ദുബയ്. രണ്ടു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം Dubai-Sharjah ഫെറി സര്‍വീസ് പുനരാരംഭിച്ചു. റോഡിലെ തിരക്കുകളില്‍ നിന്നും മടുപ്പിക്കുന്ന പതിവു കാഴ്ചകളില്‍ നിന്നും വേറിട്ട അനുഭവമായി, ഓളപ്പരപ്പിലൂടെ ശാന്തമായ യാത്രയാണ് ഈ ബോട്ട് സര്‍വീസ്. ഇതൊരു ഉല്ലാസ യാത്ര കൂടിയാണ്. ഷാര്‍ജ, ദുബൈ തീരങ്ങളുടെ വേറിട്ട കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാം. ഹംറിയ പോര്‍ട്ടും അംബരച്ചുംബികളുടെ വിദൂര കാഴ്ചയും ചരക്കു കപ്പലുകളും കൂറ്റന്‍ ബാര്‍ജുകളും പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളും വിശാലമായ ചില്ലു ജാലകത്തിലൂടെ കാണാം.
ദുബയിലെ അല്‍ ഗുബൈബ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ അക്വാറിയം മറൈന്‍ സ്റ്റേഷന്‍ വരെയാണ് സര്‍വീസ്. 15 കിലോമീറ്റര്‍ ദൂരമുള്ള ജലപാത താണ്ടാന്‍ 35 മിനിറ്റ് സമയമെടുക്കും. മികച്ച സൗകര്യങ്ങളാണ് ബോട്ടിലുള്ളത്. 15 ദിര്‍ഹം നിരക്കില്‍ സില്‍വര്‍ ക്ലാസ്, 25 ദിര്‍ഹം നിരക്കില്‍ ഗോള്‍ഡ് ക്ലാസ് എന്നിങ്ങനെയാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സില്‍വര്‍ ക്ലാസില്‍ 84 സീറ്റുകളും ഗോള്‍ഡ് ക്ലാസില്‍ 14 ലക്ഷുറി ലെതര്‍ സീറ്റുകളും വീല്‍ചെയര്‍ യാത്രക്കാര്‍ക്കായി രണ്ട് സ്ലോട്ടുകളുമാണുള്ളത്. ദുബയ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ആണ് ഈ ഫെറി സർവീസ് ഒരുക്കിയിരിക്കുന്നത്.
സൗജന്യ വൈഫൈ കണക്ടിവിറ്റി, ലൈഫ് ജാക്കറ്റ്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം ശുചിമുറികള്‍, എന്നിവയുമുണ്ട്. കൂടാതെ ലഘുപാനീയങ്ങളും ലഘുഭക്ഷണവും ലഭിക്കുന്ന ചെറിയൊരു കിയോസ്‌കും ബോട്ടിനകത്തുണ്ട്.