ഒമ്പത് ജില്ലകളിലെ പ്രധാന ബീച്ചുകളിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ വരുന്നു

തിരുവനന്തപുരം: ബീച്ച് സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലെ പ്രധാന ബീച്ചുകളിൽ വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ സ്ഥാപിക്കും. കടൽത്തിരമാലകൾക്ക് മുകളിലൂടെ 100 മീറ്ററോളം നടക്കാവുന്ന തരത്തിലാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നടപ്പാലം നിർമിക്കുന്നത്. കണ്ണൂരിലെ മുഴുപ്പിലങ്ങാട് ബീച്ചിലും കോഴിക്കോട്ടെ ബേപ്പൂരിലും നേരത്തെ ഇത് സ്ഥാപിച്ചിട്ടുണ്ട്.

മറ്റു ഏഴ് ജില്ലകളിൽ കടൽപ്പാലം നിർമിക്കുന്നതിനുള്ള ടെൻഡർ നടപടി പുരോഗമിക്കുന്നു. തിരുവനന്തപുരം അടിമലത്തുറ, കൊല്ലം തങ്കശേരി ഹെറിറ്റേജ് പ്രോജക്ട്, ആലപ്പുഴ മാരാരി, എറണാകുളം കുഴുപ്പിള്ളി, തൃശൂർ ചാവക്കാട്, മലപ്പുറം താനൂർ ഒട്ടുംപുറം, കാസർകോട് നീലേശ്വരം അഴിത്തല എന്നിവിടങ്ങളിലാണ് പുതിയ പാലങ്ങൾ ഒരുക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഇവ പ്രവർത്തന സജ്ജമാകും. ഇതോടെ തീരപ്രദേശമുള്ള എല്ലാ ജില്ലയിലും ഫ്ലോട്ടിംഗ് ബ്രിഡ്ജുള്ള സംസ്ഥാനമായി കേരളം മാറും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി ടി പി സി) മേൽനോട്ടത്തിൽ സ്വകാര്യ സംരംഭകരാണ് പാലം നിർമിക്കുക.

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പാലം
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈഡെൻസിറ്റി പോളി എത്തിലീൻ (എച്ച്‌ ഡി പി ഇ) ബ്ലോക്കുകൾ ഉപയോഗിച്ചാണ് പാലം നിർമാണം. പാലത്തിനെ 700 കിലോഗ്രാം ഭാരമുള്ള നങ്കൂരങ്ങൾ ഉപയോഗിച്ച് ഉറപ്പിച്ചുനിർത്തി സുരക്ഷിതമാക്കും. മൂന്ന് മീറ്റർ വീതിയിൽ രണ്ട് ഭാഗത്തും കൈവരിയുണ്ടാകും. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള സൈറ്റ് സീയിംഗ് പ്ലാറ്റ്‌ഫോമുണ്ട്. ഇവിടെനിന്ന് കടൽക്കാഴ്ച ആസ്വദിക്കാം. ഒരേസമയം 100 പേർക്ക് വരെ കയറാം. എല്ലാ സുരക്ഷാ സംവിധാനങ്ങളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed