ബെംഗളൂരു. രാജ്യത്തെ മികച്ച 30 ഹൈ സ്ട്രീറ്റ് ലൊക്കേഷനുകളിൽ ബെംഗളൂരുവിലെ എം ജി റോഡ് ഒന്നാമതെത്തി. പ്രോപ്പർട്ടി കൺസൾട്ടൻസിയായ ‘നൈറ്റ് ഫ്രാങ്ക് ഇന്ത്യ’ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് റീട്ടെയിൽ റിപ്പോർട്ടിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച 30 ഹൈ സ്ട്രീറ്റ് ലൊക്കേഷനുകളിൽ ബെംഗളൂരുവിലെ മഹാത്മാഗാന്ധി റോഡ് (M G Road) ഒന്നാം സ്ഥാനത്തെത്തിയത്. വൻനഗരങ്ങളിലെ പ്രധാന ബിസിനസ് കേന്ദ്രമായ തെരുവുകളെയാണ് ഹൈ സ്ട്രീറ്റ് എന്നു വിശേഷിപ്പിക്കുന്നത്.
“ആഗോള തലത്തിൽ, നഗരങ്ങൾ അറിയപ്പെടുന്നത് അവിടുത്തെ ഹൈ സ്ട്രീറ്റ് ലൊക്കേഷനുകളിലൂടെയാണ്. പലപ്പോഴും ഒരു നഗരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ തെരുവുകളിലെ ബ്രാൻഡുകൾ. ആഗോള പ്ലാറ്റ്‌ഫോമിൽ ഒരു നഗരത്തിന്റെ മൂല്യത്തിന്റെ അളവുകോൽ കൂടിയാണിത്,” നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശിശിർ ബൈജൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ 10 ഹൈ സ്ട്രീറ്റുകളിൽ നാലെണ്ണവും ബെംഗളൂരു നഗരത്തിലാണ്. എം ജി റോഡ് കൂടാതെ ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കൊമേഴ്‌സ്യൽ സ്ട്രീറ്റ് എന്നിവ.
പാർക്കിംഗ്, പൊതുഗതാഗതം, ശരാശരി വ്യാപാര സാന്ദ്രത, സ്റ്റോർ ദൃശ്യപരത, ചെലവിന്റെ ഘടകങ്ങൾ എന്നിങ്ങനെ പ്രധാനമായും അഞ്ച് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നൽകിയിരിക്കുന്നത്. ആധുനിക റീട്ടെയിൽ മേഖലയുടെ 67 ശതമാനം വിഹിതവും 34 ശതമാനം അന്തർദേശീയ പ്രശസ്തമായ ബ്രാൻഡുകളുടെ കേന്ദ്രീകരണവും കൊണ്ട് സമ്പന്നമായതു കൊണ്ടാണ് ഉദ്യാന നഗരത്തിലെ നാലു പ്രധാന തെരുവുകൾ ഹൈ സ്ട്രീറ്റ് ലൊക്കേഷൻ പട്ടികയിലെ ഏറ്റവും ഉയർന്ന സ്ഥാനങ്ങൾ നേടിയത്. ഈ ഹൈ സ്ട്രീറ്റ് ലൊക്കേഷനുകളിലേത് ഉയർന്ന വാടക നിരക്ക് അല്ലെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയിലെ മികച്ച 10 ഹൈ സ്ട്രീറ്റുകൾ:
- ബെംഗളൂരു, എം ജി റോഡ്
- ഹൈദരാബാദ്, സോമാജിഗുഡ
- മുംബൈ, ലിങ്കിംഗ് റോഡ്
- ഡൽഹി, സൗത്ത് എക്സ്റ്റൻ ഭാഗം ക & കക
- കൊൽക്കത്ത, പാർക്ക് സ്ട്രീറ്റ്, കാമാക് സ്ട്രീറ്റ്
- ചെന്നൈ, അണ്ണാനഗർ
- ബെംഗളൂരു, കൊമേഴ്‌സ്യൽ സ്ട്രീറ്റ്
- നോയിഡ, സെക്ടർ 18 മാർക്കറ്റ്
- ബെംഗളൂരു, ബ്രിഗേഡ് റോഡ്
- ബെംഗളൂരു, ചർച്ച് സ്ട്രീറ്റ്