കൊച്ചി. കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് (Beypore-Kochi-Dubai) യാത്രാ കപ്പല്‍ സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ കപ്പൽ കമ്പനികളെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. ജനുവരി ആദ്യത്തോടെ ടെൻഡറുകൾ ക്ഷണിക്കും. കേരള മാരിടൈം ബോര്‍ഡിനേയും സംസ്ഥാന പ്രവാസി വകുപ്പിനു കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിനേയുമാണ് ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. സർവീസ് നടത്താൻ താൽപര്യമുള്ള സ്വകാര്യ കമ്പനികൾക്കും സർക്കാർ കമ്പനികൾക്കും ടെൻഡറിൽ പങ്കെടുക്കാം. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയും ഈ പദ്ധതിക്കുണ്ട്.
ജനുവരിയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കിയാൽ വൈകാതെ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഏറെ പ്രവാസികളുള്ള മലബാർ മേഖലയിലെ പ്രധാന തുറമുഖമായ ബേപ്പൂരിൽ നിന്ന് സർവീസ് ആരംഭിച്ച് കൊച്ചി വഴി ദുബൈയിലേക്കും തിരിച്ചുമുള്ള സർവീസാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിട്ടിരിക്കുന്നത്. യാത്ര അഞ്ചു ദിവസം വരെ നീളും. 10000 രൂപയാണ് പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്. യാത്രയ്ക്കായി ഒരു കപ്പലിന്റെ ശേഷിയനുസരിച്ച് 1000 മുതൽ 2000 വരെ യാത്രക്കാർക്ക് ഒരു കപ്പലിൽ യാത്ര ചെയ്യാം.
ടൂറിസത്തിനും ഈ കപ്പൽ സർവീസ് ഉത്തേജനമാകും. യാത്രാ കപ്പലുകൾക്കു പുറമെ ഭാവിയിൽ ടൂറിസ്റ്റുകൾക്ക് മാത്രമായുള്ള ക്രൂസ് സർവീസിനും സാധ്യത തെളിയുന്നുണ്ട്. കൊച്ചിയും ദുബൈയും ആഗോള ക്രൂസ് കപ്പലുകൾ എത്തിച്ചേരുന്ന പ്രധാന തീരങ്ങളാണ്. ബേപ്പൂർ തുറമുഖത്തിനും ഇത് പുതിയ വികസ സാധ്യതകളാണ് തുറന്നിടുന്നത്.
കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് വേണമെന്നത് ഏറെ കാലമായി പ്രവാസികളുടെ ആവശ്യമാണ്. ഇതു സംബന്ധിച്ച് ഹൈബി ഈഡന്‍ എം.പി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ആയാണ് കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ലോക്‌സഭയില്‍ കേന്ദ്ര മന്ത്രി അറിയിച്ചത്.
വിമാന യാത്രയേക്കാള്‍ കൂടുതള്‍ യാത്രാ സമയം ഉണ്ടെങ്കിലും വളരെ കുറഞ്ഞ നിരക്കില്‍ ഗള്‍ഫിലേക്കും നാട്ടിലേക്കും യാത്ര ചെയ്യാമെന്നതാണ് കപ്പല്‍ സര്‍വീസിനെ ആകര്‍ഷകമാക്കുന്നത്. കൂടുതല്‍ ബാഗേജ് സൗകര്യവും ലഭിക്കും. സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ നിന്നും കപ്പല്‍ സര്‍വീസ് പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരും.