപ്പ് തുറന്ന് തീയതിയും സമയവും പിക്കപ്പ് സ്ഥലവും ഡ്രോഫ് ഓഫ് സ്ഥലവും നല്‍കിയാല്‍ മതി. 2021 ഡിസംബറില്‍ യാസ് ഐലന്‍ഡിലാണ് ആദ്യമായി ഈ റോബോടാക്‌സികള്‍ (Robotaxi) അവതരിപ്പിച്ചത്.