UAEയില്‍ നിന്നൊരു EUROPE TRIP; ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ വിസ, കുറഞ്ഞ നിരക്കിൽ ടിക്കറ്റും

trip updates

ദുബയ്. യുഎഇയില്‍ നിന്ന് Europe Trip പ്ലാന്‍ ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. 27 യൂറോപ്യന്‍ രാജ്യങ്ങള്‍ കറങ്ങാവുന്ന ഷെങ്കന്‍ വിസയുടെ (Schengen Visa) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്കാര്‍ ഇനി ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടതില്ല. കൂടാതെ താങ്ങാവുന്ന ചെലവില്‍ വിമാന യാത്രയ്ക്കും ഇപ്പോള്‍ അവസരമുണ്ട്. ഡിസംബര്‍ വരെയുള്ള ഷെങ്കന്‍ വിസ അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടു മാസം വരെ സഞ്ചാരികള്‍ക്ക് കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഈ വിസ പ്രൊസസിങ് രണ്ടാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കാനാണ് യുഎഇയിലെ വിവിധ യുറോപ്യന്‍ രാജ്യങ്ങളുടെ എംബസികള്‍ തീരുമാനിച്ചിരിക്കുന്നത്. ഷെങ്കന്‍ വിസ അപേക്ഷകര്‍ക്കായി ബുക്കിങ് സ്ലോട്ടുകള്‍ യുറോപ്യന്‍ എംബസികള്‍ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ വിസ പാസാക്കും.

ഇതോടെ യൂറോപ്യന്‍ യാത്രയ്ക്ക് പദ്ധതിയിടുന്നവര്‍ക്ക് ആസൂത്രണവും മുന്നോരുക്കങ്ങളുമെല്ലാം ഇനി കാര്യക്ഷമമായി നടത്താം. ക്രിസ്മസ്, പുതുവത്സര സീസണില്‍ യുഎഇയില്‍ നിന്ന് യുറോപ്യന്‍ രാജ്യങ്ങളിലേക്കു പോയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ എംബസികള്‍ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നത്.

നിലവില്‍ യുഎഇ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് യുറോപ്പിലേക്ക് പോകാന്‍ വിസയുടെ ആവശ്യമില്ല. എന്നാല്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഷെങ്കന്‍ വിസ ആവശ്യമാണ്. ഈ വിസയ്ക്കായി അപേക്ഷിച്ചാല്‍ ഏറെ നാള്‍ കാത്തിരിക്കണം. ഇത് പലപ്പോഴും സഞ്ചാരികളുടെ യാത്രാ പ്ലാനുകളെ താളംതെറ്റിക്കുന്നതിനാല്‍ പലരും പ്ലാന്‍ ഉപേക്ഷിക്കുന്നു. ഷെങ്കന്‍ വിസ പ്രോസസിങ് വേഗത്തിലാക്കിയതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്. യുഎഇയില്‍ നിന്നുള്ള സഞ്ചാരികളുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് യുറോപ്പ്. യാത്രാ ചെലവുകളില്‍ 22 ശമതാനം വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും 2024ലും ഈ ട്രെന്‍ഡ് തുടരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

യുഎഇയില്‍ നിന്ന് വിവിധ യുറോപ്യന്‍ നഗരങ്ങളിലേക്കുള്ള വിമാന യാത്രാ ടിക്കറ്റ് നിരക്കുകളില്‍ കുറവ് വന്നതും ബജറ്റ് വിമാന സര്‍വീസുകളും ടൂറിസ്റ്റുകള്‍ക്ക് അനുഗ്രമാണ്. ജനുവരി 10 മുതല്‍ 24 വരെ ദുബയില്‍ നിന്ന് പാരിസിലേക്ക് വിസ് എയറിന് വെറും 131 യുറോ (11,950 രൂപ) ആണ് ഇക്കോണമി ടിക്കറ്റ് നിരക്ക്. എമിറേറ്റ്‌സിലാണെങ്കില്‍ 248 യൂറോയും. ഡിസംബറില്‍ ഈ നിരക്ക് 414 യുറോയ്ക്ക് മുകളിലായിരുന്നു. പലയിടത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞ് ഇപ്പോള്‍ 276 യൂറോയില്‍ താഴെ വരെ എത്തിയിട്ടുണ്ട്.

സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ പോകുന്നത്. ഈ വര്‍ഷം പാരിസ് ഒളിംപിക്‌സ് നടക്കുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സ് ഷെങ്കന്‍ വിസ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്ന ആദ്യ യുറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. ഒളിംപിക്‌സിനായി ഏഴു ലക്ഷം ഷെങ്കന്‍ വിസകള്‍ ലഭ്യമാക്കാനാണ് പദ്ധതി. ഇതിനായി ജനുവരി ഒന്നു മുതല്‍ ഫ്രാന്‍സ് ഒളിംപിക് കോണ്‍സുലേറ്റ് സംവിധാനത്തിന് തുടക്കമിട്ടിട്ടുണ്ട്.

Legal permission needed