ദുബയ്. എട്ടു വർഷത്തോളമായി വിവിധ നിർമാണ ഘട്ടങ്ങളിലായിരുന്ന Dubai Crocodile Park മുതലകളുടെ വിസ്മയ കാഴ്ചകളുമായി തുറന്നു. മുശ്രിഫ് പാർക്കിനു സമീപത്തായാണ് 4.9 ഏക്കർ വ്യാപിച്ചുകിടക്കുന്ന നൈൽ ക്രൊകഡൈൽസ് (Nile crocodile) എന്നറിയപ്പെടുന്ന ആഫ്രിക്കൻ മുതലകളുടെ വിശാലമായ ആവാസവ്യവസ്ഥ ഒരുക്കിയിരിക്കുന്നത്. കുഞ്ഞുങ്ങൾ തൊട്ട് വിവിധ പ്രായത്തിലുള്ള 250 മുതലകളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. 150 വലിയ മുതലകളിൽ 30 ആൺ മുതലകളും 120 പെൺ മുതലകളുമാണ്. മികച്ച സുരക്ഷയിലാണ് സന്ദർകർക്കുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പാർക്ക് തുറന്നിരിക്കുക. മുതിർന്നവർക്ക് 95 ദിർഹംസും 3-12 പ്രായക്കാരായ കുട്ടികൾക്ക് 75 ദിർഹംസുമാണ് പ്രവേശന നിരക്ക്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ആൺ മുതലകൾക്ക് 25 വയസ്സും തുനീസ്യയിൽ നിന്നെത്തിച്ച പെൺ മുതലകൾക്ക് 20 വയസ്സുമാണ് പ്രായം. ഇവയുടെ ആയുർദൈർഘ്യം മനുഷ്യരെപ്പോലെ ശരാശരി 70-80 ആണ്. 100 വർഷം വരെ ജീവിക്കുന്നവയും ഉണ്ട്.
ദുബയ് ക്രോക്കോഡൈൽ പാർക്ക് ഒരു പ്രകൃതി ചരിത്ര മ്യൂസിയം കൂടിയാണ്. ആഫ്രിക്കൻ തടാകത്തിന്റെ മാതൃകയിലാണ് ഇവിടുത്തെ അക്വേറിയം. വെള്ളത്തിനടിയിൽ കിടക്കുന്ന മുതലകളെ തൊട്ടടുത്ത് നിന്ന് കാണാനുള്ള സൗകര്യമുണ്ട്. വിശാലമായ ഔട്ട്ഡോർ ലാൻഡ്സ്കേപ്പും ഒന്നിലധികം ഡൈനിംഗ് ഔട്ട്‌ലെറ്റ് ഏരിയകളുംമുണ്ട്. സന്ദർശകരുടെ പാതയിലെല്ലാം മുതലകളെ കുറിച്ച് അറിവ് പകരുന്ന കുറിപ്പുകളും ബോധവൽക്കര ബോർഡുകളുമുണ്ട്. സ്‌കൂൾ യാത്രകൾക്കായി പ്രത്യേക സെഷനുകൾ, വിദഗ്ധ ഗൈഡുകളുടെ സേവനം എന്നിവയുമുണ്ട്.