വിനോദ സഞ്ചാരികൾക്കും തീർത്ഥാടകർക്കുമായി കൈലാസ പർവ്വതവും മാനസ സരോവരം തടാകവും നേരിട്ടു കാണാൻ അവസരമൊരുക്കുന്ന ആദ്യ വിമാന (Mountain Flight) സർവീസിന് തുടക്കമായി. നേപ്പാളിലെ ബാങ്കെ ജില്ലയിലെ ചെറുപട്ടണമായ നേപ്പാൾഗഞ്ചിൽ നിന്ന് തിങ്കളാഴ്ചയാണ് 38 ഇന്ത്യക്കാരേയും വഹിച്ച് കൈലാസത്തിലേക്ക് ആദ്യമായി ചാർട്ടേഡ് വിമാന സർവീസ് ആരംഭിച്ചത്.
കൈലാസത്തിന്റേയും മാനസ സരോവരത്തിന്റേയും അതിമനോഹര ആകാശക്കാഴ്ചയാണ് ഈ വിമാന യാത്രയുടെ ഹൈലൈറ്റ്. ഹിന്ദു, ബുദ്ധ, ജൈന മതവിശ്വാസികളും തിബറ്റിലെ ബോൺപ വിശ്വാസികളും വിശുദ്ധ ഇടങ്ങളായി പരിഗണിക്കപ്പെടുന്ന കൈലാസവും മാനസസരോവരവും ഈ യാത്രയിൽ തൊട്ടടുത്ത് നിന്ന് കാണാം.
കാഠ്മണ്ഡുവിൽ പോകാതെ തന്നെ കൈലാസ യാത്ര സാധ്യമാക്കുന്നുവെന്നതാണ് ഈ സർവീസിന്റെ സവിശേഷത. ഉത്തർ പ്രദേശിലെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പട്ടണമാണ് നേപ്പാൾഗഞ്ച്. റോഡ് മാർഗം വേഗത്തിലെത്തിച്ചേരാം. ലഖ്നോവിൽ നിന്ന് 200 കിലോമീറ്റർ ദൂരമെ ഉള്ളൂ.
ചൈനയുടെ നിയന്ത്രണത്തിലുള്ള തിബറ്റ് സ്വയംഭരണ മേഖലയിലെ നഗാരിയിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. കോവിഡിനെ തുടർന്ന നിർത്തിവച്ചിരുന്ന കൈലാസ്-മാനസസരോവര യാത്ര കഴിഞ്ഞ വർഷമാണ് ചൈന വീണ്ടും അനുവദിച്ചത്. എന്നാൽ ഇന്ത്യക്കാർക്ക് കടുത്ത നിയന്ത്രണങ്ങളുണ്ട്. ഇത് ഫലത്തിൽ യാത്ര അസാധ്യമാക്കിയിരുന്നു.
പുതിയ മൌണ്ടൻ വിമാന സർവീസ് ആരംഭിച്ചതോടെ വെറും ഒന്നര മണിക്കൂറിനുള്ളിൽ കൈലാസവും മാനസ സരോവരവും കണ്ടു തിരിച്ചെത്താം. നേപ്പാളിലെ സിദ്ധാർത്ഥ ബിസിനസ് ഗ്രൂപ്പാണ് ഈ സർവീസിനു തുടക്കമിട്ടത്. അടുത്ത യാത്ര ഫെബ്രുവരി ആദ്യ വാരത്തിൽ സംഘടിപ്പിക്കും. ഡിമാൻഡ് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്ന് കമ്പനി പറയുന്നു.