ലോകത്തെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇന്തെനീഷ്യയിലെ ബാലി. എല്ലാ കാലത്തും ലോകമൊട്ടാകെയുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദ്വീപ്. ഇവിടെ ഇനി വിദേശ വിനോദ സഞ്ചാരികള്‍ക്ക് ദീര്‍ഘകാല താമസാനുമതിയുള്ള വീസയും (Golden Visa) വസ്തു സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും. ഈ പുതിയ മാറ്റങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പിലാക്കാനുള്ള തയാറെടുപ്പുകളിലാണ് ഇന്തൊനീഷ്യയിലെ സര്‍ക്കാര്‍.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം താരതമ്യേന കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാവുന്ന ഒരു വിദേശ രാജ്യവും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുമാണിത്. എന്നാല്‍ ഗോള്‍ഡന്‍ വീസ ബജറ്റ് ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ളതല്ല. സമ്പന്നരായ ടൂറിസ്റ്റുകളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. രാജ്യത്ത് കൂടുതല്‍ നിക്ഷേപമിറക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക.
ചുരുങ്ങിയത് അഞ്ച് കോടി യുഎസ് ഡോളര്‍ ഇന്തൊനീഷ്യയില്‍ നിക്ഷേപിക്കുന്ന കമ്പനികള്‍ക്കും ചുരുങ്ങിയത് 3.5 ലക്ഷം യുഎസ് ഡോളര്‍ മൂല്യമുള്ള തുക സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന വ്യക്തികള്‍ക്കുമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക. അഞ്ച് വര്‍ഷത്തേക്കും 10 വര്‍ഷത്തേക്കുമായിരിക്കും ഈ വിസ. മറ്റു വിസകളില്‍ ലഭ്യമല്ലാത്ത ഒട്ടേറെ ആനുകൂല്യങ്ങള്‍ ഗോള്‍ഡന്‍ വിസയില്‍ ലഭിക്കും. വേഗത്തിലുള്ള വിസ നടപടികള്‍, നിരവധി തവണ പ്രവേശന അനുമതി, ഭാവിയില്‍ പൗരത്വ അപേക്ഷകളില്‍ വേഗത്തിലുള്ള നടപടികള്‍ തുടങ്ങിയവയാണ് ഗുണങ്ങള്‍.
ഗോള്‍ഡന്‍ വിസ പദ്ധതി സമ്പന്ന ടൂറിസ്റ്റുകള്‍ക്ക് ഏറെ ആകര്‍ഷകമായ രീതിയിലാണ് നടപ്പിലാക്കുന്നത്. ഇന്തൊനീഷ്യയില്‍ ദീര്‍ഘകാലം തങ്ങാനും കൂടുതല്‍ നിക്ഷേപമിറക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ടൂറിസം, നിക്ഷേപ വകുപ്പുകള്‍ ഇതുസംബന്ധിച്ച ചട്ടങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായ നിയന്ത്രണങ്ങളിലെ മാറ്റങ്ങൾക്കും മറ്റു പരിഷ്‌കരണ നടപടികള്‍ക്കും കുടിയേറ്റ വകുപ്പിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ പദ്ധതി പ്രാബല്യത്തില്‍ വരും.
Also Read ബാലി യാത്ര ചെലവേറുമോ? വിദേശികൾക്ക് ടൂറിസ്റ്റ് ടാക്സ് വരുന്നു
കഴിഞ്ഞ വർഷം സെക്കൻഡ് ഹോം വിസ (Second Home Visa) എന്ന പേരിൽ കുടിയേറ്റ വകുപ്പ് പുതിയൊരു ബാലി വിസ അവതരിപ്പിച്ചിരുന്നു. 1.30 ലക്ഷം ഡോളറിന്റെ ബാങ്ക് ബാലൻസ് ആണ് വിസ ലഭിക്കാനുള്ള യോഗ്യത. ഈ വിസയും പുതുതായി വരുന്ന ഗോൾഡൻ വിസയുടെ സമ്പന്നരായ വിദേശികളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്.