മൂന്നാര്‍. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും മറ്റും പാതയോരങ്ങളില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ ഇവര്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി മൂന്നാര്‍ പഞ്ചായത്ത്. കേരള പഞ്ചായത്ത് രാജ് നിയമം 219-ബി അനുസരിച്ച് 10,000 രൂപ മുതല്‍ അരലക്ഷംരൂപ വരെ പിഴയീടാക്കാനും ആറ് മാസം വരെ തടവ് ശിക്ഷ നല്‍കുന്നതിനുമുള്ള നിയമ നടപടികള്‍ സ്വീകരിക്കാനുമാണ് പഞ്ചായത്ത് തീരുമാനിച്ചത്.
ഭക്ഷണാവശിഷ്ടങ്ങളും പേപ്പര്‍ പ്ലേറ്റുകള്‍, കപ്പുകള്‍ തുടങ്ങിയവയുമാണ് പാതയോരങ്ങളില്‍ തള്ളുന്നത്. പൊതുസ്ഥലത്ത് മാലിന്യംതള്ളുന്നത് ഒഴിവാക്കാനായി ഹരിത സേനാംഗങ്ങള്‍ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യം തരംതിരിച്ച് ശേഖരിക്കുകയാണ് ചെയ്യുന്നത്. തരംതിരിച്ച് നല്‍കാത്തവ സേനാംഗങ്ങള്‍ ശേഖരിക്കില്ല. കര്‍ശന നടപടികള്‍ എടുത്തിട്ടും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് തുടരുന്നതിനാലാണ് പിഴ ശിക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
മാലിന്യം തള്ളുന്നവരെക്കുറിച്ച് വ്യക്തമായ വിവരം നല്‍കുന്നവര്‍ക്ക് 3000 രൂപ പാരിതോഷികവും പഞ്ചായത്ത് നല്‍കുന്നുണ്ട്.