മിക്ക വിമാന യാത്രക്കാര്‍ക്കും ഈ ഓഫറുകൾ അറിയില്ല; Airline Loyalty Programനെ കുറിച്ച്

ദുബയ്. സ്ഥിരമായി വിമാന യാത്രകൾ നടത്തുന്നവർക്ക് വിമാന കമ്പനികൾ ഒട്ടേറെ ഇളവുകൾ നൽകുന്നുണ്ട്. എയർലൈൻ ലോയൽറ്റി പ്രോഗ്രാം (Airline Loyalty Program) എന്ന പേരിലുള്ള ഈ ഓഫറിൽ വിമാന യാത്രക്കാർക്ക്, തങ്ങൾക്ക് ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ സൗജന്യമായി  ലോഞ്ച് ആക്സസും ക്ലാസ് അപ്ഗ്രേഡുമെല്ലാം ലഭിക്കും. ഇതിനായി അധിക പണം മുടക്കേണ്ടതില്ല. എന്നാൽ ഈ  ഇളവുകൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അധികപേർക്കും അറിയില്ല.

യുഎഇ, ഹോങ്കോങ്, സിംഗപൂർ എന്നീ രാജ്യങ്ങളിലെ 1500 വിമാനയാത്രക്കാർക്കിടയിൽ നടത്തിയ സർവേ റിപോർട്ട് പറയുന്നത് 58 ശതമാനം യാത്രക്കാർക്കും ഈ ഇളവുകൾ എവിടെ ഉപയോഗിച്ച് തീർക്കാമെന്നതിനെ കുറിച്ച് അറിയില്ലെന്നാണ്. അതേസമയം ഇവരിൽ ഭൂരിപക്ഷം പേരും (63 ശതമാനം) ഏതെങ്കിലുമൊരു എയർലൈൻ ലോയൽറ്റി പ്രോഗ്രാമിൽ അംഗത്വമുള്ളവരുമാണ്. ബിസിനസ്, അവധി യാത്രക്കാരും ഇവരിൽപ്പെടും.

പതിവായി വിമാന യാത്രകൾ ചെയ്യുന്നവർക്ക് എയർലൈൻ ലോയൽറ്റി പ്രോഗ്രാമുകൾ (എഎൽപി) വ്യാപകമായി ലഭ്യമാണെങ്കിലും 56 ശതമാനം പേർക്കും തങ്ങൾക്ക് ലഭിച്ച പോയിന്റുകളുടെ മൂല്യത്തെ കുറിച്ച് അറിവില്ല. യുഎഇയിലും സിംഗപൂരിലും 64 ശതമാനം യാത്രക്കാർക്കും ഇതിനെ കുറിച്ച് ധാരണയില്ല.

പോയിന്റുകൾ ഉപയോഗിച്ച് എങ്ങനെ ഇളവുകൾ നേടാമെന്ന അറിവില്ലായ്മ, പോയിന്റുകൾ നേടിയെടുക്കാൻ ബുദ്ധിമുട്ടാണെന്ന ധാരണ എന്നീ കാരണങ്ങളാലാണ് പലരും ലോയൽറ്റി പ്രോഗ്രാമിനെ കാര്യമായി എടുക്കാതിരിക്കുന്നത്. ഗുണം ലഭിക്കുമെങ്കിൽ ഇത്തരം യാത്രക്കാരിൽ 58 ശതമാനം പേരും ലോയൽറ്റി പ്രോഗ്രാമിൽ അംഗത്വമെടുക്കാൻ ഒരുക്കവുമാണ്. 26നും 35നുമിടയിൽ പ്രായമുള്ള യാത്രക്കാരിൽ 67 ശതമാനവും ഇതൊന്നു പരീക്ഷിച്ചു നോക്കാൻ തയാറാണ്. യുഎഇ യാത്രക്കാരിൽ 64 ശതമാനവും ഇതിനൊരുക്കമാണ്.

ഈസി ചെക്ക് ഇൻ, കാബിൻ ക്ലാസ് അപ്ഗ്രേഡ് എന്നീ ഇളവുകളാണ് ഇവരെ കൂടുതലായി എയർലൈൻ ലോയൽറ്റി പ്രോഗാമിലേക്ക് ആകർഷിക്കുന്നതെന്നും സർവെ പറയുന്നു. എയർലൈൻ, ട്രാവൽ വ്യവസായ രംഗത്ത് ആഗോളതലത്തിൽ മുൻനിരയിലുള്ള ഐബിഎസ് സോഫ്റ്റ് വെയറാണ് ഈ സർവെ നടത്തിയത്.

എന്താണ് എയർലൈൻ ലോയൽറ്റി പ്രോഗ്രാമുകൾ?

പതിവായി യാത്ര ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ഇളവുക നൽകി, വിശ്വസ്ത ഉപഭോക്താക്കളായി എന്നെന്നും കൂടെ നിർത്താനും വിമാന കമ്പനികൾ നടപ്പിലാക്കുന്ന പദ്ധതിയാണ് എയർലൈൻ ലോയൽറ്റി പ്രോഗ്രാമുകൾ അല്ലെങ്കിൽ ഫ്രീക്വന്റ് ഫ്ളയർ പ്രോഗ്രാമുകൾ (Frequent-flyer program). കൂടുതൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ പോയിന്റുകൾ നൽകുക, കൂടുതൽ ഇളവുകൾ ലഭ്യമാക്കുക എന്നതായിരുന്നു തുടക്കത്തിൽ ഈ പദ്ധതി.

മിക്ക എയർലൈനുകളും സൗജന്യമായാണ് ലോയൽറ്റി പ്രോഗ്രാമിൽ അംഗത്വം നൽകുന്നത്. ചിലർ പിന്നീട് ചാർജ് ഈടാക്കാറുമുണ്ട്. ഇതു വഴി നേടുന്ന പോയിന്റുകൾക്കും പല കമ്പനികളും കാലാവധി നിശ്ചയിക്കാറുണ്ട്. ഉയർന്ന സ്റ്റാറ്റസുള്ള യാത്രക്കാർക്ക് പൊതുവെ കൂടുതൽ ഓഫറുകൾ ലഭിക്കും. ബിസിനസ് യാത്രക്കാർക്ക്, ടിക്കറ്റ് കമ്പനി വകയാകുമെങ്കിലും അവരുടെ പേഴ്സനൽ അക്കൌണ്ടിലാണ് പോയിന്റുകൾ ചേർക്കുക.

എങ്ങനെ പോയിന്റുകൾ നേടാം?

വിമാനത്തിൽ യാത്ര ചെയ്ത ദൂരം കണക്കാക്കിയായിരുന്നു യാത്രക്കാർക്ക് ലോയൽറ്റി പോയിന്റുകൾ നൽകിയിരുന്നത്. എന്നാൽ ഇതിൽ ചില പഴുതുകൾ ഉണ്ടായിരുന്നു. നേരിട്ടുള്ള വിമാനങ്ങൾക്കും പകരം പല യാത്രക്കാരും കുടുതൽ പോയിന്റുകൾ നേടുന്നതിന് വേണ്ടി കൂടുതൽ സ്റ്റോപ്പുകളുള്ള, ഏറെ ദൂരം സഞ്ചരിക്കുന്ന നേരിട്ടല്ലാത്ത വിമാനങ്ങളിൽ യാത്ര ചെയ്തു. യാത്രക്കാരുടെ ഈ പറ്റിക്കലിനെ മറികടക്കാനായി കമ്പനികൾ ഇപ്പോൾ യാത്രക്കാരൻ ടിക്കറ്റിനായി ചെലവഴിക്കുന്ന പണത്തിന് അനുസരിച്ചാണ് പോയിന്റുകൾ നൽകുന്നത്. ഇതുവഴി എയർലൈനുകൾക്ക് ചതി തടയാനും അനാവശ്യ യാത്രകൾ ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. ഇതുവഴി കൂടുതൽ ലാഭം നേടിത്തരുന്ന ഫസ്റ്റ് ക്ലാസ്, ബിസിനസ് യാത്രക്കാർക്ക് മുൻഗണന ലഭിച്ചു.

ഈ പോയിന്റുകൾ എങ്ങനെ പ്രയോജനപ്പെടുത്താം?

ഈ പോയിന്റുകളെ ഒരിക്കലും കാഷ് ആക്കി മാറ്റാൻ കഴിയില്ല. പകരം പോയിന്റുകളുടെ മൂല്യത്തിനനുസരിച്ച് നിരവധി സൗജന്യങ്ങൾ ലഭിക്കും. ടിക്കറ്റ് നിരക്കിലെ കുറവ്, ഉയർന്ന ക്ലാസിലേക്ക് സൗജന്യ അപ്ഗ്രേഡ്, എയർപോർട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം, അതിവേഗ സേവനങ്ങൾ, അധിക ലഗേജ് സൗജന്യം, ബുക്കിങ് മുൻഗണന, വിവിധ യാത്രാ ഉൽപ്പന്നങ്ങൾക്ക് ഇളവുകൾ തുടങ്ങി ഒട്ടേറെ സൗജന്യങ്ങൾ ലഭിക്കും. ചില പ്രത്യേക ദിവസങ്ങളിൽ ഈ സൗജന്യങ്ങൾ ലഭ്യമായിരിക്കില്ല. ഇക്കാര്യം വിമാന കമ്പനി അധികൃതരോട് അന്വേഷിക്കാം.

വിമാന യാത്ര ചെയ്യാത്തവർക്കും ലോയൽറ്റി പോയിന്റുകൾ നേടാം

ഹോട്ടലുകൾ, കാർ റെന്റലുകൾ, ക്രൂയിസ് കമ്പനികൾ, റിട്ടെയ്ൽ ഔട്ട്ലെറ്റുകൾ തുടങ്ങിവർ വിമാന കമ്പനികളിൽ നിന്ന് ഈ ലോയൽറ്റി പോയിന്റുകൾ പണം നൽകി വാങ്ങി അവരുടെ ഉപഭോക്താക്കൾക്ക് സമ്മാനമായി നൽകാറുണ്ട്. ഇതുവഴി വിമാന കമ്പനികൾ വലിയ തോതിൽ പണം കൊയ്യുന്നുമുണ്ട്.

Legal permission needed