കോഴിക്കോട്. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളില്‍ (BLUE FLAG) ഒന്നായി നമ്മുടെ കാപ്പാട് ബീച്ചിന് വീണ്ടും അംഗീകാരം. ശുചിത്വം, സുരക്ഷ, പരിസ്ഥിതി പരിപാലനം, സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് ബീച്ചുകള്‍ക്ക് ബ്ലൂ ഫ്‌ളാഗ് അംഗീകാരം നല്‍കുന്നത്. ഡെന്മാര്‍ക്ക് ആസ്ഥാനമായ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വിയോണ്‍മെന്റല്‍ എജുക്കേഷനാണ് (FEE) ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഈ അംഗീകാരം കോഴിക്കോട് കാപ്പാട് ബീച്ചിന് ആദ്യം ലഭിച്ചത്. ഇപ്പോള്‍ വീണ്ടും അംഗീകാരത്തിന്റെ നിറവിലാണ് ഈ മനോഹര ബീച്ച്.
ടൂറിസം രംഗത്ത് സുസ്ഥിരതയ്ക്ക് മുന്‍ഗണന നല്‍കുന്ന പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ സര്‍ട്ടിഫിക്കേഷന്റെ ലക്ഷ്യം. തീരത്തെ ശുചിത്വത്തിനും പരിസ്ഥിതിക്കും ഊന്നല്‍ നല്‍കുന്ന 33 കര്‍ശന മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ബീച്ചുകള്‍ക്ക് ബ്ലൂ ഫ്‌ളാഗ് ഇക്കോ ലേബല്‍ എല്ലാ വര്‍ഷവും നല്‍കിവരുന്നത്.
ലോകത്തൊട്ടാകെ നാലായിരത്തിലേറെ ബീച്ചുകള്‍ക്കാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളത്. ഇവയിലേറെയും സ്‌പെയിനിലാണ്. ഇവിടെ 729 ബീച്ചുകള്‍ക്കിത് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 12 ബീച്ചുകള്‍ക്കു മാത്രമാണ് ബ്ലൂ ഫ്‌ളാഗ് ഉള്ളത്. ഒഡീഷയിലെ പുരി ഗോള്‍ഡന്‍ ബീച്ച്, ആന്ധ്രപ്രദേശിലെ റുഷികോണ്ഡ ബീച്ച്, കര്‍ണാടകയിലെ കാസര്‍കോഡ് ബീച്ച്, ഗുജറാത്തിലെ ദ്വാരക ശിവരാജ്പൂര്‍ ബീച്ച്, കേരളത്തിലെ കാപ്പാട്, ആന്തമാന്‍ നിക്കോബാര്‍ ദീവുകളിലെ രാധാനഗര്‍ ബീച്ച്, ദിയുവെ ഘോഖല ബീച്ച്, കര്‍ണാടകയിലെ പഡുബിദ്രി ബീച്ച്, തമിഴ്‌നാട്ടിലെ കോവളം, പുതുച്ചേരിയിലെ ഏദന്‍ ബീച്ച്, ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി കടമത്ത് എന്നിവയ്ക്കാണ് ഈ അംഗീകാരമുള്ളത്.