നിർമാണം പൂർത്തിയായ ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂയിസ് കപ്പൽ ഐക്കൺ ഓഫ് ദ് സീസ് (Icon Of The Seas) ആദ്യ യാത്രയ്ക്കുള്ള ഒരുക്കങ്ങളിലേക്ക് പ്രവേശിച്ചു. ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള കരീബീയൻ കടലിലൂടെയാണ് കന്നിയാത്ര. 2024 ജനുവരി 27ന് യുഎസിലെ മയാമി പോർട്ടിൽ നിന്നാണ് ഐക്കൺ ഓഫ് ദ് സീസ് വിനോദ സമുദ്രയാത്ര ആരംഭിക്കുന്നത്. റോയൽ കരീബിയൻ ഇന്റർനാഷൻൽ എന്ന കമ്പനിയാണ് ഈ കൂറ്റൻ ആഡംബര കപ്പലിന്റെ ഉടമസ്ഥർ. ഫിൻലൻഡിലെ മെയർ തുർകു കപ്പൽശാലയിൽ 2022 ഏപ്രിലിൽ നിർമാണം ആരംഭിച്ച കപ്പലിന്റെ പണി പൂർത്തിയാക്കി ആദ്യ ഘട്ട പരീക്ഷണ ഓട്ടം വിജയകരമായി നടത്തി. ഇനി കന്നിയാത്രയ്ക്കുള്ള ഒരുക്കങ്ങളിലാണ്.
1200 അടി (365 മീറ്റർ) നീളവും 2.50 ലക്ഷം ടൺ ഭാരവുമുള്ള ഈ കപ്പലിന് 5610 വിനോദയാത്രികരും 2350 ജീവനക്കാരുമടക്കം 7,960 യാത്രക്കാരെ ഉൾക്കൊള്ളാനാകും. സമുദ്ര വിനോദ സഞ്ചാരത്തിനും അതിനപ്പുറവുമുള്ള എല്ലാ വിനോദ സംവിധാനങ്ങളും സൌകര്യങ്ങളും അപൂവ്വ ഫീച്ചറുകളും ഈ കപ്പലിനുണ്ട്. വലിയ വാട്ടർ പാർക്ക്, ജല കേളികൾക്കുള്ള ആറ് സ്ലൈഡുകൾ, ഏഴ് നീന്തൽ കുളങ്ങൾ, ഒമ്പത് നീർച്ചുഴികൾ എന്നിവയും ഇതിലുൾപ്പെടും. നിലവിലെ ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലായ, കരീബിയൻ ക്രൂയിസിന്റെ തന്നെ വണ്ടർ ഓഫ് ദ് സീസിനെ കവച്ചുവയ്ക്കുന്ന വാസ്തുശിൽപ്പ ചാരുതയാണ് ഐക്കൺ ഓഫ് ദ് സീസ്. വണ്ടർ ഓഫ് ദ് സീസിനേക്കാൾ 10 അടി നീളം കൂടുതലും ആറ് ശതമാനം അധിക വലിപ്പവും പുതിയ ക്രൂയിസ് കപ്പലിനുണ്ട്. 20 തട്ടുകളുള്ള കപ്പലിൽ കാറ്റഗറി 6ൽ വരുന്ന എല്ലാ വിനോദങ്ങളും യാത്രികർക്ക് സൌജന്യമാണ്.
യാത്രക്കാർക്ക് താമസിക്കാൻ 28 തരം വിവിധ കാബിനുകളാണ് കപ്പലിലുള്ളത്. ഇവയിൽ 82 ശതമാനത്തിലേറെ മുറികളും മൂന്നിലേറെ അതിഥികളെ ഉൾക്കൊള്ളുന്നവയാണ്. 70 ശതമാനത്തിലേറെ മുറികൾക്കും സ്വകാര്യ ബാൽക്കണിയുമുണ്ട്.
വിനോദ സമുദ്രസഞ്ചാരികൾക്ക് അവിസ്മരണീയ യാത്ര സമ്മാനിക്കുന്ന എല്ലാ സൌകര്യങ്ങളും ഇതിലുണ്ട്. ഭീമാകാരമുള്ള അക്വ ഡോം എന്ന കൂറ്റൻ ചില്ലു കൂടാരം, അക്വ തിയറ്റർ, കുടുംബങ്ങൾക്കായുള്ള പ്രത്യേക ഇടങ്ങൾ, 220 ഡിഗ്രിയിൽ കടൽ കാഴ്ചകൾ നൽകുന്ന വലിയ ചില്ലു ജാലകങ്ങൾ, ആയിരക്കണക്കിന് യഥാർത്ഥ മരങ്ങൾ വച്ചു പിടിപ്പിച്ച വിശാലമായ പാർക്ക്, സ്വിം അപ് ബാർ, ഇൻഫിനിറ്റി പൂൾ തുടങ്ങി ഒട്ടേറെ സംവിധാനങ്ങളുണ്ട്.
രണ്ടു യാത്രകളാണ് കപ്പൽ നൽകുന്നത്. മയാമി, ഫിലിപ്സ്ബർഗ്, ചാർലെറ്റ് അമലീ പിന്നെ ബഹാമാസിലെ കോകോകായിലെ ഒരു എക്സ്ക്ലൂസീവ് പ്രൈവറ്റ് ഡേ എന്നിവ ഉൾപ്പെടുന്ന ഈസ്റ്റേൺ കരീബിയൻ ട്രിപ്പും, മയാമി, റൊറ്റൻ, കോസ്റ്റ മായ, കോസുമെൽ, കോകോകായിലെ ഒരു പെർഫെക്ട് ഡേയും ഉൾപ്പെടുന്ന വെസ്റ്റേൺ കരീബിയൻ ട്രിപ്പ് എന്നീ യാത്രകളാണുള്ളത്. ഇരു യാത്രകളും ഒരാഴ്ച നീളും.
കടൽയാത്രാ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടം ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. 450ലധികം വിദഗ്ധരങ്ങുന്ന സംഘമാണ് നാലു ദിവസം നീണ്ട ദീർഘദൂര പരീക്ഷണ യാത്ര നിയന്ത്രിച്ചത്. കപ്പലിന്റെ എല്ലാ ഭാഗങ്ങളും പ്രവർത്തിപ്പിച്ച് പരീക്ഷിച്ച് യാത്രയ്ക്ക് പൂർണ സജ്ജമാക്കുന്നതിനാണിത്. ഐക്കൺ ഓഫ് ദ് സീസിനെ കവച്ചു വയ്ക്കുന്ന മറ്റൊരു കൂറ്റൻ ആഡംബര ക്രൂയ്സ് കപ്പൽ ഉട്ട്യോപ ഓഫ് ദ് സീസ് 2024ൽ പുറത്തിറക്കുമെന്നു റോയൽ കരീബിയൻ ഇന്റർനാഷനൽ അറിയിക്കുന്നു.