ദുബയ്. മരുഭൂമിയിൽ വന്യജീവികൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കഴിയുന്ന വിസ്മയ കാഴ്ചയുടെ ലോകമാണ് ദുബയ് സഫാരി പാർക്ക് (Dubai Safari Park). ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനും വന്യമൃഗങ്ങളെ അടുത്തറിയാനും സന്ദർശകർക്ക് അവസരമൊരുക്കി പുതിയ സീസണിന് ഒക്ടോബർ അഞ്ചിന് തുടക്കമായി. കഴിഞ്ഞ സീസണിൽ അഞ്ചു ലക്ഷം വിനോദ സഞ്ചാരികളാണ് ദുബയ് സഫാരി പാർക്ക് സന്ദർശിച്ചത്. ഇത്തവണ ഇതിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്നു. ഇതിനായി സവിശേഷമായ ഒട്ടേറെ കാഴ്ചാ വിരുന്നുകളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, അറേബ്യൻ ഡെസേർട്ട് സഫാരി, എക്സ്പ്ലോറർ വില്ലേജ്, വാലി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളാക്കി തിരിച്ചാണ് പാർക്കിലെ എല്ലാ കാഴ്ചകളും ഒരുക്കിയിരിക്കുന്നത്. ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് ഏഷ്യൻ വില്ലേജിലെ ബേഡ്സ് കിങ്ഡം എന്ന ലോകത്തെ ഏറ്റവും മനോഹരവും അപൂർവ്വവുമായ പക്ഷികളുടെ പ്രദർശനമാണ്. 294 ഏക്കറിൽ വിശാലമായി വ്യാപിച്ചു കിടക്കുന്ന ദുബൈ സഫാരി പാർക്കിൽ 3000ഓളം ജീവികളുണ്ട്. ഇവയിൽ 78 ഇനം സസ്തനികളും 50 ഇനം ഉരഗങ്ങളും 111 ഇനം പക്ഷികളും ഉഭയജീവികളും ഉൾപ്പെടും. ഏതാനും ജീവികളുമായി അടുത്തിടപഴകാനും തീറ്റ കൊടുക്കാനും സന്ദർശകർക്ക് അവസരം ലഭിക്കും.
പാക്കേജുകളും ടിക്കറ്റ് നിരക്കും
ഡേ പാസ്, ഡേ പാസ് പ്ലസ്, സഫാരി ജേണി, സഫാരി ജേണി പ്ലസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായുള്ള ടിക്കറ്റ് നിരക്ക് 50 ദിർഹം മുതൽ 110 ദിർഹം വരെയാണ്. കൂടാതെ 10 പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകൾക്കുള്ള പാക്കേജുകളുമുണ്ട്. കിങ് ഓഫ് സഫാരി, ബിഹൈൻഡ് ദി സീൻസ്, ഡൈൻ ഇൻ ദ് വൈൽഡ്, ജംഗിൾ കാപ്ചർ എന്നിവയാണ് പാക്കേജുകൾ. 1275 ദിർഹം മുതൽ 2500 ദിർഹം വരെ വിവിധ നിരക്കുകളിലാണ് ഈ പാക്കേജുകൾ. മൂന്ന് വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും രേഖകൾ ഹാജരാക്കിയാൽ പ്രവേശനം സൗജന്യമാണ്.